ഹാസ്യ താരമായി സിനിമയിലെത്തി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ ഇന്ദ്രന്‍സിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. തന്നെക്കാള്‍ കൂടുതല്‍ ചെറുകഥകളും നോവലുകളും വായിച്ചിട്ടുള്ള ആളാണ് ഇന്ദ്രന്‍സെന്ന് ജഗദീഷ് പറഞ്ഞു. അതിന്റെ അനുഭവത്തിലാണ് മികച്ച സിനിമകള്‍ തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
ഔപചാരികമായ വിദ്യാഭ്യാസം ഇപ്പോഴാണ് കിട്ടുന്നതെങ്കിലും അറിവിന്റെ കാര്യത്തില്‍ ബിരുദാനന്തര ബിരുദമുള്ളയാണ് ഇന്ദ്രന്‍സെന്നും ജഗദീഷ് പറഞ്ഞു. വിദ്യാഭ്യാസത്തോട് ആഗ്രഹമുണ്ടായിട്ടും സാഹചര്യം കൊണ്ട് അതിനൊന്നും സാധിക്കാതെ പോയ നടനാണ് ഇന്ദ്രന്‍സെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അന്നത്തെ കുടുംബത്തിന്റെ അവസ്ഥ കണ്ട് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെന്നും ജഗദീഷ് പറഞ്ഞു.
പിന്നീട് ജീവിതസാഹചര്യം മെച്ചപ്പെട്ടപ്പോള്‍ അതിന്റെ സുഖലോലുപതയില്‍ മുങ്ങിത്താഴാതെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ ആളാണ് അദ്ദേഹമെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഔപചാരികമായി പഠിക്കാന്‍ പോയതെന്നും അതില്‍ വിജയിച്ചത് വലിയ കാര്യമാണെന്നും ജഗദീഷ് പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘എന്നെക്കാള്‍ കൂടുതല്‍ ചെറുകഥകളും നോവലുകളും വായിച്ചിട്ടുള്ളയാളാണ് ഇന്ദ്രന്‍സ്. എപ്പോഴും പുള്ളിയുടെ കൈയില്‍ ഒരു പുസ്തകം കാണും. അത്രയും വായിച്ചതിന്റെ അറിവിലാണ് എന്നെക്കാള്‍ മുമ്പ് മികച്ച വേഷങ്ങള്‍ അദ്ദേഹത്തിന് തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്. ഔപചാരികമായ വിദ്യാഭ്യാസം ഇപ്പോഴാണ് കിട്ടുന്നതെങ്കിലും അറിവിന്റെ കാര്യത്തില്‍ ബിരുദാനന്തര ബിരുദം അദ്ദേഹത്തിന് ഉണ്ട്.
പഠിക്കാന്‍ മടിയുണ്ടായിട്ട് അത് ഉപേക്ഷിച്ചയാളല്ല ഇന്ദ്രന്‍സ്. അദ്ദേഹത്തിന്റെ ജീവിത സാഹചര്യം അങ്ങനെയായിരുന്നു. അന്ന് കുടുംബത്തിന്റെ അവസ്ഥ കണ്ടിട്ടാണ് അദ്ദേഹം പഠനം ഉപേക്ഷിച്ചത്. പിന്നീട് ജീവിതസാഹചര്യം മെച്ചപ്പെട്ടപ്പോള്‍ അതിന്റെ സുഖലോലുപതയില്‍ മുങ്ങിത്താഴാതെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്ത നടനാണ് ഇന്ദ്രന്‍സ്. അത് വളരെ വലിയൊരു കാര്യമാണ്,’ ജഗദീഷ് പറയുന്നു.