കഴിഞ്ഞ 15 വർഷമായി മലയാളസിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തിൽ തന്നെ മികച്ച സംവിധായകരുടെ സിനിമകളിൽ ആസിഫ് ഭാഗമായിരുന്നു. ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ചിത്രത്തിൽ ജഗദീഷും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മനസിൽ ഒന്നും പുറത്ത് മറ്റൊന്നുമായി നടക്കുന്ന ആളല്ല ആസിഫ് അലി
ആസിഫ് അലിയെ കുറിച്ച് സംസാരിക്കുകയാണ് നടൻ ജഗദീഷ്. ആസിഫ് വളരെ നല്ല വ്യക്തിയാണെന്നും എന്നാൽ അത് ഇടക്കൊക്കെ ആസിഫിന് തന്നെ ബാധ്യതയാണെന്നും ജഗദീഷ് പറയുന്നു. ആളുകൾ ആസിഫിനെ കുറിച്ച് നല്ലത് പറയുമ്പോൾ അയാൾക്ക് ടെൻഷൻ ആണെന്നും ദേഷ്യം തോന്നിയാൽ പോലും ചിരിച്ചുകൊണ്ടിരിക്കാനെ കഴിയൂവെന്നും ജഗദീഷ് പറഞ്ഞു.
ആസിഫ് അനാവശ്യ വിവാദങ്ങളിൽ പോയി ചാടാറില്ലെന്നും താൻ എന്തെങ്കിലും വിഷയത്തിൽ പ്രതികരിക്കുമ്പോൾ ഇത് വിവാദമായേക്കാം എന്ന് ആസിഫ് തന്റെ തോളിൽ തട്ടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലേവേഴ്സ് കോമഡിയിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘ആസിഫ് അലി എന്ന വ്യക്തി ആസിഫിന് ഒരു ബാധ്യതയാണ് ഇപ്പോൾ. ജനങ്ങൾ മുഴുവനും ഇപ്പോൾ ‘എന്തൊരു സ്വീറ്റ് ആയിട്ടുള്ള വ്യക്തിയാണ്, അയാൾ പ്രേക്ഷകരോട് കയർക്കാറില്ല, അയാൾ മാധ്യമങ്ങളോട് ഒരിക്കലും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല, വീട്ടുകാരെ എത്ര നന്നായി നോക്കുന്നു, സമൂഹത്തിന് മാതൃകയാണ് ‘ ഇങ്ങനെയാണ് ആസിഫിനെ കുറിച്ച് പറയുന്നത്.
ഇത് കേൾക്കുമ്പോൾ ആസിഫിന് ടെൻഷൻ ആണ്. ദേഷ്യം തോന്നിയാൽ പോലും ചിരിച്ചുകൊണ്ടിരിക്കനെ കഴിയു. ഒരു അഭിനേതാവിന് വേണ്ട ഗുണങ്ങൾ ഉള്ള വ്യക്തിയാണ് ആസിഫ്. അനാവശ്യ വിവാദങ്ങളിൽ പോയി ചാടില്ല. ഞാൻ എല്ലാം ചില സമയങ്ങളിലെങ്കിലും ഡിപ്ലോമസി വിട്ടിട്ട് ഒരു ബോൾഡ് സ്റ്റേറ്റ്മെൻ്റ് നടത്തുമ്പോൾ ആസിഫ് അലി പറയും ‘ചേട്ടാ ഇതൊക്കെ വിവാദമായേക്കും’ എന്നെന്നെ തോളിൽ തട്ടി പറയുന്ന അത്രയും ഫ്രാങ്കായിട്ടുള്ള ആളാണ്. മനസിൽ ഒന്നും പുറത്ത് മറ്റൊന്നുമായി നടക്കുന്ന ആളല്ല ആസിഫ് അലി,’ ജഗദീഷ് പറയുന്നു.