തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ നാഷണല്‍ ഹൈവേ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതികരണവുമായി മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
മന്ത്രി മുഹമ്മദ് റിയാസിനെ നിര്‍ബന്ധമായും വിളിക്കേണ്ടതായിരുന്നുവെന്നും വിളിക്കാതെ ഉദ്ഘാടനം നടത്തുന്നതൊക്കെ വെറും ചീപ്പാണന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘വിളിക്കാതെ ഉദ്ഘാടനം നടത്തുന്നതിനെ ഉപയോഗിക്കാവുന്നൊരു പദം ചീപ്പാണെന്നതാണ്. വിളിക്കേണ്ടത് മര്യാദയായിരുന്നു,’ അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ കൂടി വിളിക്കേണ്ടതായിരുന്നുവെന്നും യു.ഡി.എഫ് കാലത്തെ പദ്ധതികളുടെ ഉദ്ഘാടനങ്ങളിലൊക്കെ അങ്ങനെയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ ഒഴിവാക്കിയിരുന്നു. ഇന്ന് കൊച്ചിയില്‍ നടക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്.
സംസ്ഥാനത്തെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കുന്നത് പൊതുമരാമത്ത് വകുപ്പാണ്. പദ്ധതിക്കായി 5500 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത്.
പൊതു തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായുളള രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു.
ഇതോടെ മുഖ്യമന്ത്രിയും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്ഷണം ലഭിച്ചിട്ടുള്ള മന്ത്രിഎം.ബി രാജേഷ് അടക്കമുളള മറ്റ് മന്ത്രിമാരും ചടങ്ങില്‍ നിന്ന് വിട്ട് നില്‍ക്കും.
കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ തുടങ്ങിയവര്‍ക്കും എം.പിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഉമാ തോമസ് എം.എല്‍.എയ്ക്കും പരിപാടിയില്‍ ക്ഷണമുണ്ട്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര ശേഖറും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് ദേശീയപാത-66 ആറുവരിയാക്കുന്ന പണിനടക്കുന്ന 23 റീച്ചുകളില്‍ ആദ്യം പൂര്‍ത്തിയായ തലപ്പാടി-ചെങ്കള റീച്ചാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്.
Content Highlight: ‘It’s all very cheap’; Kunhalikutty on Minister Muhammad Riyaz being excluded from the Prime Minister’s national highway inauguration ceremony
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.