ലോകം പ്രതിവര്‍ഷം പാഴാക്കുന്നത് 105 കോടി ടണ്‍ ഭക്ഷണം; പാഴാക്കല്‍ 80 കോടിയോളം ആളുകള്‍ പട്ടിണിയിലിരിക്കെ
World News
ലോകം പ്രതിവര്‍ഷം പാഴാക്കുന്നത് 105 കോടി ടണ്‍ ഭക്ഷണം; പാഴാക്കല്‍ 80 കോടിയോളം ആളുകള്‍ പട്ടിണിയിലിരിക്കെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th March 2024, 7:44 am

ന്യൂയോര്‍ക്ക്: ലോകം പ്രതിവര്‍ഷം പാഴാക്കുന്നത് 105 കോടി ടണ്‍ ഭക്ഷണമെന്ന് റിപ്പോര്‍ട്ട്. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് വേസ്റ്റ് ഇന്‍ഡക്‌സ് റിപ്പോട്ടിലാണ് ഇത് വിശദമാക്കുന്നത്. ഇസ്രഈല്‍ അധിനിവേശത്തില്‍ മുഴുപട്ടിണിയിലായ ഗസയിലേക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് റിപ്പോര്‍ട്ട്.

റാപ്പ് എന്ന സംഘടനയുമായി സഹകരിച്ചാണ് യു.എ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇത് ആഗോള ഭക്ഷ്യ മാലിന്യത്തെ കുറിച്ചുള്ള രണ്ടാമത്തെ റിപ്പോര്‍ട്ട് കൂടിയാണ്.

ലോകത്ത് 80 കോടിയോളം ആളുകള്‍ പട്ടിണിയിലിരിക്കെയാണ് വീടുകളില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നുമായി ഒരു ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഭക്ഷണം പാഴാക്കുന്നതെന്ന് യു.എന്‍ പറഞ്ഞു. ഈ കണക്കുകള്‍ ആഗോള ദുരന്തത്തിന് കാരണമാകുമെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടി.

ഭക്ഷണം കൂടുതലായി പാഴാകുന്നത് വീടുകളില്‍ താമസിക്കുന്നവരാണ്. 60 ശതമാനം ഭക്ഷണമാണ് വീടില്‍ നിന്നുള്ളവര്‍ പാഴാക്കിയിട്ടുള്ളത്. റസ്റ്റോറന്റുകള്‍, കാന്റീനുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ പാഴാക്കിയിരിക്കുന്നത് 28 ശതമാനം ഭക്ഷണമാണ്. പച്ചക്കറി വ്യപാരികള്‍ പാഴാക്കിയത് 12 ശതമാനവും. 2022ല്‍ വിപണയില്‍ ലഭ്യമായ അഞ്ചിലൊന്ന് ഉത്പന്നങ്ങളും പാഴായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടില്‍ പറയുന്ന കണക്കുകളേക്കാള്‍ കൂടുതലായി ഭക്ഷണം പാഴാക്കപ്പെടുന്നുണ്ടാവുമെന്ന് സംഘടന വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. ഭക്ഷണം പാഴാക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിന്റെ കണക്കുകളും ഉയര്‍ന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

അതേസമയം ആഗോള ഭക്ഷ്യ ഉത്പാദനം ആഗോള ആവശ്യകതയെക്കാള്‍ വളരെ കൂടുതലാണെന്ന് ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് ഫെല്ലോ കല്യാണി രഘുനാഥന്‍ വ്യക്തമാക്കി.

Content Highlight: It is reported that the world wastes 105 million tons of food every year