ദോഹ: ഖത്തറില്‍ ഹമാസ് നേതാക്കള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം. നിലവില്‍ ഫലസ്തീന്‍-ഇസ്രഈല്‍ വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയ ഹമാസ് ചീഫ് ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പടെയുള്ള നേതാക്കള്‍ ദോഹയിലുണ്ട്. ഇവരെ ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ സേനയായ ഐ.ഡി.എഫിന്റെ ആക്രമണം.
ദോഹയിലെ ഐ.ഡി.എഫ് ആക്രമണം ഖത്തറും ഇസ്രഈലും സ്ഥിരീകരിച്ചു. ഒന്നിലധികം തവണ ഐ.ഡി.എഫ് വ്യോമാക്രമണം നടത്തിയതായാണ് വിവരം. കത്താറ ജില്ലയില്‍ ആക്രമണം നടന്നതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ പത്തിലേറെ സ്‌ഫോടനങ്ങള്‍ നടന്നതായാണ് വിവരം.
The State of Qatar strongly condemns the cowardly Israeli attack that targeted residential buildings housing several members of the Political Bureau of Hamas in the Qatari capital, Doha. This criminal assault constitutes a blatant violation of all international laws and norms,…
— د. ماجد محمد الأنصاري Dr. Majed Al Ansari (@majedalansari) September 9, 2025
ആക്രമണത്തിന് പിന്നാലെ നെതന്യാഹു സര്‍ക്കാരിനെതിരെ ഖത്തര്‍ രംഗത്തെത്തി. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഖത്തര്‍ പ്രതികരിച്ചു. ഐ.ഡി.എഫ് ആക്രമണത്തില്‍ അപലപിച്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, ഇസ്രഈലിന്റെ നടപടി ഭീരുത്വമെന്നും വിമർശിച്ചു.
ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഈ വാദങ്ങള്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസോ ഖത്തര്‍ ഭരണകൂടമോ സ്ഥിരീകരിച്ചിട്ടില്ല.
‘ഹമാസ് ഭീകര സംഘടനയുടെ മുതിര്‍ന്ന നേതൃത്വത്തെ ലക്ഷ്യമിട്ട് ഐ.ഡി.എഫും ഐ.എസ്.എയും ആക്രമണം നടത്തി. ഒക്ടോബര്‍ ഏഴിലെ ക്രൂരമായ വംശഹത്യയില്‍ ഇവര്‍ നേരിട്ട് ഉത്തരവാദികളാണ്. ഇസ്രഈലിനെതിരെ യുദ്ധം ആസൂത്രണം ചെയ്തവര്‍… ഹമാസിനെ പരാജയപ്പെടുത്തുന്നതിന് ഐ.ഡി.എഫും ഐ.എസ്.എയും ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കുന്നത് തുടരും.
കൂടാതെ ഖത്തറിലെ ആക്രമണത്തിന് മുമ്പ് സാധാരണക്കാര്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകാതിരിക്കാൻ നടപടികള്‍ സ്വീകരിച്ചിരുന്നു,’ ഐ.ഡി.എഫ് എക്സില്‍ കുറിച്ചു.
‘ഉന്നത ഹമാസ് നേതാക്കള്‍ക്കെതിരായ ഇന്നത്തെ നടപടി പൂര്‍ണമായും സ്വതന്ത്രമായ ഒരു ഇസ്രഈലി നടപടിയായിരുന്നു. ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു,’ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.
ദോഹയിലെ ആക്രമണം വ്യക്തമാക്കുന്നത് ലോകത്ത് എവിടെയും ഭീകരര്‍ക്ക് പ്രതിരോധ ശേഷിയില്ലെന്നാണെന്ന് ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ചും പ്രതികരിച്ചു.
Content Highlight: Israeli attack targets Hamas leaders in Doha