ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യ: ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്
Trending
ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യ: ഐക്യരാഷ്ട്ര സഭ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th September 2025, 3:18 pm

ന്യൂയോര്‍ക്ക്: ഇസ്രഈല്‍ ഗസയില്‍ നടത്തുന്നത് വംശഹത്യയെന്ന് ഐക്യരാഷ്ട്ര സഭയുടെ സ്വതന്ത്ര അന്വേഷണ കമ്മീഷന്‍. ഫലസ്തീന്‍ മേഖലയില്‍ രണ്ട് വര്‍ഷത്തോളമായി തുടരുന്ന ആക്രമണത്തെ വംശഹത്യയാണെന്ന് കണ്ടെത്തിയതായി യു.എന്‍ ഇന്‍ഡിപെന്റന്‍ഡ് ഇന്റര്‍നാഷണല്‍ കമ്മീഷന്റെ അധ്യക്ഷയായ നവി പിള്ള അല്‍ജസീറയോട് പറഞ്ഞു.

ഇസ്രഈലിലെ ഭരണാധികാരികളാണ് വംശഹത്യക്ക് നേതൃത്വം നല്‍കിയതെന്നും രാജ്യമാണ് ഇതിന് ഉത്തരവാദിയെന്നും അവര്‍ വിമര്‍ശിച്ചു. വംശഹത്യക്ക് പിന്നില്‍ ഇസ്രഈലെന്ന് തെളിയിക്കുന്ന സാഹചര്യതെളിവുകള്‍ കമ്മീഷന് ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഇസ്രഈല്‍ പട്ടാളം വൈഡ് ഇംപാക്ട് ആയുധങ്ങള്‍ ഉപയോഗിച്ച് ഗസയിലെ സാധാരണക്കാരെ കൊന്നൊടുക്കുകയാണെന്ന് കമ്മീഷന്‍ കണ്ടെത്തി.

ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍പ്രതിരോധമന്ത്രി യോഗ് ഗാലന്റ് എന്നിവരാണ് വംശഹത്യക്ക് പിന്നിലെന്നും യു.എന്‍ അന്വേഷണ കമ്മീഷന്‍ വെളിപ്പെടുത്തി.

ഇവര്‍ ഇസ്രഈല്‍ രാജ്യത്തിന്റെ പ്രതിനിധികളായതിനാല്‍ തന്നെ ഇസ്രഈല്‍ എന്ന രാഷ്ട്രമാണ് വംശഹത്യയ്ക്ക് ഉത്തരവാദി. അതുകൊണ്ട് വംശഹത്യ നടത്തിയത് ഇസ്രഈലാണെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റുമെന്ന് നവി പിള്ള അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

അതേസമയം, യു.എന്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ വ്യാജമാണെന്ന് ആരോപിച്ച് ഇസ്രഈല്‍ രംഗത്തെത്തി. ഹമാസിന്റെ വക്താക്കളാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഇസ്രഈല്‍ ആരോപിച്ചു.

ഈ റിപ്പോര്‍ട്ട് ഹമാസിന്റെ വ്യാജപ്രചാരണങ്ങളെയും വളച്ചൊടിച്ച വസ്തുതകളെയും അടിസ്ഥാനമാക്കിയുള്ളതാണ്. യു.എന്‍ കമ്മീഷനും തെറ്റായ കാര്യം ആവര്‍ത്തിച്ച് പ്രചരിപ്പിക്കുകയാണെന്നും ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.

യു.എന്‍ റിപ്പോര്‍ട്ടിനെ ജനീവയിലെ ഇസ്രഈല്‍ അംബാസഡര്‍ ഡാനിയേല്‍ മെറോണും തള്ളിക്കളഞ്ഞു. വംശഹത്യയെന്ന റിപ്പോര്‍ട്ട് വ്യാജമെന്നും അപമാനകരമെന്നും റിപ്പോര്‍ട്ടിനെ അപലപിച്ചുകൊണ്ട് ഇസ്രഈല്‍ അംബാസഡര്‍ പ്രതികരിച്ചു.

2023 ഒക്ടോബര് ഏഴിന് ശേഷം ഇസ്രഈല്‍ ഗസയില്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഈ ദിവസം വരെ 64,905 പേരെ കൊലപ്പെടുത്തിയെന്നാണ് ഗസയിലെ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നത്.

Content Highlight: Israel is committing genocide in Gaza: UN Commission of Inquiry report