വംശഹത്യക്ക് സർക്കാർ നിയമസാധുത നൽകുന്നു; ഇസ്രഈലി പാർലമെന്റ് അംഗം
World News
വംശഹത്യക്ക് സർക്കാർ നിയമസാധുത നൽകുന്നു; ഇസ്രഈലി പാർലമെന്റ് അംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th January 2024, 4:50 pm

ടെൽ അവീവ്: ഗസയിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യയ്ക്ക് ഇസ്രയേലി ഭരണകൂടം നിയമസാധുത നൽകുകയാണെന്ന് ഇസ്രഈലി പാർലമെന്റ് അംഗവും ഹദാഷ് താൽ പാർട്ടി ചെയർമാനുമായ അഹമ്മദ് ടിബി.

ഇസ്രഈലി ധനമന്ത്രിയായ ബെസലേൽ സ്‌മോട്രിച്ച് നടത്തിയ വിവാദ പ്രസ്താവനക്കെതിരെയാണ് അഹമ്മദ് ടിബി രംഗത്തെത്തിയിരിക്കുന്നത്.

ഗസയിൽ രണ്ടു ദശലക്ഷത്തോളം നാസികൾ ഉണ്ടെന്നായിരുന്നുധനമന്ത്രിയായ ബെസലേൽ സ്‌മോട്രിച്ച് പറഞ്ഞത്.

ഇതിനെ രൂക്ഷമായി വിമർശിച്ച ടിബി മന്ത്രി ജൂതൻ ആണെങ്കിലും കാണിക്കുന്നത് നാസിസം ആണെന്ന് വിമർശിച്ചു.

അഹമ്മദ് ടിബിയുടെ ഈ പ്രസ്ഥാവനക്കെതിരെ ഇസ്രഈലി പാർലമെന്റായ നെസെറ്റിൽ വിമർശനങ്ങൾ ഉയരുകയാണ്. ഫലസ്തീനിയൻ ആയതുകൊണ്ടാണ് അഹമ്മദ് ടിബി ഇങ്ങനെ സംസാരിക്കുന്നത് എന്ന് വലതുപക്ഷ പാർട്ടികൾ വിമർശിച്ചു.

അറബ് ഇസ്രഈലി മുസ്‌ലിം ആണ് ഇസ്രഈലി പാർലമെന്റ് അംഗമായ അഹമ്മദ് ടിബി.

ഹദാഷ് താൽ പാർട്ടി അംഗമായ ഒഫെർ കാസിഫും ഇസ്രഈലിനെതിരെ അന്താരാഷ്ട്ര ലോക നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യ കേസിൽ പങ്കുചേരുമെന്ന് അറിയിച്ചു.

ഇതിനെതിരെയും നെതന്യാഹു ഭരണത്തെ പിന്തുണക്കുന്ന നെസെറ്റ് അംഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്

തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമെന്ന് പറയുന്നത് ഇസ്രഈലി സമൂഹത്തിനും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുക എന്നതാണ് അല്ലാതെ ഗവൺമെൻറ് നടത്തുന്ന വംശഹത്യയുടെ ഭാഗമാവുകയല്ലെന്ന് കാസിഫ് പറഞ്ഞു.

ഗസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്ക്ക് എതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നൽകിയ പരാതിയിൽ ജനുവരി 11ന് വിചാരണ ആരംഭിക്കും.

Content Highlights: Israeli politician against Israel attack in Gaza