ആ സിനിമയുടെ കഥ ഇതായിരുന്നില്ല; അവരുടെ കാല് പിടിച്ച് കഥ ഞാൻ മാറ്റി: ജഗദീഷ്
Entertainment
ആ സിനിമയുടെ കഥ ഇതായിരുന്നില്ല; അവരുടെ കാല് പിടിച്ച് കഥ ഞാൻ മാറ്റി: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 20th June 2025, 10:45 pm

ഷാജി കൈലാസ് സംവിധാനം ചെയ്ത് രണ്‍ജി പണിക്കര്‍ രചന നിര്‍വഹിച്ച സിനിമയാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ ജഗദീഷ് ആണ് പ്രധാന വേഷത്തിലെത്തിയത്. കോമഡി വേഷങ്ങളില്‍ മാത്രം സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന ജഗദീഷന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ഈ ചിത്രം. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയത് സുരേഷ് ഗോപിയായിരുന്നു. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്.

സ്ഥലത്തെ പ്രധാന പയ്യന്‍സിന്റെ കഥ ഇതായിരുന്നില്ലെന്നും സിനിമയിലെ പ്രൊഡ്യൂസര്‍ ജഗദീഷിനെ വെച്ചിട്ടൊരു സിനിമ ചെയ്യാന്‍ റെഡിയാണെന്ന് ഷാജി കൈലാസിനോടും രണ്‍ജി പണിക്കരോടും പറഞ്ഞുവെന്നും ജഗദീഷ് പറയുന്നു.

താനവരുടെ കാലുപിടിച്ചിട്ടാണ് തലസ്ഥാനം പോലൊരു സിനിമ തരൂ എന്ന് പറഞ്ഞെന്നും പിന്നീട് അവര്‍ പ്ലാന്‍ ചെയ്തതാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്നും നടൻ പറഞ്ഞു.

തന്നെക്കൊണ്ട് ആമുഖം പറയിപ്പിച്ചിട്ടാണ് രണ്‍ജി പണിക്കര്‍ തന്നെക്കൊണ്ട് നെടുംനീള ഡയലോഗുകള്‍ പറയിപ്പിച്ചിട്ടുള്ളതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. സില്ലിമോങ്ക്‌സ് മലയാളത്തോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

സ്ഥലത്തെ പ്രധാന പയ്യന്‍സിന്റെ കഥ ഇതായിരുന്നില്ല. ജഗദീഷ് ഹീറോ കാലഘട്ടമാണ്. അപ്പോള്‍ ആ സിനിമയിലെ പ്രൊഡ്യൂസര്‍ ജഗദീഷിനെ വെച്ചിട്ടൊരു സിനിമ ചെയ്യാന്‍ റെഡിയാണെന്ന് ഷാജി കൈലാസിനോടും രണ്‍ജി പണിക്കരോടും പറഞ്ഞു. അവര്‍ എന്നോട് വന്നൊരു കഥ പറഞ്ഞു. അമ്മാവന്‍ – മരുമകന്‍ കഥയും കുസൃതികളുമൊക്കെയാണ് കഥ. മരുമകന്‍ ഞാനാണ്.

അപ്പോള്‍ ഞാന്‍ അവരുടെ കാലുപിടിച്ചു. ‘നിങ്ങള്‍ തലസ്ഥാനം പോലൊരു സിനിമ താ പ്ലീസ്’ എന്ന് പറഞ്ഞു. ‘രണ്‍ജി പണിക്കരുടെ ഡയലോഗുകള്‍ എനിക്ക് പറയണം. ഷാജി കൈലാസിന്റെ വിരട്ട് ഷോട്ടുകളൊക്കെ എനിക്ക് വേണം’ എന്നു പറഞ്ഞ് ഞാന്‍ റിക്വസ്റ്റ് ചെയ്തു.

‘നാല് ദിവസം സമയം താ’ എന്നവര്‍ പറഞ്ഞു. എന്നിട്ട് അവര്‍ പ്ലാന്‍ ചെയ്തതാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ്. അപ്പോഴും ‘എന്റെ ശബ്ദത്തിന് ഗാംഭീര്യമില്ലെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും’ എന്ന് ആമുഖമായിട്ട് പറയിപ്പിച്ചിട്ടാണ് രണ്‍ജി പണിക്കര്‍ എന്നെക്കൊണ്ട് നെടുംനീള ഡയലോഗുകള്‍ പറയിപ്പിച്ചിട്ടുള്ളത്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadish Talking about Sthalathe Pradhana Payyans Movie