'യൂത്ത് കോൺഗ്രസ്‌ നേതാവിന് നിയമങ്ങൾ ബാധകമല്ലേ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ ഇ.പി. ജയരാജൻ
Kerala News
'യൂത്ത് കോൺഗ്രസ്‌ നേതാവിന് നിയമങ്ങൾ ബാധകമല്ലേ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ ഇ.പി. ജയരാജൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th January 2024, 4:44 pm

തിരുവനന്തപുരം: ആളെ നോക്കിയല്ല ചെയ്ത കുറ്റം നോക്കിയാണ് നടപടിയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. യൂത്ത് കോൺഗ്രസിന്റെ സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് കോൺഗ്രസിന്റെ നേതാവ് എന്ന നിലയിൽ നിയമങ്ങളും ചട്ടങ്ങളും ബാധകമല്ലേ എന്നും രാഹുൽ നടത്തിയിട്ടുള്ള പ്രവർത്തനത്തിന്റെ വീഡിയോ പരിശോധിക്കൂ എന്നും ഇ.പി. പറഞ്ഞു.

‘ വടിയും കല്ലുമെടുത്ത് പൊലീസിനെ ആക്രമിക്കുക. എന്തൊക്കെയാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ കാണിച്ചത്? ഈ ആക്രമണങ്ങൾ ഒക്കെ നടത്തിയാൽ പ്രത്യേക സംരക്ഷണം ഉണ്ടോ?

യൂത്ത് കോൺഗ്രസ് നേതാവ് എന്ന നിലയിൽ നിയമങ്ങളും ചട്ടങ്ങളും ബാധകമല്ലേ അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ വീഡിയോ പരിശോധിച്ചു നോക്കൂ. കുറ്റം വ്യക്തമല്ലേ,’ ഇ.പി. പറഞ്ഞു.

അക്രമം ആര് നടത്തിയാലും നടപടി എടുക്കേണ്ടി വരുമെന്നും എൽ.ഡി.എഫ് കൺവീനർ പറഞ്ഞു.

നവകേരള സദസ്സിനു നേരെ നടന്ന പ്രതിഷേധങ്ങളെ പൊലീസും സി.പി.ഐ.എമ്മും കായികമായി നേരിട്ടുവെന്ന് ആരോപിച്ച് ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.

പൊതുമുതൽ നശിപ്പിക്കൽ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി 33 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. കണ്ടാൽ അറിയാവുന്ന 300 പേർക്കെതിരെയും കേസുണ്ട്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കേസിൽ ഒന്നാം പ്രതി.

Content Highlight: EP Jayarajan on Arrest of Rahul Mankoottam