1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലമായി കാണാന്‍ സാധിക്കുന്നത്.
എമ്പുരാന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിന് പിന്നാലെ നിര്‍മാതാവിനെയും സംവിധായകനെയും ഇ.ഡി ചോദ്യം ചെയ്തതിനെക്കുറിച്ചും സംസാരിക്കുകയാണ് ജഗദീഷ്. ഇ.ഡിയെയും ഇന്‍കം ടാക്‌സിനെയും ഒരിക്കലും കളിയാക്കാന്‍ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് ജഗദീഷ് പറഞ്ഞു. താന്‍ ഒരിക്കലും അവരെ കളിയാക്കില്ലെന്നും ആസിഫ് അലി വേണമെങ്കില്‍ കളിയാക്കിക്കോട്ടെയെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ ആസിഫിന്റെയടുത്ത് റെയ്ഡിന് പൊയ്‌ക്കോളുമെന്നും ജഗദീഷ് തമാശരൂപേണ പറഞ്ഞു. ഇന്‍കം ടാക്‌സിനെയും ഇ.ഡിയെയും കളിയാക്കാന്‍ പാടില്ലെന്ന് താന്‍ പറയുമെങ്കിലും ഇ.ഡി. ഓഫീസറുടെ വേഷം കിട്ടിയാല്‍ താനത് ചെയ്യുമെന്നും ജഗദീഷ് പറഞ്ഞു. ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇ.ഡിയോട് തന്നെ ഇക്കാര്യം പോയി ചോദിക്കേണ്ടി വരുമെന്നും ജഗദീഷ് പറഞ്ഞു.
എമ്പുരാന്റെ വിവാദത്തിന്റെ ഭാഗമായിട്ടാണോ റെയ്ഡ് നടത്തിയതെന്ന് ചോദിച്ചാല്‍ അവര്‍ തങ്ങളെ വല്ലാത്തൊരു നോട്ടം നോക്കിയിട്ട് അടുത്ത റെയ്ഡ് നമ്മുടെ വീട്ടിലാക്കാന്‍ തീരുമാനിക്കുമെന്നും അതുകൊണ്ട് അവരെ താന്‍ കളിയാക്കില്ലെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര കുറ്റവാളിയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.
‘ഇ.ഡി, ഇന്‍കം ടാക്‌സ് എന്നീ ഡിപ്പാര്‍ട്‌മെന്റിനെയൊന്നും കളിയാക്കാന്‍ പാടില്ല. വലിയ വലിയ ജോലികളാണ് അവര്‍ ചെയ്യുന്നത്. വേണമെങ്കില്‍ ആസിഫ് അലി അവരെ കളിയാക്കിക്കോട്ടെ. അതാകുമ്പോള്‍ അവന്റെ വീട്ടിലേക്ക് റെയ്ഡിന് പൊയ്‌ക്കോളും. ഞാന്‍ രക്ഷപ്പെടുമല്ലോ. പക്ഷേ, ഇ.ഡി. ഓഫീസറുടെ വേഷം കിട്ടിയാല്‍ ഞാന്‍ ചെയ്യും.
എമ്പുരാന്റെ വിവാദവും അതിന് പിന്നാലെ വന്ന റെയ്ഡും തമ്മില്‍ ബന്ധമുണ്ടോയെന്ന് സംശയമുള്ളവര്‍ അവരോട് തന്നെ പോയി ചോദിക്കണം. ഉദാഹരണത്തിന് ഇപ്പോള്‍ ഒരു മീഡിയ ഇ.ഡിയുടെ അടുത്ത് പോയിട്ട് ‘സാറേ, എമ്പുരാന്റെ വിവാദവും ഈ റെയ്ഡും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ’ എന്ന് ചോദിച്ചെന്ന് വെക്കുക. അവര്‍ നമ്മളെ അടിമുടി നോക്കിയിട്ട് ‘അടുത്ത റെയ്ഡ് ഇവന്റെ വീട്ടിലേക്ക് വിട്ടോ’ എന്ന് പറയും. അതൊക്കെ കൊണ്ടാണ് ഞാന്‍ ഇ.ഡിയെ ഒന്നും കളിയാക്കില്ലെന്ന് പറയുന്നത്,’ ജഗദീഷ് പറയുന്നു.