ഒറ്റയ്ക്ക് പൊരുതി ബെഥേല്‍; അവസാന അങ്കത്തില്‍ കങ്കാരുക്കളെ തളയ്ക്കാന്‍ ഇതൊന്നും പോര!
Sports News
ഒറ്റയ്ക്ക് പൊരുതി ബെഥേല്‍; അവസാന അങ്കത്തില്‍ കങ്കാരുക്കളെ തളയ്ക്കാന്‍ ഇതൊന്നും പോര!
ശ്രീരാഗ് പാറക്കല്‍
Wednesday, 7th January 2026, 2:08 pm

ആഷസ് ട്രോഫിയിലെ അവസാന മത്സരം സിഡ്നിയില്‍ നടക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 384 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 567 റണ്‍സിനും പുറത്തായി. നിലവില്‍ മത്സരത്തിന്റെ നാലാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സാണ് നേടിയത്. നിലവില്‍ 119 റണ്‍സിന്റെ ലീഡ് നേടാനാണ് ത്രീ ലയണ്‍സിന് സാധിച്ചു.

ഇംഗ്ലണ്ടിന് വേണ്ടി പോരാടുന്നത് മൂന്നാമനായി ഇറങ്ങിയ ജേക്കബ് ബെഥേലാണ്. 232 പന്തില്‍ നിന്ന് 142 റണ്‍സ് നേടിയാണ് താരം മിന്നും പ്രകടനം നടത്തുന്നത്. 15 ഫോറുകളാണ് താരത്തിന്റെ ഇന്നിങ്‌സില്‍ നിന്ന് പിറന്നത്. ഇതോടെ സിഡ്‌നിയില്‍ തന്റെ കന്നി സെഞ്ച്വറി നേടാനും ഈ 22കാരന് സാധിച്ചു.

മറ്റ് ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടപ്പോള്‍ അഭിമാന വിജയത്തിനായി ഇംഗ്ലണ്ടിനെ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ടുപോകുകയാണ് താരം. റണ്‍സ് ഒന്നും നേടാതെ മാത്യു പോട്‌സാണ് ജേക്കബിനൊപ്പമുള്ളത്. മാത്രമല്ല മത്സരത്തിലെ അവസാന ദിനമായ നാളെ (ജനുവരി എട്ട്) വിക്കറ്റ് നഷ്ടപ്പെടുത്താതെ ലീഡ് ഉയര്‍ത്തിയാല്‍ മാത്രമേ ഓസീസിനെ പ്രതിരോധിക്കാന്‍ സാധിക്കൂ.

ജോക്കബ് ബഥേല്- Photo: Sportskeeda/x.com

താരത്തിന് പുറമെ രണ്ടാം ഇന്നിങ്സില്‍ ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കും 42 റണ്‍സ് നേടി പുറത്തായിരുന്നു. സാക്ക് ക്രോളി ഒരു റണ്‍സിന് മടങ്ങിയപ്പോള്‍ വില്‍ ജാക്സ് പൂജ്യം റണ്‍സിനും കളം വിട്ടു. ജെയ്മി സ്മിത് 26 റണ്‍സിനാണ് കൂടാരം കയറിയത്.

ഓസീസിന് വേണ്ടി നിലവില്‍ ബ്യൂ വെബ്സ്റ്റര്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, മൈക്കല്‍ നസെര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമാണ് വീഴ്ത്തിയത്. സ്‌കോട്ട് ബോളണ്ട് രണ്ട് വിക്കറ്റും സ്വന്തമാക്കി.

അതേസമയം രണ്ടാം ഇന്നിങ്സില്‍ ട്രാവിസ് ഹെഡ്ഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും കരുത്തിലാണ് ഓസ്ട്രേലിയ സ്‌കോര്‍ ഉയര്‍ത്തിയത്. 166 പന്തില്‍ 163 റണ്‍സാണ് ട്രാവിസ് ഹെഡ് അടിച്ചെടുത്തത്. 24 ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് ഹെഡ്ഡിന്റെ ഇന്നിങ്സ്. സ്മിത് 220 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 138 റണ്‍സും നേടി.

മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ബ്രൈഡന്‍ കാഴ്സും ജോഷ് ടങ്ങും ഇംഗ്ലണ്ടിന് വേണ്ടി ബൗളിങ്ങില്‍ തിളങ്ങി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് രണ്ട് വിക്കറ്റും നേടി.

Content Highlight: Jacob Bethell fought alone for England in the final match of the Ashes Trophy

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ