മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അശോകന്‍. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ പി. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് അശോകന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.
അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ പത്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചിരുന്നു. അഭിനയത്തിന് പുറമെ സംഗീതത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം.
ഇപ്പോള്‍ അശോകനെ കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. അശോകനും ജഗദീഷും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. അശോകന്‍ വളരെ ഡീസെന്റാണെന്നും അങ്ങനെയല്ല എന്നൊക്കെ ആളുകള്‍ പറയുമെങ്കിലും അദ്ദേഹം വളരെ ഡീസെന്റാണെന്നും ജഗദീഷ് പറഞ്ഞു. ഒരു സാധു മനുഷ്യനാണ് അശോകനെന്നും കാവിയുടിപ്പിച്ചാല്‍ സന്യാസിയാകുമെന്നും ജഗദീഷ് തമാശരൂപത്തില്‍ പറഞ്ഞു. മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു രഹസ്യം ഞാന്‍ പറയുകയാണ്, അശോകന്‍ വളരെ ഡീസെന്ററാണ്. ആളുകള്‍ അവന്‍ അങ്ങനെ അല്ല എന്നൊക്കെ പലതും പറയും. പക്ഷെ ഞങ്ങള്‍ പറയുന്നു, അവന്‍ വളരെ ഡീസെന്റാണ് (ചിരി). ആളുകള്‍ക്ക് അങ്ങനെ എന്തൊക്കെ പറയാം. എന്നാല്‍ ഞങ്ങള്‍ക്കറിയാവും അശോകന്‍ ഒരു സാധു മനുഷ്യനാണ്. ഒരു കാവിയൊക്കെ ഇട്ട് മുണ്ടൊക്കെ ഉടുത്താല്‍ ഒരു സന്യാസിയാണ്,’ ജഗദീഷ് പറയുന്നു.
ഭീഷ്മപര്‍വം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ധീരന്‍. രാജേഷ് മാധവന്‍ നായകനാകുന്ന ധീരനില്‍ ജഗദീഷ്, മനോജ് കെ ജയന്‍, ശബരീഷ് വര്‍മ, അശോകന്‍, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.