മസ്ജിദുല്‍ അഖ്‌സ വീണ്ടും സംഘര്‍ഷഭരിതം; പ്രവാചക റാലിയ്‌ക്കെത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം
World News
മസ്ജിദുല്‍ അഖ്‌സ വീണ്ടും സംഘര്‍ഷഭരിതം; പ്രവാചക റാലിയ്‌ക്കെത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th June 2021, 9:10 pm

ജറുസലേം: അധിനിവേശ ജറുസലേമിലെ ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിക്കുന്നില്ല. ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സയില്‍ വെള്ളിയാഴ്ചത്തെ നമസ്‌കാരത്തിനായെത്തിയ ഫലസ്തീന്‍ പൗരന്‍മാര്‍ക്ക് നേരെ ഇസ്രാഈല്‍ സേന ആക്രമണമഴിച്ചുവിട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം പ്രവാചക വചനങ്ങള്‍ ചൊല്ലി ഫലസ്തീന്‍ പൗരന്‍മാര്‍ റാലി നടത്താനൊരുങ്ങിയത് ഇസ്രാഈല്‍ സേനയെ ചൊടിപ്പിച്ചിരുന്നു. മസ്ജിദുല്‍ അഖ്‌സ മുതല്‍ ഡമാസ്‌കസ് ഗേറ്റ് വരെയായിരുന്നു റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ഇസ്രാഈല്‍ സേന അറിയിക്കുകയായിരുന്നു.

പിന്നാലെ റബ്ബര്‍ ബുള്ളറ്റുകളും, കണ്ണീര്‍ വാതകവും, ഗ്രനേഡുകളും റാലിക്കെത്തിയ ആയിരക്കണക്കിന് ഫലസ്തീനികള്‍ക്ക് നേരെ പ്രയോഗിക്കുകയും ചെയ്തു.

ആക്രമണത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇസ്രാഈല്‍ സേനയുടെ ആക്രമണത്തില്‍ തങ്ങളുടെ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന് മിഡില്‍ ഈസ്റ്റ് ഐ പറയുന്നു.

കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം തലയ്ക്ക് വെടിവച്ച 16 കാരനായ ഫലസ്തീനി കൗമാരക്കാരന്‍ കൊല്ലപ്പെട്ടതും വാര്‍ത്തയായിരുന്നു. അഹമ്മദ് സാഹി ഇബ്‌നു ഷംസയാണ് കൊല്ലപ്പെട്ടത്. തലക്ക് വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഹമ്മദ് സാബി വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

അടുത്തിടെ ഇസ്രാഈല്‍ സൈന്യം സാധാരണക്കാര്‍ക്കായ ഫലസ്തീനികള്‍ക്കെതിരെ അക്രമം നടത്തുന്നത് പതിവാണ്. സൈനികര്‍ പലപ്പോഴും അമിത ബലപ്രയോഗം നടത്തുന്നുണ്ടെന്നും നിരപരാധികള്‍ക്കെതിരെ വെടിയുതിര്‍ക്കാറുണ്ടെന്നും ഫലസ്തീനി സംഘടനകള്‍ പറയുന്നു.

ബുധനാഴ്ച ഇസ്രാഈല്‍ സൈന്യം ഫലസ്തീന്‍ യുവതിയെ വെടിവച്ചുകൊലപ്പെടുത്തിയിരുന്നു. കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണം.

അതേസമയം, 12 വര്‍ഷത്തെ നെതന്യാഹു ഭരണം അവസാനിപ്പിച്ച് പുതിയ കൂട്ടുകക്ഷി സര്‍ക്കാരിന്റെ ഭാഗമായി നഫ്താലി ബെന്നറ്റ് ഇസ്രാഈലിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റിട്ടും ഫലസ്തീനി ജനതയോടുള്ള സൈന്യത്തിന്റെ നിലപാട് ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.

ജൂതമതവാദിയായ നഫ്താലി ബെന്നറ്റ് നേരത്തെ പ്രതിരോധ വകുപ്പിലടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. ഫലസ്തീന്‍ എട്ട് പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്രാഈലില്‍ നടന്നത്. മാര്‍ച്ചില്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും സഖ്യത്തിനും ഭൂരിപക്ഷം നേടാനായതോടെയാണ് നെതന്യാഹുവിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്നത്. ഫലസ്തീന്‍ വിഷയത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഈ സഖ്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തീവ്ര മതവാദികളും മതേതരവാദികളുമുണ്ട്. സഖ്യത്തിലെ പാര്‍ട്ടികളില്‍ ചിലര്‍ സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്നവരും മറ്റു ചിലര്‍ അതിശക്തമായി എതിര്‍ക്കുന്നവരുമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Israeli forces attack Al-Aqsa protesters during Prophet rally