ഇസ്രഈല്‍ കുടിയേറ്റം വിശുദ്ധ ഭൂമിയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അന്ത്യത്തിന് കാരണമാകും: എന്‍.ജി.ഒ തലവന്‍
World News
ഇസ്രഈല്‍ കുടിയേറ്റം വിശുദ്ധ ഭൂമിയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അന്ത്യത്തിന് കാരണമാകും: എന്‍.ജി.ഒ തലവന്‍
ആദര്‍ശ് എം.കെ.
Thursday, 19th March 2026, 8:55 am

 

ജെറുസലേം: വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ കുടിയേറ്റ നയങ്ങളും കുടിയേറ്റക്കാരുടെ അക്രമങ്ങളും വിശുദ്ധ ഭൂമിയിലെ അവശേഷിക്കുന്ന ക്രിസ്ത്യന്‍ സമൂഹങ്ങളുടെ നാശത്തിന് കാരണമാകുമെന്ന മുന്നറിയിപ്പുമായി ‘വള്‍നറബിള്‍ പീപ്പിള്‍ പ്രോജക്റ്റ്’ (Vulnerable People Project) സ്ഥാപകന്‍ ജേസണ്‍ ജോണ്‍സ്. ആര്‍.ടി.ഐയുടെ അമേരിക്ക ഫസ്റ്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെത്‌ലഹേമിന് ചുറ്റുമുള്ള പ്രദേശങ്ങളിലും തായ്ബെ പോലുള്ള ഗ്രാമങ്ങളിലും ക്രിസ്ത്യന്‍ സമൂഹങ്ങളുടേതായ ആയിരക്കണക്കിന് വീടുകള്‍ പൊളിച്ചുനീക്കാന്‍ ഇസ്രഈല്‍ അനുമതി നല്‍കിയതായി ജോണ്‍സ് ആരോപിച്ചു

ബെത്ലഹേമിന്റെ കിഴക്ക് ഭാഗത്ത് മുമ്പ് ഇസ്രഈല്‍ സൈനിക താവളമായിരുന്ന സ്ഥലത്ത് ‘ഷ്തേമ’ എന്ന കുടിയേറ്റ കേന്ദ്രം വിശുദ്ധ ഭൂമിയിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ അന്ത്യത്തിന് തുടക്കം കുറിക്കുമെന്നും അത് ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ ക്രിസ്ത്യന്‍ സമൂഹത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റക്കാര്‍ പ്രദേശത്തെ ക്രിസ്ത്യന്‍ സമൂഹത്തെ ശാരീരികമായി ആക്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വിഷയത്തില്‍ വെസ്റ്റ് ജെറുസലേമോ അമേരിക്കയോ നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും ജേസണ്‍ ജോണ്‍സ് കുറ്റപ്പെടുത്തി.

ഇസ്രഈലിലെ യു,എസ് അംബാസഡര്‍ മൈക്ക് ഹക്കബി ഈ പ്രശ്‌നങ്ങള്‍ ബോധപൂര്‍വം അവഗണിക്കുകയാണെന്നും, സത്യം തുറന്നുപറയാന്‍ തയ്യാറാകുന്നില്ലെന്നും ജോണ്‍സ് വിമര്‍ശിച്ചു

വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രഈല്‍ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന തീരുമാനങ്ങള്‍ വെസ്റ്റ് ബാങ്കിലെ ക്രിസ്ത്യന്‍ സമൂഹം ഭൂതകാലത്തിലെ ഓര്‍മ മാത്രമായി തീരുമെന്ന് നേരത്തെ റോമന്‍ കത്തോലിക്ക ഇടവക വികാരി ഫാദര്‍ ബഷര്‍ഡ ഫവാദ്‌ലെ പറഞ്ഞിരുന്നു. ഇസ്രഈല്‍ നടപടികള്‍ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങള്‍ താമസിക്കുന്ന 1400ഓളം വരുന്ന ആളുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

‘1967 ന് ശേഷമുള്ള ഏറ്റവും അപകടകരമായ തീരുമാനങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. വെസ്റ്റ് ബാങ്കിന്റെ ഔദ്യോഗിക കൂട്ടിച്ചേര്‍ക്കലിന്റെ തുടക്കമായിട്ടാണ് പലരും ഇതിനെ കാണുന്നത്,’ അദ്ദേഹം പറഞ്ഞു.

നേരത്തെയും, തയ്‌ബെയില്‍ കുടിയേറ്റക്കാര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഡിസംബറില്‍ രണ്ട് കാറുകള്‍ കത്തിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ ഇവിടെ നടന്നിരുന്നു.

ഫെബ്രുവരിയില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ കൃഷിഭൂമി നശിപ്പിക്കുകയും വസ്തുവകകള്‍ കത്തിക്കുകയും കര്‍ഷകര്‍ക്ക് ഒലിവ് മരങ്ങള്‍ ലഭിക്കുന്നത് തടയുകയും ചെയ്തുവെന്ന് ഫാദര്‍ ഫവാദ്‌ലെ പറഞ്ഞു. പല കുടുംബങ്ങളുടെയും പ്രധാന വരുമാന സ്രോതസ്സാണ് ഒലിവ് മരങ്ങള്‍.

ഫെബ്രുവരി 28 ന് കുടിയേറ്റക്കാര്‍ ഒരു കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അതിക്രമിച്ചു കയറി ഒരു കുതിരയെയും അതിന്റെ കുഞ്ഞിനെയും മോഷ്ടിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Content Highlight: Israeli settler violence in West Bank could destroy remaining Christian communities in Holy Land, says NGO chief

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.