നാല് പതിറ്റാണ്ടോളമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ജഗദീഷ്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ കരിയര്‍ ആരംഭിച്ചത്. നിരവധി സിനിമകളില്‍ നായകനായും സഹനടനായും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.
പഴയകാല സിനിമകളെയും തിരക്കഥാകൃത്തുകളെയും കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. സ്‌ക്രിപ്റ്റ് മുഴുവന്‍ പൂര്‍ത്തിയായ ശേഷം മാത്രം ഷൂട്ട് തുടങ്ങുന്ന രീതിയാണ് ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ പണ്ടുള്ള തിരക്കഥാകൃത്തുകള്‍ പലരും ഇങ്ങനെ അല്ലായിരുന്നെന്നും ഷൂട്ട് തീരുന്നതിനനുസരിച്ച് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയാണ് അവരുടെ രീതിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസനും ലോഹിതദാസും അത്തരത്തിലുള്ളവരാണെന്നും എന്നാല്‍ രണ്ട് പേരുടെയും രീതികള്‍ വ്യത്യസ്തമാണെന്നും ജഗദീഷ് പറയുന്നു. ലോഹിതദാസിന്റെ സ്‌ക്രിപ്റ്റ് ഷൂട്ട് തീരുന്നതിനനുസരിച്ചാണ് കംപ്ലീറ്റാകാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയുടെ ക്ലൈമാക്‌സ് എന്താണെന്ന് അറിയാതെയാണ് ഷൂട്ട് അവസാനിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഷൂട്ടിനനുസരിച്ച് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുന്നവരായിരുന്നു പഴയകാലത്തെ തിരക്കഥാകൃത്തുകള്‍. ശ്രീനിവാസനും ലോഹിതദാസുമാണ് ഇതില്‍ പ്രധാനികള്‍. പക്ഷേ, രണ്ടുപേരുടെയും രീതി വേറെയാണ്. ശ്രീനിയുടെ മനസില്‍ കഥയുടെ പൂര്‍ണരൂപമുണ്ടാകും. അതിനനുസരിച്ച് ഒന്ന് മുതല്‍ 100 വരെയുള്ള സീന്‍ നമ്പറിട്ടിട്ട് ആ സിനോപ്‌സിസ് സൂചിപ്പിച്ച് വെക്കും. അതിനനുസരിച്ചാണ് സ്‌ക്രിപ്റ്റ് എഴുതിയതും ഷൂട്ട് ചെയ്തതും.
പക്ഷേ, ലോഹിതദാസിന്റെ മനസില്‍ കഥയുടെ ഐഡിയ മാത്രമേയുണ്ടാകുള്ളൂ. ആ കഥ ലോഹിയെ കൊണ്ടുപോകുന്നതിനനുസരിച്ചാണ് അയാള്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാറുള്ളത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹിസ് ഹൈനസ് അബ്ദുള്ള. ആ സിനിമയുടെ ഷൂട്ടിന്റെ സമയത്ത് ആര്‍ക്കും അതിന്റെ ക്ലൈമാക്‌സ് അറിയില്ലായിരുന്നു. സംവിധായകന്‍ സിബി മലയിലിന് പോലും ക്ലൈമാക്‌സിനെക്കുറിച്ച് യാതൊരു ധാരണയുമില്ലായിരുന്നു,’ ജഗദീഷ് പറഞ്ഞു.
മോഹന്‍ലാല്‍, നെടുമുടി വേണു, ഗൗതമി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹിസ് ഹൈനസ് അബ്ദുള്ള. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് നെടുമുടി വേണുവിനെ തേടിയെത്തിയിരുന്നു. മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാര്‍ഡ് എം.ജി. ശ്രീകുമാറിനും ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ ലഭിച്ചു.
Content Highlight: Jagadeesh saying Sibi Malayil didn’t know the climax of His Highness Abdullah movie during its shoot