ഹമാസിന്റെ തിരിച്ചടി പ്രതിരോധിക്കാനായില്ല; ഇസ്രഈല്‍ സൈനിക ഇന്റലിജന്‍സ് മേധാവി രാജിവെച്ചു
World News
ഹമാസിന്റെ തിരിച്ചടി പ്രതിരോധിക്കാനായില്ല; ഇസ്രഈല്‍ സൈനിക ഇന്റലിജന്‍സ് മേധാവി രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2024, 8:18 am

ജെറുസലേം: ഒക്ടോബര്‍ 7ലെ ഹമാസിന്റെ തിരിച്ചടി പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രഈല്‍ സൈനിക രഹസ്യാന്വേഷണ വിഭാഗം തലവന്‍ മേജര്‍ ജനറല്‍ അഹരോണ്‍ ഹലിവ രാജിവെച്ചു. ഇസ്രഈല്‍ പ്രതിരോധ സേന ഐ.ഡി.എഫാണ് രാജിക്കാര്യം പുറത്തുവിട്ടത്. ഹമാസിന്റെ സായുധ നീക്കം മുന്‍കൂട്ടി അറിയാനോ പ്രതിരോധിക്കാനോ കഴിഞ്ഞില്ല എന്നാണ് രാജിക്ക് കാരണമായി പറയുന്നത്.

ഇക്കാരണത്താല്‍ സ്ഥാനമൊഴിയുന്ന ഇസ്രഈലിന്റെ ആദ്യത്തെ ഉന്നത ഉദ്യോഗസ്ഥനാണ് അഹരോണ്‍ ഹലിവ. നേരത്തെ സൈനിക മേഥാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലൈവി, ആഭ്യനന്തര രഹസ്യാന്വേഷണ ഏജന്‍സിയായ ഷിന്‍ ബെതിന്റെ മേധാവി റോണെന്‍ ബെര്‍ എന്നിവര്‍ ഹമാസിന്റെ നീക്കം തടായാനാകാത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നെങ്കിലും സ്ഥാനമൊഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതുവരെയും വീഴചയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

തന്റെ നേതൃത്വത്തിലുള്ള ഇന്റലിജന്‍സ് ഡയറക്ടറേറ്റിന് ശരിയായ രീതിയില്‍ ചുമതല നിറവേറ്റാന്‍ കഴിഞ്ഞില്ലെന്നും അന്നുമുതല്‍ അതൊരു കറുത്ത ദിനമായി തന്നെ പിന്തുടരുന്നുണ്ടെന്നും അഹരോണ്‍ ഹലിവ രാജിക്കത്തില്‍ പറയുന്നു. ഹമാസിന്റെ സായുധ നീക്കത്തെ കുറിച്ച് ഇസ്രഈലിന് ഒന്നിലേറെ തവണ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും അവയെല്ലാം അവഗണിക്കുകയാണ് ചെയ്തത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2023 ഓക്ടോബര്‍ 7നാണ് ഇസ്രഈലിന് നേരെ ഹമാസിന്റെ നേതൃത്വത്തില്‍ സൈനിക നീക്കമുണ്ടായത്. സുരക്ഷാമതിലുകള്‍ തകര്‍ത്തും പാരച്യൂട്ടുകള്‍ ഉപയോഗിച്ച് പറന്നിറങ്ങിയും ചെറുബോട്ടുകളിലുമായി ഹമാസ് സേന ഇസ്രഈലിലേക്ക് പ്രവേശിക്കുകയായിരുന്നു. പ്രതിരോധത്തിന്റെ ഭാഗമായി സൈനിക ചെക്‌പോസ്റ്റുകള്‍ ആക്രമിക്കപ്പെടുകയും 250ലേറെ ആളുകള്‍ ബന്ധികളാക്കപ്പെടുകയും ചെയ്തു. സൈനികര്‍ ഉള്‍പ്പടെ 1139 ഇസ്രഈലി പൗരന്‍മാര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തിരുന്നു.

മസ്ജിദുല്‍ അഖ്‌സയും വെസ്റ്റ്ബാങ്ക് ഗ്രാമങ്ങളും ലക്ഷ്യമിട്ട് പതിറ്റാണ്ടുകളായി ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയായിട്ടാണ് ഒക്ടോബര്‍ 7ന് ഹമാസിന്റെ സൈനിക നീക്കമുണ്ടായത്. ഇതിനുള്ള തിരിച്ചടിയെന്നോണം ഗസ്സ മുനബ്ബില്‍ ഇസ്രഈല്‍ തുടക്കമിട്ട വംശഹത്യയില്‍ ഇതുവരെ 34151 പേരാണ് മരിച്ചത്. മരിച്ചവരിലേറെയും കുഞ്ഞുങ്ങളാണ്.

content highlights: Israel’s military intelligence chief aharon haliva resigns