അശോകനെയും ആ നടിയെയും ചേര്‍ത്ത് വന്ന ഗോസിപ്പുകള്‍; അവരുടെ പ്രണയവാര്‍ത്ത കണ്ട് എനിക്ക് സങ്കടം തോന്നി: ജഗദീഷ്
Entertainment
അശോകനെയും ആ നടിയെയും ചേര്‍ത്ത് വന്ന ഗോസിപ്പുകള്‍; അവരുടെ പ്രണയവാര്‍ത്ത കണ്ട് എനിക്ക് സങ്കടം തോന്നി: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th June 2025, 10:38 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ജഗദീഷ്. കരിയറിന്റെ തുടക്കത്തില്‍ കോമഡി വേഷങ്ങള്‍ മാത്രമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. എന്നാല്‍ ഈയിടെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് ഞെട്ടിക്കുകയാണ് ജഗദീഷ്.

ലീല, റോഷാക്ക് എന്നീ സിനിമകളായിരുന്നു അദ്ദേഹത്തിന്റെ കരിയര്‍ മറ്റൊരു ഫേസിലേക്ക് കൊണ്ടുപോയത്. സിനിമാ മേഖലയില്‍ നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ജഗദീഷ്. അദ്ദേഹത്തിന്റെ സിനിമയില്‍ നിന്നുള്ള അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് അശോകന്‍.

ഇരുവരും ഇന്‍ ഹരിഹര്‍ നഗര്‍ മുതല്‍ നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ധീരന്‍ ആണ് ജഗദീഷും അശോകനും ഒരുമിച്ച് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ അശോകനെ കുറിച്ച് വന്ന ഒരു ഗോസിപ്പിനെ കുറിച്ച് പറയുകയാണ് ജഗദീഷ്.

‘അശോകനെ ഒരുകാലത്ത് മലയാളത്തിലെ ഒരു നടിയുമായി ബന്ധപ്പെടുത്തി ഒരുപാട് ഗോസിപ്പുകള്‍ വന്നിരുന്നു. അശോകന് അത് അറിയാം. അന്ന് ഒരുപാട് ഗോസിപ്പുകളാണ് വന്നത്. തമാശ പറഞ്ഞതല്ല ഞാന്‍, വളരെ സീരിയസായി പറഞ്ഞതാണ്.

ഏത് സിനിമയുടെ സമയത്താണെന്നോ ഏതാണ് ആ സിനിമാ നടിയെന്നോ ഞാന്‍ പറയില്ല. അങ്ങനെ പറയുന്നത് ശരിയല്ലല്ലോ. അവര് ഇപ്പോള്‍ വളരെ നല്ലൊരു കുടുംബ ജീവിതം നയിക്കുകയാണ്. അതുകൊണ്ട് അവരുടെ പേര് പറയുന്നത് ശരിയല്ല.

ആ പ്രണയത്തിന്റെ വാര്‍ത്തകള്‍ കണ്ടിട്ട് എനിക്ക് സങ്കടം തോന്നിയിരുന്നു (ചിരി). കാരണം അശോകന് അങ്ങനെയൊരു പ്രേമം ഇല്ലായിരുന്നു. അത് ഗോസിപ്പായിരുന്നു. അവര് ചെന്നൈയില്‍ വളരെ നല്ലൊരു കുടുംബ ജീവിതവുമായി കഴിയുകയാണ്.

ഇല്ലാത്ത പ്രേമത്തിനെ കുറിച്ചാണ് അന്ന് ഗോസിപ്പ് വന്നത്. ഞാന്‍ അന്ന് അശോകനെ വിളിച്ചിട്ട് ‘എന്ത് ചെയ്യാം അശോകാ. ഇങ്ങനെയൊരു ഗോസിപ്പ് വന്നല്ലോ. ആളുകള്‍ ഇങ്ങനെയൊക്കെയാണ് എഴുതുന്നത്’ എന്ന് പറഞ്ഞു.

‘എന്ത് ചെയ്യാനാണ് ജഗദീഷേ. എനിക്ക് അവളോട് അങ്ങനെയൊന്നുമില്ല. അവള്‍ക്ക് എന്നോടും ഒന്നുമില്ല. പക്ഷെ എന്നിട്ടും ഗോസിപ്പുകള്‍ വരികയാണ്’ എന്നായിരുന്നു അശോകന്റെ മറുപടി. ഞാന്‍ ‘എനിക്ക് സങ്കടം തോന്നുന്നു’വെന്ന് പറഞ്ഞപ്പോള്‍ അശോകന്‍ ‘എനിക്കും’ എന്നാണ് പറഞ്ഞത്. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും കുറേനേരം ഇരുന്ന് കരഞ്ഞു (ചിരി),’ ജഗദീഷ് പറയുന്നു.


Content Highlight: Jagadish Talks About A Gossip Of Ashokan