തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരാശപ്പെടുത്തിയെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.
പ്രധാനമന്ത്രിയുടെ സാന്നിധ്യം കേരളത്തിന് നല്‍കിയിരുന്നത് വലിയ പ്രതീക്ഷകളായിരുന്നുവെന്നും ചുരുങ്ങിയത് രണ്ട് പ്രഖ്യാപനങ്ങളെങ്കിലും അദ്ദേഹം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി അതൃപ്തി അറിയിച്ചത്.
വയനാട്ടിലെ പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് ഒരു കേന്ദ്ര പാക്കേജ്, വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് വായ്പയായി നല്‍കുന്ന 817 കോടി രൂപ തിരിച്ചു നല്‍കേണ്ടതില്ലാത്ത സഹായമായി മാറ്റും എന്നീ രണ്ട് പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നതെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
എന്നാല്‍ ഇത് രണ്ടും ഉണ്ടായില്ലെന്നും കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു. വിഴിഞ്ഞം പദ്ധതിക്ക് ഒരു രൂപയുടെ പോലും കേന്ദ്രസഹായം ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും മന്ത്രി പറഞ്ഞു.
ഭരണഘടന അനുശാസിക്കുന്ന ഫെഡറല്‍ തത്വങ്ങളും സംസ്ഥാനങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന അവകാശങ്ങളും കേരളത്തിന്റെ കാര്യത്തില്‍ തുടര്‍ച്ചയായി അട്ടിമറിക്കപ്പെടുകയാണെന്നും കെ.എന്‍. ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
കേരളത്തോട് കേന്ദ്രം കാട്ടുന്ന ഈ അവഗണനയെക്കുറിച്ച് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ അഭിപ്രായം പറയേണ്ടതാണെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. നേരത്തെ വിഴിഞ്ഞത്ത് കേന്ദ്ര സര്‍ക്കാര്‍ ചില്ലികാശ് പോലും ചെലവഴിച്ചിട്ടില്ലെന്ന കണക്കുമായി കെ.എന്‍. ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും പിണറായി സര്‍ക്കാരിന്റെ കാലത്താണ് പൂര്‍ത്തികരിച്ചതെന്നും രാജ്യത്തെ മറ്റ് വന്‍കിട പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അകമഴിഞ്ഞ് സഹായം നല്‍കിയപ്പോള്‍ വിഴിഞ്ഞത്തെ അവഗണിച്ചെന്നും കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.
വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ ആകെ ചെലവായത് 8867 കോടി രൂപയാണ്. ഇതില്‍ കേരള സര്‍ക്കാര്‍ മുടക്കുന്നത് 5595 കോടി രൂപയും. തുറമുഖ നിര്‍മാണത്തിലെ സ്വകാര്യ പങ്കാളിയായ അദാനി പോര്‍ട്ട് ലിമിറ്റഡ് 2454 കോടി രൂപയും ചെലവഴിക്കും.
കേന്ദ്ര സര്‍ക്കാര്‍ ആകട്ടെ പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്) ആയി നല്‍കുന്ന 817 കോടി രൂപ തിരിച്ചുനല്‍കണമെന്ന നിബന്ധന മുന്നോട്ടുവെച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
നെറ്റ് പ്രസന്റ് മൂല്യം (എൻ.പി.വി) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രം നിബന്ധന വെച്ചിരിക്കുന്നത്. അതായത് 817 കോടി രൂപയ്ക്ക് ഏതാണ്ട് 10,000 മുതല്‍ 12,000 കോടി രൂപ കേരള സര്‍ക്കാര്‍ തിരിച്ചടയ്‌ക്കേണ്ടിവരുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
Content Highlight: It is disappointing that the Prime Minister did not announce assistance to Wayanad and the port when he visited Vizhinjam: K.N. Balagopal