ഇന്ന് പലരും റെഫറൻസിനായി പറയുന്ന ആ ചിത്രം അന്ന് പരാജയപ്പെട്ടതാണ്: ജഗദീഷ്
Entertainment
ഇന്ന് പലരും റെഫറൻസിനായി പറയുന്ന ആ ചിത്രം അന്ന് പരാജയപ്പെട്ടതാണ്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th January 2025, 6:18 pm

നാലുപതിറ്റാണ്ടോളമായി മലയാള സിനിമയോടൊപ്പം സഞ്ചരിക്കുന്ന നടനാണ് ജഗദീഷ്. ഹാസ്യ താരമായി കരിയർ തുടങ്ങിയ അദ്ദേഹം നിരവധി കഥാപാത്രങ്ങളായി പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. ഇന്ന് മികച്ച കഥാപാത്രങ്ങൾ തേടിപിടിച്ച് ചെയ്യുന്ന ഒരു നടനാണ് അദ്ദേഹം. എബ്രഹാം ഓസ്‌ലർ, ഗുരുവായൂരമ്പല നടയിൽ, കിഷികിന്ധാ കാണ്ഡം തുടങ്ങിയ കഴിഞ്ഞ വർഷമിറങ്ങിയ ശ്രദ്ധേയമായ സിനിമകളിലെല്ലാം അദ്ദേഹം ഭാഗമായിട്ടുണ്ട്

ജഗദീഷിന് വലിയൊരു ബ്രേക്ക് ത്രൂ സമ്മാനിച്ച സിനിമയായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത ലീല. ഒരു നെഗറ്റീവ് ഷേഡ് കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ അവതരിപ്പിച്ചത്. ലീല സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ സാമ്പത്തികമായി മികച്ച് നില്‍ക്കുകയോ ചെയ്തില്ല എന്നാണ് അദ്ദേഹം പറയുന്നത്.

പക്ഷെ ചിത്രം ഒ.ടി.ടിയിലും സാറ്റ്‌ലൈറ്റിലും വന്നപ്പോള്‍ വളരെ ഗുണം ചെയ്‌തെന്നും യുവ സംവിധായകരെല്ലാം തന്നോട് റെഫറന്‍സ് പോയന്റായി പറയുന്നത് ഈ സിനിമയെ കുറിച്ചാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ലീല സിനിമയിലെ കഥാപാത്രം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് തന്നെ മമ്മൂട്ടി ചിത്രമായ റോഷാക്കിലേക്ക് വിളിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.

യുവ സംവിധായകരെല്ലാം എന്നോട് റെഫറന്‍സ് പോയന്റായി പറയുന്നത് ലീല എന്ന സിനിമയെ കുറിച്ചാണ്
– ജഗദീഷ്

‘ലീല എന്ന സിനിമ സത്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സാമ്പത്തികമായും മികച്ച് നിന്നില്ല. പക്ഷെ ആ സിനിമ ഒ.ടി.ടിയിലും സാറ്റ്‌ലൈറ്റിലും വന്നപ്പോള്‍ ഞങ്ങള്‍ക്കൊക്കെ വളരെ ഗുണം ചെയ്തു.

യുവ സംവിധായകരെല്ലാം വന്ന് എന്നോട് റെഫറന്‍സ് പോയന്റായി പറയുന്നത് ഈ സിനിമയെ കുറിച്ചാണ്. ചേട്ടാ ലീലയിലെ കഥാപാത്രം ഗംഭീരമായി എന്ന് പറഞ്ഞിട്ടാണ് അവര്‍ സംസാരിച്ച് തുടങ്ങുന്നത്. പിന്നീടാണെങ്കിലും ആ സിനിമ ചെയ്തത് കൊണ്ട് എനിക്ക് ഗുണമുണ്ടായി.

ആ കഥാപാത്രത്തിന് ഒരു വെയിറ്റേജ് വന്നു. ലീല സിനിമയിലെ കഥാപാത്രം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് എന്നെ റോഷാക്കിലേക്ക് വിളിക്കുന്നത്. തുടര്‍ന്നുള്ള സിനിമകളെല്ലാം അങ്ങനെ തന്നെയാണ്. ഇപ്പോള്‍ സ്വഭാവനടന്മാര്‍ക്ക് മുന്നില്‍ ചില ചലഞ്ച് നിലനില്‍ക്കുന്നുണ്ട്. ഒരു കഥാപാത്രം മറ്റൊരു പടത്തില്‍ റിപ്പീറ്റ് ചെയ്യാതിരിക്കുക എന്നതാണ് അത്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadheesh About Leela Movie And His Performance