സ്റ്റേജ് ഷോ കഴിഞ്ഞ് ഓഡിയന്‍സിന്റെ കൂടെ ഫോട്ടോയെടുക്കാന്‍ ചില നടന്മാര്‍ക്ക് താത്പര്യമില്ല; 'ഫോട്ടോ എടുക്കുന്ന ഭ്രാന്ത് തീര്‍ന്നില്ലേ' എന്ന് ചോദിക്കും: ജഗദീഷ്
നാല് പതിറ്റാണ്ടോളമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. നിരവധി സിനിമകളില്‍ നായകനായും സഹനടനായും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ സ്റ്റേജ് ഷോയ്ക്ക് പോയാല്‍ ഷോ കഴിഞ്ഞ് ഓഡിയന്‍സിന്റെ കൂടെ ഫോട്ടോ എടുക്കുന്നതാണ് ഏറ്റവും വലിയ ടാസ്‌ക്കെന്ന് ജഗദീഷ് പറയുന്നു. ചില നടന്മാര്‍ക്ക് അങ്ങനെ ഫോട്ടോ എടുക്കുന്നതിനിയോട് വിയോജിപ്പാണെന്നും എന്നാല്‍ തനിക്ക് അതില്ലെന്നും ജഗദീഷ് പറഞ്ഞു.
ഷോ കാണുന്നതിലും അപ്പുറം താരങ്ങളുടെ കൂടെ ഫോട്ടോ എടുക്കുന്നതിനായിരിക്കും കാണികള്‍ക്ക് താത്പര്യമെന്നും അവര്‍ക്കപ്പോള്‍ നാട്ടില്‍ പോയ ഫീലായിരിക്കും കിട്ടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഇപ്പോള്‍ അമേരിക്കയില്‍ പ്രോഗ്രാമിന് പോയി. സ്റ്റേജ് ഷോ കഴിഞ്ഞാല്‍ ഏറ്റവും വലിയ ടാസ്‌ക് എന്ന് പറയുന്നത് അവിടെ വന്നിരിക്കുന്ന ഓഡിയന്‍സിന്റെ കൂടെ ഫോട്ടോ എടുക്കുക എന്നുള്ളതാണ്. ഞാന്‍ പേര് പറയുന്നില്ല ചില നടന്മാര്‍ക്ക് അതിനോട് വിയോജിപ്പ് ആണ്. എന്റെ അടുത്ത് അവര്‍ ചോദിച്ചിട്ടുണ്ട് ‘നിനക്ക് ഫോട്ടോ എടുക്കുന്ന ഭ്രാന്ത് തീര്‍ന്നില്ലേ’ എന്ന്.
എനിക്ക് ഫോട്ടോ എടുക്കാനുള്ള ഭ്രാന്ത് ഇല്ല. അവര്‍ ആഗ്രഹിക്കുന്നത് ഈ ഷോ കാണുന്നതിലും അപ്പുറം നമ്മളോടൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നതായിരിക്കും. അവര്‍ക്കതൊക്കെ ഭയങ്കര സന്തോഷം ആണ്. നാട്ടില്‍ പോയ ഒരു ഫീലിങ് കിട്ടും. ചിലപ്പോള്‍ ഫോട്ടോ എടുത്ത് ഒരു മണിക്കൂര്‍ കഴിഞ്ഞിട്ട് ആയിരിക്കും ആഹാരം കഴിക്കാന്‍ പറ്റുക. എല്ലാരുമായും ഫോട്ടോ എടുക്കും. നമ്മളെ നമ്മള്‍ ആക്കിയ പ്രേക്ഷകരോട് നമുക്കൊരു ആത്മബന്ധം ഉണ്ട്,’ ജഗദീഷ് പറയുന്നു.