ഇസ്രഈല്‍ ലെബനന്റെ പരമാധികാരത്തെ മാനിക്കണം; ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്: മാക്രോണ്‍
LEBANON
ഇസ്രഈല്‍ ലെബനന്റെ പരമാധികാരത്തെ മാനിക്കണം; ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്: മാക്രോണ്‍
രാഗേന്ദു. പി.ആര്‍
Wednesday, 11th March 2026, 10:06 pm

പാരിസ്: ഇസ്രഈല്‍ ലെബനന്റെ പരമാധികാരത്തെ മാനിക്കുകയും സംയമനം പാലിക്കുകയും ചെയ്യണമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

സമാധാനത്തോടെയും സുരക്ഷയോടെയും ജീവിക്കാനുള്ള അവകാശം ഇസ്രഈലികള്‍ക്കും ലെബനീസ് ജനതയ്ക്കും ഒരേപോലെയുണ്ടെന്നും മാക്രോണ്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണം.

ഹിസ്ബുല്ല ഇസ്രഈലിനെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആയുധങ്ങള്‍ ലെബനന്‍ സൈന്യത്തിന് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലെബനനില്‍ നിന്ന് കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിന് ആളുകളുടെ അതിജീവനത്തിലും ഇമ്മാനുവല്‍ മാക്രോണ്‍ ആശങ്ക അറിയിച്ചു.

ലെബനന് നേരെ ഇസ്രഈല്‍ തുടര്‍ച്ചയായി ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് മക്രോണിന്റെ പ്രതികരണം.

ലെബനന്‍ ജനതയ്ക്ക് ഐക്യരാഷ്ട്രസഭയും എന്‍.ജി.ഒകളും നല്‍കുന്ന സഹായത്തിന് പുറമെ, സി.എം.എ-സി.ജി.എം ഫൗണ്ടേഷന്റെ പിന്തുണയോടെ ഫ്രാന്‍സും സഹായങ്ങള്‍ എത്തിക്കുന്നുണ്ട്. നിലവില്‍ 60 ടണ്‍ അടിയന്തര സഹായം എത്തിച്ചതായും മാക്രോണ്‍ പറഞ്ഞു.

അന്താരാഷ്ട്ര നിയമത്തെ ബഹുമാനിക്കുക എന്നാല്‍ സിവിലിയന്‍ ജനങ്ങളെ സംരക്ഷിക്കുക എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1978 മുതല്‍ ഫ്രഞ്ച് സായുധ സേന UNIFIL-ല്‍ പുലര്‍ത്തുന്ന പ്രതിബന്ധതയുടെ കാരണം അതാണെന്നും മാക്രോണ്‍ പറഞ്ഞു.

ഫെബ്രുവരി 28നാണ് യു.എസും ഇസ്രഈലും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. ഇതിനുപിന്നാലെ ലെബനനെതിരായ ആക്രമണവും ഇസ്രഈല്‍ കടുപ്പിച്ചിരുന്നു.

തുടര്‍ന്ന് ഇറാന്‍ ജനതയ്ക്കും ലെബനന്‍ പൗരന്മാര്‍ക്കും ഐക്യദാര്‍ഢ്യം അറിയിച്ച് ഹിസ്ബുല്ല ഇസ്രഈലിനെ ആക്രമിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് പ്രസിഡന്റ് ഇസ്രഈലിനെതിരെ രംഗത്തെത്തിയത്.

ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പ്രകാരം 75,000ത്തിലധികം ആളുകളാണ് ലെബനനില്‍ ഭവനരഹിതരായത്. മാര്‍ച്ച് രണ്ട് മുതല്‍ 570 ലധികം പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടതെന്നും 1,400ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും യു.എന്‍ വക്താവ് ടോം ഫ്‌ലെച്ചര്‍ പറഞ്ഞു.

ഇസ്രഈലിന്റെ ആക്രമണത്തില്‍ റെഡ് ക്രോസ് ഉദ്യോഗസ്ഥര്‍ അടക്കമാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. വളണ്ടിയര്‍മാരുടെ മരണത്തില്‍ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

Content Highlight: Israel must respect Lebanon’s sovereignty; everyone has the right to live: Macron

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.