മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുമ്പ് പാടുന്ന പാട്ടാണോ ഇതെന്ന് ചോദിച്ച് അന്നത്തെ ആ പാട്ടിന് എന്റെ അധ്യാപകന്‍ വഴക്കുപറഞ്ഞു: ജഗദീഷ്
Entertainment
മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുമ്പ് പാടുന്ന പാട്ടാണോ ഇതെന്ന് ചോദിച്ച് അന്നത്തെ ആ പാട്ടിന് എന്റെ അധ്യാപകന്‍ വഴക്കുപറഞ്ഞു: ജഗദീഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 8th March 2025, 9:21 pm

1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.

സംഗീതത്തോട് വലിയ ഇഷ്ടമുള്ളയാളാണ് താനെന്ന് ജഗദീഷ് പറഞ്ഞിട്ടുണ്ട്. ചാനല്‍ റിയാലിറ്റി ഷോയില്‍ ജഡ്ജായി ഇരുന്നപ്പോള്‍ ഒരുപാട് പാട്ടുകള്‍ ജഗദീഷ് നേരിട്ടിട്ടുണ്ട്. സ്‌കൂള്‍ കാലം മുതല്‍ക്കേ പാട്ടിനോട് ഇഷ്ടമുണ്ടായിരുന്നെന്നും ഒരുപാട് മത്സരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും ജഗദീഷ് പറഞ്ഞു.

ലളിതഗാനത്തിനൊക്കെ പേര് കൊടുത്തിട്ട് പാടുമായിരുന്നെന്നും ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പാട്ട് പാടിയതിന് തന്നെ അധ്യാപകന്‍ വഴക്കുപറഞ്ഞിട്ടുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.അന്നത്തെ തന്റെ പ്രായത്തിന് ചേരാത്ത പാട്ടാണ് അതെന്ന് പറഞ്ഞാണ് അധ്യാപകന്‍ തന്നെ ശാസിച്ചതെന്ന് ജഗദീഷ് പറഞ്ഞു.

തന്റെ പാട്ടുകള്‍ക്ക് ഒരിക്കലും സമ്മാനം തരാത്ത ജഡ്ജസിനോട് വലിയ ബഹുമാനമുണ്ടെന്നും മറ്റ് ഇനങ്ങളില്‍ തനിക്ക് സമ്മാനം ലഭിച്ചിട്ടുണ്ടായിരുന്നെന്നും ജഗദീഷ് പറഞ്ഞു. റിയാലിറ്റി ഷോയിലെ പാട്ടുകള്‍ക്ക് ലഭിച്ച ട്രോളുകള്‍ ഒരിക്കലും തന്നെ തളര്‍ത്തിയില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

ആദ്യമൊക്കെ തന്റെ പാട്ട് കേട്ട് രജിനികാന്ത് നാടുവിട്ടുപോകുന്ന തരത്തിലുള്ള ട്രോളുകള്‍ വരുമായിരുന്നെന്നും അതിലെല്ലാം ട്രോളാനുള്ള വകുപ്പ് ഉണ്ടായിരുന്നെന്നും ജഗദീഷ് പറഞ്ഞു. ട്രോളില്‍ ഒരു കലയുള്ളതുകൊണ്ടാണ് അതെല്ലാം ഹിറ്റായതെന്നും ജഗദീഷ് പറയുന്നു. പിന്നീട് തന്റെ പാട്ട് മെച്ചപ്പെട്ടപ്പോള്‍ അത്തരം ട്രോളുകള്‍ അവസാനിച്ചതെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ട് പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. എല്ലാ മത്സരങ്ങള്‍ക്കും പേര് കൊടുക്കുന്നതുപോലെ ലളിതഗാനത്തിനും പേര് കൊടുത്തു. ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ‘നിത്യകാമുകി ഞാന്‍ നിന്‍ മടിയിലെ’ എന്ന് തുടങ്ങുന്ന പാട്ട് പാടി. ‘മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുമ്പ് പാടേണ്ട പാട്ടാണോ ഇത്’ എന്ന് ചോദിച്ച് എന്റെ അധ്യാപകന്‍ വഴക്കുപറഞ്ഞു.

ലളിതഗാനത്തിന് എനിക്ക് സമ്മാനം തരാത്ത ജഡ്ജസിനോട് എനിക്ക് ബഹുമാനമുണ്ട്. റിയാലിറ്റി ഷോയില്‍ പാടിയതിനൊക്കെ കിട്ടിയ ട്രോള്‍ കണ്ടിട്ടുണ്ട്. ട്രോളില്‍ ഒരു കലയുള്ളതുകൊണ്ടാണല്ലോ അതെല്ലാം ഹിറ്റാകുന്നത്. ഞാന്‍ പാടുന്നത് കേട്ടിട്ട് രജിനികാന്ത് നാടുവിട്ടുപോകുന്ന ട്രോളൊക്കെ വന്നിട്ടുണ്ട്. പിന്നീട് എന്റെ പാട്ട് മെച്ചപ്പെട്ട് വന്നപ്പോള്‍ അത്തരം ട്രോളുകള്‍ ഇല്ലാതായി. എന്റെ സ്വരം നന്നായെന്ന് എം.ജി. രാധാകൃഷ്ണന്റെ സഹോദരി പറഞ്ഞിട്ടുണ്ട്. എനിക്ക് അതൊക്കെ വലിയ കോംപ്ലിമെന്റാണ്,’ ജഗദീഷ് പറയുന്നു.

Content Highlight: Jagadeesh about the trolls he got for his songs