ലിവോര്‍ണോ: ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇസ്രഈലി കപ്പലിന് സേവനങ്ങള്‍ നിരസിച്ച് തിരികെ അയച്ച് ഇറ്റലിയിലെ ലിവോര്‍ണോ തുറമുഖത്തെ തൊഴിലാളികള്‍. സിം വിര്‍ജീനിയ (ZIM Virgina)എന്ന ഇസ്രഈലി കണ്ടെയ്‌നര്‍ കപ്പലാണ് ഇറ്റലിയിലെ തുറമുഖത്തെത്തിയിട്ടും ചരക്കുകള്‍ ഇറക്കാനോ കയറ്റാനോ സാധിക്കാതെ തുറമുഖം വിട്ടത്. സിം വിര്‍ജീനിയ കപ്പല്‍ തീരത്തെത്തിയിട്ടും കപ്പലിന് ആവശ്യമായ സേവനങ്ങള്‍ നല്‍കില്ലെന്ന് തുറമുഖത്തെ തൊഴിലാളികള്‍ നിലപാടെടുക്കുകയായിരുന്നു.
ചെറുതും വലുതുമായ എല്ലാ ഡോക്ക് തൊഴിലാളി ഗ്രൂപ്പുകളും ഒന്നിച്ചാണ് ഇസ്രഈല്‍ കപ്പലിന് സേവനം നല്‍കില്ലെന്ന തീരുമാനമെടുത്തത്.
ഇതോടെയാണ് അഞ്ച് ദിവസം കാത്തിരുന്നതിന് ശേഷം സിം വിര്‍ജീനിയ ലിവോര്‍ണോ തുറമുഖം വിട്ടത്. സ്‌പെയ്‌നിലെ ബാഴ്‌സലോണയിലേക്കാണ് കപ്പല്‍ യാത്ര തിരിച്ചിരിക്കുന്നത്. ലിവോര്‍ണയിലേക്ക് സിം ഇംപീരിയ എന്ന ഇസ്രഈലി കപ്പല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ കപ്പലിനെ ബഹിഷ്‌കരിക്കുമെന്ന് തൊഴിലാളികള്‍അറിയിച്ചിട്ടുണ്ട്. നേരത്തെ സിം ന്യൂസിലാന്‍ഡ് എന്ന കപ്പല്‍ ഇസ്രഈലിലേക്ക് ചരക്ക് കൊണ്ടുപോവുകയാണെന്ന സംശയത്തെ തുടര്‍ന്ന് തൊഴിലാളികള്‍ സേവനങ്ങള്‍ നല്‍കാതെ തിരിച്ചയച്ചിരുന്നു.
അതേസമയം, തുറമുഖത്തെയും പ്രദേശത്തെയും തൊഴിലാളികള്‍ കപ്പലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിനാല്‍ താത്കാലികമായി ലിവോര്‍ണോയിലേക്കുള്ള എല്ലാ യാത്രകളും മാറ്റിവെക്കുകയാണെന്ന് സിം വിര്‍ജീനിയയുടെ ഉടമകളായ സിം ഇന്റര്‍ഗ്രേറ്റഡ് ഷിപ്പിങ് സര്‍വീസസ് അറിയിച്ചു.
ഇറ്റലിയിലെ മാരിടൈം മാധ്യമങ്ങള്‍ തൊഴിലാളി യൂണിയനുകളുടെ വ്യാവസായിക, രാഷ്ട്രീയ നിലപാടെന്നാണ് വിശേഷിപ്പിച്ചത്. കയറ്റിറക്കുമതി സേവനങ്ങളുള്‍പ്പെടെയുള്ളവ നല്‍കില്ലെന്ന് തുറമുഖ തൊഴിലാളികള്‍ തീരുമാനിച്ചത് സുപ്രധാന നീക്കമായിരുന്നെന്ന് തൊഴിലാളി യൂണിയനായ സി.ജെ.ഐ.എല്‍ ലിവോര്‍ണോയുടെ സെക്രട്ടറി ജനറല്‍ ജിയാന്‍ ഫ്രാങ്കോ ഫ്രാന്‍സെസ് പറഞ്ഞു.
ഗസയിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് ഇറ്റാലിയന്‍ തുറമുഖത്ത് മാത്രമല്ല രാജ്യമൊട്ടാകെ പണിമുടക്കും പ്രതിഷേധ സമരങ്ങളും അരങ്ങേറുകയാണ്. ഗസയിലേക്കുള്ള മാനുഷിക സഹായങ്ങളുമായി പുറപ്പെട്ട ഗ്ലോബല്‍ സുമുദ് ഫ്‌ളോട്ടില്ലയിലെ ചെറുകപ്പലുകളെ തടയുകയും യാത്രക്കാരായ ആക്ടിവിസ്റ്റുകളെ തടയുകയും ചെയ്ത നടപടിക്കെതിരെയാണ് ഇറ്റലിയിലെ ജനത പണിമുടക്ക് പ്രഖ്യാപിച്ചത്.
നേരത്തെ തന്നെ ജെനോവ തുറമുഖം ഉള്‍പ്പടെയുള്ള നിരവധി തുറമുഖങ്ങള്‍ ഇസ്രഈലിലേക്കുള്ള ചരക്കുകള്‍ കയറ്റാനോ കപ്പലില്‍ നിന്നും ഇറക്കാനോ തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു.
എന്നാല്‍ തീവ്ര വലത്പക്ഷ നേതാവും പ്രധാനമന്ത്രിയുമായ ജോര്‍ജിയ മെലോണി തൊഴിലാളികളുടെ പണിമുടക്കിനെയും പ്രതിഷേധ റാലികളെയും അപലപിച്ചു. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തെരുവിലിറങ്ങുന്നത് വിപരീതഫലം ചെയ്യുമെന്ന് മെലോണി പ്രതികരിച്ചു.
തൊഴിലാളി യൂണിയനുകള്‍ സമരം ചെയ്യുന്നതിനെ തടയുന്നത് നല്ലതല്ലെന്നും സ്ഥാപന മേധാവികള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും ഇറ്റലിയുടെ ഗതാഗത മന്ത്രി മാറ്റിയോ സാല്‍വിനി പ്രതികരിച്ചു. പണിമുടക്കുന്ന തൊഴിലാളികളുമായി സംഘര്‍ഷത്തിലേര്‍പ്പെടാതെ സമാധാനത്തോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനം തുടരാനാണ് ഉദ്യോഗസ്ഥരുടെ നീക്കം.
അതേസമയം, ലിവോര്‍ണോയിലെ പ്രതിഷേധങ്ങള്‍ ജൂതവിരുദ്ധ വികാരത്തെ ആളിക്കത്തിക്കുമെന്ന ആശങ്കയുണ്ടെന്ന് യൂറോപ്യന്‍ ജൂത അസോസിയേഷന്‍ പ്രതികരിച്ചു.
Content Highlight: Italian workers block Israeli ship ZIM Virginia; leave port after five days