യെമനിലെ ഹൊദൈദ തുറമുഖം ആക്രമിക്കും; മുന്നറിയിപ്പുമായി ഇസ്രഈല്‍
World News
യെമനിലെ ഹൊദൈദ തുറമുഖം ആക്രമിക്കും; മുന്നറിയിപ്പുമായി ഇസ്രഈല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th September 2025, 8:24 pm

യെമന്‍: യെമനിലെ ഹൊദൈദ തുറമുഖം ആക്രമിക്കുമെന്ന് മുന്നറിയിപ്പുമായി ഇസ്രഈല്‍ സൈന്യത്തിന്റെ വക്താവ് അദ്രെയ് അദ്രായി. മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈല്‍ വിമാനത്താവളത്തില്‍ ഹൂത്തി വിമതരുടെ ഡ്രോണ്‍ ആക്രമണത്തിന് മറുപടിയായി, യെമനില്‍ ഇസ്രഈല്‍ നടത്തിയ കനത്ത വ്യോമാക്രമണത്തില്‍ ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രഈല്‍ സേനയുടെ പുതിയ മുന്നറിയിപ്പ്.

‘യെമനിലെ ഹൊദൈദ തുറമുഖത്ത് സന്നിഹിതരായ എല്ലാവര്‍ക്കും അടിയന്തര മുന്നറിയിപ്പ്… ഭീകരവാദികളായ ഹൂത്തികളുടെ സൈനിക പ്രവര്‍ത്തനങ്ങളുള്ള പ്രദേശത്ത് വരും മണിക്കൂറുകളില്‍ പ്രതിരോധ സൈന്യം ആക്രമണം നടത്തും.

നിങ്ങളുടെ സുരക്ഷയ്ക്കായി, ഹൊദൈദ തുറമുഖത്തുള്ള എല്ലാവരോടും അവിടെ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളോടും ഉടന്‍ തന്നെ സ്ഥലം വിടാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ പ്രദേശത്ത് തന്നെ തുടരാന്‍ തീരുമാനിക്കുന്ന ആളുകള്‍ക്ക് ‘അവരുടെ ജീവന്‍ അപകടത്തിലാകും’,’ ഐ.ഡി.എഫ് വക്താവ് അദ്രെയ് എക്‌സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

സെപ്റ്റംബര്‍ 10ന് ഇസ്രഈല്‍ യെമനില്‍ നടത്തിയ ആക്രമണങ്ങളില്‍ 46 പേര്‍ കൊല്ലപ്പെടുകയും 160ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സനായിലെ ഒരു സൈനിക ആസ്ഥാനവും ഇന്ധന സ്റ്റേഷനും ആക്രമണത്തിന് ഇരയായ സ്ഥലങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സാറ്റലൈറ്റ് ന്യൂസ് ചാനലായ അല്‍-മസിറയും സൈനിക കെട്ടിടത്തിന് സമീപമുള്ള അയല്‍പക്ക വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അതേസമയം ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന കനത്ത കരയുദ്ധത്തില്‍ കൂട്ടപ്പലായനത്തിന് നിര്‍ബന്ധിതരായിരിക്കുകയാണ് ആയിരക്കണക്കിന് ഫലസ്തീന്‍ ജനത.ഷെല്‍-ഡ്രോണ്‍ ആക്രമണവും ഹെലികോപ്റ്റര്‍ ഗണ്‍ഷിപ്പും പീരങ്കിയാക്രമണവും ഇസ്രഈല്‍ ശക്തമാക്കിയതോടെയാണ് ജനങ്ങള്‍ കൂട്ട കുടിയിറക്കത്തിന് നിര്‍ബന്ധിതരായത്. ഇതുവരെ 68 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content Highlight: Israeli military warns of possible attack on Yemen’s Hodeidah port