സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് മോശമായിട്ടുള്ള എന്തെങ്കിലും കാര്യം കണ്ടാല്‍ ആ നടന്‍ മുറിയില്‍ കയറി ഡാന്‍സ് കളിച്ചാണ് ദേഷ്യം തീര്‍ക്കുന്നത്: ജഗദീഷ്
Entertainment
സോഷ്യല്‍ മീഡിയയില്‍ തന്നെക്കുറിച്ച് മോശമായിട്ടുള്ള എന്തെങ്കിലും കാര്യം കണ്ടാല്‍ ആ നടന്‍ മുറിയില്‍ കയറി ഡാന്‍സ് കളിച്ചാണ് ദേഷ്യം തീര്‍ക്കുന്നത്: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 3:55 pm

നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ജഗദീഷ്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടാനും പിന്നീട് നായകവേഷത്തില്‍ തിളങ്ങാനും ജഗദീഷിന് സാധിച്ചു. കോമഡി താരമായി സിനിമയെലത്തിയ അദ്ദേഹം നായകനടനായും ഒരുകാലത്ത് നിറഞ്ഞുനിന്നു. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ജഗദീഷ് തിരിച്ചുവരവില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.

മലയാളത്തിലെ മികച്ച നടന്മാരിലൊരാളായ വിനീതിനെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. സോഷ്യല്‍ മീഡിയയിലോ മറ്റോ തന്നെക്കുറിച്ച് എന്തെങ്കിലും മോശമായത് കണ്ടാല്‍ വിനീത് പ്രതികരിക്കുന്ന രീതി വ്യത്യസ്തമാണെന്ന് ജഗദീഷ് തമാശരൂപത്തില്‍ പറഞ്ഞു. മുറിയില്‍ പോയി കതകടച്ച് ഒരുപാട് നേരം ഡാന്‍സ് ചെയ്യുമെന്നും വിയര്‍ത്ത് കുളിച്ച് പുറത്തിറങ്ങുമ്പോള്‍ ദേഷ്യം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിനീത് അയാളുടെ ദേഷ്യം മാറ്റുന്ന രീതി വ്യത്യസ്തമാണ്. സോഷ്യല്‍ മീഡിയയില്‍ പുള്ളിയെ ആരെങ്കിലും കളിയാക്കിയാലോ ട്രോളിയാലോ അതിലൊന്നും ആ സമയത്ത് ദേഷ്യം കാണിക്കില്ല. സഹിക്കാന്‍ പറ്റാതാകുമ്പോള്‍ നേരെ റൂമില്‍ പോയി കതകടച്ച് കുറ്റിയിട്ട് ഡാന്‍സ് ചെയ്യും. കുറെ നേരം ഡാന്‍സ് ചെയ്ത് വിയര്‍ത്ത് കുളിച്ച് പുറത്തിറങ്ങുമ്പോള്‍ ദേഷ്യം മാറും. വീണ്ടും ഫോണ്‍ നോക്കും. ഇങ്ങനെയാണ് വിനീത് ദേഷ്യം മാറ്റുന്നത്,’ ജഗദീഷ് പറയുന്നു.

എന്നാല്‍ തനിക്ക് അങ്ങനെ ദേഷ്യം തോന്നില്ലെന്നും അത്തരം ട്രോളുകള്‍ അതിന്റേതായ സെന്‍സിലാണ് താന്‍ എടുക്കാറുള്ളതെന്നും വിനീത് മറുപടി നല്‍കി. തമാശയെ തമാശയായി കാണാന്‍ തനിക്ക് സാധിക്കുമെന്നും അതില്‍ ദേഷ്യം തോന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ട്രോളുകള്‍ വളരെ ക്രിയേറ്റീവായിട്ടുള്ളതാണെന്നും വിനീത് പറയുന്നു.

‘ഞാന്‍ അങ്ങനെ ട്രോളൊന്നും കണ്ട് ഓഫന്‍ഡഡാകില്ല. അതിനെയൊക്കെ ആ ഒരു സെന്‍സിലേ ഞാന്‍ എടുക്കാറുള്ളൂ. തമാശയെ തമാശയായി കാണാന്‍ എനിക്ക് സാധിക്കും. അതില്‍ ദേഷ്യമൊന്നും തോന്നാറില്ല. ചില ട്രോളൊക്കെ ഞാന്‍ ഭയങ്കരമായി എന്‍ജോയ് ചെയ്യാറുണ്ട്, നല്ല ക്രിയേറ്റീവായിട്ടുള്ള സാധനങ്ങള്‍ കാണാറുണ്ട്,’ വിനീത് പറഞ്ഞു.

വിനീതും ജഗദീഷും ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. ഭീഷ്മപര്‍വത്തിന്റെ തിരക്കഥാകൃത്ത് ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജേഷ് മാധവനാണ് നായകന്‍. മനോജ് കെ. ജയന്‍, സുധീഷ്, ശബരീഷ് വര്‍മ, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവും ചിത്രത്തില്‍ അണിനിരക്കുന്നു. ജൂലൈ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Jagadeesh saying Vineeth will dance for lose his angry