ഖത്തറിലെ ഇസ്രഈല്‍ ആക്രമണം വഞ്ചനാപരവും ഭീരുത്വവും; അറബ് - ഇസ് ലാമിക് ഉച്ചകോടിയില്‍ ഇസ്രഈലിന് രൂക്ഷവിമര്‍ശനം
Trending
ഖത്തറിലെ ഇസ്രഈല്‍ ആക്രമണം വഞ്ചനാപരവും ഭീരുത്വവും; അറബ് - ഇസ് ലാമിക് ഉച്ചകോടിയില്‍ ഇസ്രഈലിന് രൂക്ഷവിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 15th September 2025, 9:09 pm

ദോഹ: ഇസ്രഈല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി. ഇസ്രഈല്‍ ആക്രമണം നാണംകെട്ടതും വഞ്ചനാപരവും ഭീരുത്വവുമാണെന്ന് ഖത്തര്‍ അമീര്‍ കുറ്റപ്പെടുത്തി.

അറബ്-ഇസ്‌ലാമിക് ലോകത്തെ മുന്‍നിരനേതാക്കള്‍ ദോഹയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ഇസ്രഈലിന് എതിരെ വിമര്‍ശനം ഉയര്‍ന്നു.

ഇസ്രഈല്‍ നടത്തിയ ആക്രമണത്തിന് നല്‍കുന്ന മറുപടിയെ സംബന്ധിച്ച് ഉച്ചകോടിയില്‍ തീരുമാനമെടുക്കും. അറബ് ലോകത്തെ നേതാക്കള്‍ പങ്കെടുക്കുന്ന അറബ് ലീഗ് ആന്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപ്പറേഷന്റെ അടിയന്തിര ഉച്ചകോടിയാണ് ദോഹയില്‍ നടക്കുന്നത്.തിങ്കളാഴ്ചയാണ് യോഗം ആരംഭിച്ചത്.

ഇസ്രഈലിനെതിരെ നടപടി വേണമെന്ന് അറബ് ലീഗില്‍ ആവശ്യം ഉയര്‍ന്നു. ഇനിയും മൗനം പാലിക്കേണ്ടതില്ലെന്നും രാജ്യങ്ങള്‍ പ്രതികരിച്ചു.


ഇസ്രഈലിന് എതിരെ ശക്തമായ നടപടികളെടുക്കണമെന്ന് അറബ് രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ തീരുമാനമെടുത്തതിന് പിന്നാലെയാണ് അടിയന്തിര ഉച്ചകോടി.

ഇസ്രഈല്‍ എല്ലാ അതിരുകളും ലംഘിച്ചെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്വാ എല്‍-സിസി ഉച്ചകോടിയില്‍ വിമര്‍ശിച്ചു.

രാജ്യങ്ങളുടെ പരമാധികാരത്തെ ഇസ്രഈല്‍ ബഹുമാനിക്കണമെന്നും ഇതിനായി നാറ്റോ ശൈലിയില്‍ അറബ് രാജ്യങ്ങള്‍ ഒരുമിച്ചുള്ള സമീപനമാണ് വേണ്ടതെന്നും ഇറാഖ് പ്രധാനമന്ത്രി മൊഹമ്മദ് ഷിയ അല്‍-സുഡാനി അഭിപ്രായപ്പെട്ടു. ഇസ്രഈലിന്റെ ആക്രമണം ഖത്തറില്‍ മാത്രം ഒതുങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനെ കൂടുതല്‍ പ്രശ്‌നത്തിലേക്കാണ് ഇസ്രഈല്‍ വലിച്ചിടുന്നതെന്ന് തുര്‍ക്കി പ്രസിഡന്റ് റിസപ് തയ്യിപ് എര്‍ദോഗന്‍  ഉച്ചകോടിയില്‍ സംസാരിക്കവെ വിമര്‍ശനം ഉന്നയിച്ചു. തങ്ങളുടെ സഹോദരരാഷ്ട്രങ്ങള്‍ക്ക് എതിരെയുള്ള ഏതൊരു ആക്രമണവും തങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് ലെബനന്‍ പ്രസിഡന്റ് ജോസഫ് അഒന്‍ പറഞ്ഞു.

അറബ് ലോകത്തെ നേതാക്കള്‍ ഐക്യവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ച് ഇസ്രഈലിന് എതിരെ ഒരുമിച്ച് നില്‍ക്കേണ്ട ആവശ്യകതയെ കുറിച്ച് ഇറാന്‍ യോഗത്തില്‍ സംസാരിച്ചു.

അതേസമയം, ഖത്തര്‍ അമീര്‍ ഇസ്രഈലിനെ കടന്നാക്രമിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. ഇസ്രഈലിന്റെ സ്വാധീനകേന്ദ്രമാകും അറബ്‌മേഖലയെന്ന അപകടകരമായ മിഥ്യാധാരണയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഉള്ളതെന്ന് അമീര്‍ വിമര്‍ശിച്ചു. ഇസ്രഈല്‍ അറബ് സമാധാനശ്രമങ്ങളെ അംഗീകരിച്ചിരുന്നെങ്കില്‍ ഈ മേഖലയെ എണ്ണമറ്റ ദുരന്തങ്ങളില്‍ നിന്നും രക്ഷിക്കാനായെനെയെന്നും അദ്ദേഹം പറഞ്ഞു.

ഖത്തറിന്റെ പരമാധികാരം സംരക്ഷിക്കാന്‍ തനിക്ക് അയല്‍രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന് കഴിഞ്ഞദിവസം ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി ഇസ്രയേലിനോടായി പറഞ്ഞിരുന്നു.

 

കഴിഞ്ഞ ചൊവ്വാഴ്ച ഇസ്രഈല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഹമാസ് അംഗങ്ങളും ഒരു ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

Content Highlight: Israeli attack on Qatar is treacherous and cowardly; Israel strongly criticized at Arab-Islamic summit