അതിനുശേഷം മമ്മൂക്കയോട് ഇനിയൊരു കഥ പറയില്ലെന്ന് ഞാനും തീരുമാനമെടുത്തു; തുറന്നു പറഞ്ഞ് രണ്‍ജി പണിക്കര്‍
Movie Day
അതിനുശേഷം മമ്മൂക്കയോട് ഇനിയൊരു കഥ പറയില്ലെന്ന് ഞാനും തീരുമാനമെടുത്തു; തുറന്നു പറഞ്ഞ് രണ്‍ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 18th June 2021, 6:48 pm

കൊച്ചി: സിനിമാ ജീവിതത്തില്‍ മമ്മൂട്ടിയുമൊത്തുള്ള അനുഭവങ്ങളെപ്പറ്റി തുറന്നുപറയുകയാണ് നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍. പത്രപ്രവര്‍ത്തകനായി തന്റെ കരിയര്‍ തുടങ്ങുന്ന കാലത്താണ് മമ്മൂട്ടിയെ പരിചയപ്പെടുന്നതെന്നും അന്ന് തൊട്ട് തന്നെ തങ്ങള്‍ക്കിടയില്‍ പിണക്കവും ഇണക്കവും സ്ഥിരമായിരുന്നെന്നും രണ്‍ജി പണിക്കര്‍ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍ജി പണിക്കരുടെ തുറന്നു പറച്ചില്‍.

‘പത്രപ്രവര്‍ത്തകനായിരുന്ന സമയത്താണ് ഞാന്‍ മമ്മൂട്ടിയെ പരിചയപ്പെടുന്നത്. പരിചയപ്പെട്ട കാലം മുതല്‍ മിക്കവാറും എല്ലാ ലൊക്കേഷനിലും വെച്ച് ഞങ്ങള്‍ തമ്മില്‍ പിണങ്ങുകയും ഇണങ്ങുകയും ചെയ്യാറുണ്ട്. പിണങ്ങാനും ഇണങ്ങാനും അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ടുമില്ല. അദ്ദേഹം കലഹിച്ചുകൊണ്ടിരിക്കും. സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു ഞാന്‍. അതില്‍ വരുന്ന എല്ലാ സിനിമാ ഗോസിപ്പ് ന്യൂസുകളുടെയും മറ്റും ഭാരം എന്നെ കാണുമ്പോള്‍ അദ്ദേഹം എന്റെ തലയില്‍ വെയ്ക്കും. ഞാന്‍ തിരിച്ചും പ്രതികരിക്കും,’ രണ്‍ജി പണിക്കര്‍ പറയുന്നു.

ഏകലവ്യന്‍ സിനിമയുടെ കഥ ആദ്യം പറയുന്നത് മമ്മൂട്ടിയോടാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

‘ഏകലവ്യന്റെ കഥ അദ്ദേഹത്തിനോടാണ് ആദ്യം പറയുന്നത്. ചില കാരണങ്ങളാല്‍ ആ സിനിമ നടക്കാതെപോയി. അതിനുശേഷം മമ്മൂക്കയോട് ഇനിയൊരു കഥ പറയില്ലെന്ന വാശിയില്‍ ഞാന്‍ ഒരു തീരുമാനമെടുത്തു. പിന്നീട് അക്ബര്‍ എന്ന നിര്‍മാതാവ് ഷാജിയുമായി ഒരു സിനിമ എഴുതിക്കൊണ്ടിരുന്ന കാലത്ത് എന്നെ വന്നു കണ്ടു. അപ്പോള്‍ ഷാജി എന്നോട് ചോദിച്ചു, ‘മമ്മൂക്ക വിളിച്ചില്ലേ, സിനിമ ചെയ്യണ്ടേ എന്ന്. ഞാന്‍ പറഞ്ഞു ഞാനില്ല, നീ ചെയ്‌തോ എന്ന് പറഞ്ഞു. അന്ന് സത്യത്തില്‍ ഒരു ജീവകാരുണ്യ തീരുമാനത്തിന്റെ ഭാഗമായിരുന്നു മമ്മൂക്ക. അക്ബര്‍ എന്ന നിര്‍മാതാവ് സാമ്പത്തികമായി നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്ന കാലവും. അദ്ദേഹത്തിന് ആ സിനിമ ചെയ്‌തേ പറ്റുവെന്ന സമയം. അന്നത്തെ കാലത്ത് ഒരു ഷുവര്‍ ഷോട്ടാണ് എന്ന് തോന്നിയതുകൊണ്ടാണ് താന്‍ പോയി രണ്‍ജിയുടെ സ്‌ക്രിപ്റ്റ് വായിച്ച് ഷാജി സംവിധാനം ചെയ്യുന്ന ഒരു സിനിമ ചെയ്യ് എന്ന് നിര്‍മാതാവിനോട് മമ്മൂക്ക പറഞ്ഞത്. എന്നാല്‍ എനിക്ക് ആവശ്യത്തില്‍ കവിഞ്ഞ അഹങ്കാരമുണ്ടായത് കൊണ്ട് ഞാന്‍ ആ സിനിമ ചെയ്യില്ല എന്ന് തന്നെ പറഞ്ഞു. മമ്മൂക്ക വിളിച്ചപ്പോഴും ഞാന്‍ ഇക്കാര്യം പറഞ്ഞു,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

പിന്നീട് അക്ബര്‍ തന്റെ അമ്മയെ പോയി കണ്ടുവെന്നും ഈ സിനിമ ചെയ്താല്‍ തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാകുമെന്നൊക്കെ പറഞ്ഞുവെന്നും രണ്‍ജി പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Renji Panicker Shares Experience About Mammootty