ക്ഷേത്രത്തിലെ പാട്ടിനെതിരെ മുദ്രാവാക്യം വിളിച്ചത് ലീഗല്ല, കോണ്‍ഗ്രസ്; വ്യക്തിപരമായ പ്രശ്‌നം:ക്ഷേത്ര കമ്മിറ്റി
Kerala
ക്ഷേത്രത്തിലെ പാട്ടിനെതിരെ മുദ്രാവാക്യം വിളിച്ചത് ലീഗല്ല, കോണ്‍ഗ്രസ്; വ്യക്തിപരമായ പ്രശ്‌നം:ക്ഷേത്ര കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th December 2025, 3:55 pm

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്ലാദ പ്രകടനത്തിനിടെ മലപ്പുറം എടവണ്ണ കൊളപ്പാട് ക്ഷേത്രത്തിലെ പാട്ടിനെതിരെ മുദ്രാവാക്യം വിളിക്കുന്ന മുസ്‌ലിം ലീഗുകാരെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് പ്രതികരിച്ച് ക്ഷേത്രകമ്മിറ്റി.

മുദ്രാവാക്യം വിളിച്ചത് ലീഗുകാരാണെന്ന പ്രചാരണം വ്യാജമാണെന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ബിജു ഗോപിനാഥ് പറഞ്ഞു.

മുദ്രാവാക്യം വിളിച്ചത് ലീഗുകാരല്ല, കോണ്‍ഗ്രസുകാരാണ്. ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന നമ്പൂതിരിയുമായുള്ള തര്‍ക്കമാണ് മുദ്രാവാക്യം മുഴക്കിയതിന് പിന്നിലെന്ന് ബിജു ഗോപിനാഥ് പറഞ്ഞതായി മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

സമീപവാസിയായ ജയന്‍ നമ്പൂതിരിയുമായുള്ള വ്യക്തിപരമായ പ്രശ്‌നമാണ് മുദ്രാവാക്യം വിളിക്ക് ആധാരമായതെന്നും അദ്ദേഹം വിശദീകരിച്ചു.

മുദ്രാവാക്യം വിളിച്ചത് മുസ്‌ലിം ലീഗുകാരല്ല, മുസ്‌ലിങ്ങളുമല്ലെന്ന് ക്ഷേത്രത്തിലെ പാട്ടിനെതിരെ പരാതി നല്‍കിയ ജയന്‍ നമ്പൂതിരിയും പ്രതികരിച്ചു. ക്ഷേത്രത്തിന് മുന്നിലല്ല മുദ്രാവാക്യം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംഭവത്തെ വര്‍ഗീയ പ്രചാരണത്തിനുപയോഗിച്ചത് പ്രദേശത്തെ ബി.ജെ.പി-സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സി.എ കരീം ആരോപിച്ചു.

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുഴക്കിയ മുദ്രാവാക്യങ്ങളാണ് വിവാദമായത്. ഇതിന്റെ വീഡിയോ പങ്കുവെച്ച് സംഘപരിവാര്‍ ഗ്രൂപ്പുകള്‍, മുസ്‌ലിം ലീഗുകാര്‍ ക്ഷേത്രത്തിലെ പാട്ടിനെതിരെ മുദ്രാവാക്യം വിളിക്കുന്നെന്ന തരത്തില്‍ പ്രചാരണം നടത്തിയിരുന്നു.

Content Highlight: It was not the Muslim League, but the Congress that raised slogans against the song in the temple: Temple committee