രാജ്യാന്തര ഭൂപടത്തില്‍ ജമ്മു കശ്മീർ പാകിസ്ഥാന്‍റേതാണെന്ന് തെറ്റായി രേഖപ്പെടുത്തി; മാപ്പ് പറഞ്ഞ് ഇസ്രഈൽ സേന
national news
രാജ്യാന്തര ഭൂപടത്തില്‍ ജമ്മു കശ്മീർ പാകിസ്ഥാന്‍റേതാണെന്ന് തെറ്റായി രേഖപ്പെടുത്തി; മാപ്പ് പറഞ്ഞ് ഇസ്രഈൽ സേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th June 2025, 12:43 pm

ന്യൂദൽഹി: രാജ്യാന്തര ഭൂപടത്തിൽ ജമ്മു കശ്മീർ പാകിസ്ഥാന്‍റേതാണെന്ന് തെറ്റായി രേഖപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യയോട് ക്ഷമാപണം നടത്തി ഇസ്രഈൽ സേന. അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതിൽ തെറ്റുപറ്റി എന്നുകാണിച്ചാണ് ഇസ്രഈൽ തങ്ങളുടെ ക്ഷമാപണ പോസ്റ്റ് പങ്കുവെച്ചത്.

ഇസ്രഈൽ സേന ഭൂപടം പങ്കുവെച്ചതിന് പിന്നാലെ ഇന്ത്യക്കാർ വലിയ തോതിൽ പ്രതിഷേധമറിയിച്ച് എത്തുകയായിരുന്നു. പ്രതിഷേധമറിയിച്ച് നിരവധി ട്വീറ്റുകളാണ് വന്നത്. മിക്കവാറും ഇസ്രഈൽ സൈന്യത്തോട് പോസ്റ്റ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ചിലർ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ടാഗ് ചെയ്യുകയും ചെയ്തു. പിന്നാലെയാണ് ഇസ്രഈൽ സേന മാപ്പ് പറഞ്ഞത്.

ഇന്ത്യൻ റൈറ്റ് വിങ് കമ്മ്യൂണിറ്റി എന്ന എക്സ് ഹാൻഡിൽ പങ്കുവെച്ച പോസ്റ്റിന് മറുപടി നല്കിക്കൊണ്ടായിരുന്നു ഇസ്രഈൽ സേന മാപ്പ് പറഞ്ഞത്. ‘ഈ പോസ്റ്റ് പ്രദേശത്തിന്റെ ഒരു ചിത്രീകരണമാണ്. ഈ ഭൂപടം അതിർത്തികളെ കൃത്യമായി ചിത്രീകരിക്കുന്നില്ല. ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു,’ ഇസ്രഈൽ സേന പറഞ്ഞു.

ഇറാൻ ഒരു ആഗോള ഭീഷണിയാണെന്ന് പറഞ്ഞുകൊണ്ട് ഇസ്രഈൽ സേന പങ്കുവെച്ച പോസ്റ്റിലായിരുന്നു രാജ്യാന്തര അതിർത്തികൾ രേഖപ്പെടുത്തുന്നതിൽ സേനക്ക് തെറ്റ് പറ്റിയത്.

‘ഇറാൻ ഒരു ആഗോള ഭീഷണിയാണ്. ഇറാന്റെ അവസാന ലക്ഷ്യമല്ല ഇസ്രഈൽ, ഇതൊരു തുടക്കം മാത്രമാണ്. പ്രതികരിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ലായിരുന്നു’ എന്നായിരുന്നു ഇസ്രഈലിന്‍റെ പോസ്റ്റ്.

ഇറാന്‍റെ മിസൈലുകളുടെ റേഞ്ച് എന്നെഴുതിയ ഭൂപടവും ഒപ്പം ഇസ്രഈല്‍ പങ്കുവച്ചിരുന്നു. ഉക്രൈന്‍, റൊമാനിയ, ബള്‍ഗേറിയ, ലിബിയ, സുഡാന്‍, എത്യോപ്യ, ചൈന, കസാക്കിസ്ഥാന്‍, റഷ്യ, തുര്‍ക്കി, ഈജിപ്ത്, ഇന്ത്യ, പാകിസ്ഥാന്‍, സൗദി അറേബ്യ, ഇസ്രഈല്‍, ജോര്‍ദാന്‍, ഒമാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെല്ലാം ഈ മിസൈല്‍ റേഞ്ചില്‍ വരുമെന്നാണ് ഇസ്രഈല്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ രാജ്യാന്തര അതിര്‍ത്തികള്‍ രേഖപ്പെടുത്തുന്നതിനാലാണ് ഇസ്രഈലിന് അബദ്ധം പിണഞ്ഞത്.

പിന്നാലെ ഇന്ത്യക്കാർ രോഷാകുലരായി എത്തുകയായിരുന്നു. ‘ഇന്ത്യ എന്തുകൊണ്ടാണ് നിഷ്പക്ഷത പാലിക്കുന്നതെന്ന് ഇപ്പോൾ നിങ്ങൾക്ക് മനസിലായില്ലേ. നയതന്ത്രത്തിൽ, ആരും നിങ്ങളുടെ യഥാർത്ഥ സുഹൃത്തല്ല’ എന്നായിരുന്നു ഒരു വ്യക്തി വിമർശിച്ചത്.

ഏകദേശം 90 മിനിറ്റ് കഴിഞ്ഞായിരുന്നു ഇസ്രഈലിന്റെ ക്ഷമാപണമെങ്കിലും, പങ്കുവച്ച ചിത്രം ഇതുവരെ ഇസ്രഈല്‍ നീക്കം ചെയ്തിട്ടില്ല. അതേസമയം ഐ.ഡി.എഫിന്റെ തെറ്റായ ഭൂപടത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

Content Highlight: Israeli Military Apologises Over Wrong India Map After Huge Online Backlash