ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള കഴിവ് ഇസ്രഈലിനില്ല, ചെറിയ ഭാഗം മാത്രമേ തകര്‍ക്കാന്‍ സാധിക്കൂ: ട്രംപ്
World News
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള കഴിവ് ഇസ്രഈലിനില്ല, ചെറിയ ഭാഗം മാത്രമേ തകര്‍ക്കാന്‍ സാധിക്കൂ: ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st June 2025, 6:54 am

വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇസ്രഈലിന് കഴിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രഈലിന്റെ സൈനിക ശേഷിയെ കുറിച്ച് സംസാരിക്കവേയാണ് ട്രംപിന്റെ പരാമര്‍ശം.

ഇസ്രഈലിന് വളരെ പരിമിതമായ ശേഷിയേ ഉള്ളൂവെന്നും ഇറാന്റെ ആണവ കേന്ദ്രത്തിന്റെ ചെറിയ ഒരു വിഭാഗം തകര്‍ക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയൂവെന്നും ട്രംപ് പറഞ്ഞു. വളരെ ആഴത്തില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാനുള്ള ശേഷി ഇസ്രഈലിനില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം താന്‍ സമാധാനത്തിന്റെ നേതാവാണെന്നും ചിലപ്പോള്‍ സമാധാനം സ്ഥാപിക്കാന്‍ കുറച്ച് കഷ്ടപ്പാടുണ്ടെന്നും ട്രംപ് പറഞ്ഞു.

നിലവിലും ഇസ്രഈല്‍-ഇറാന്‍ വ്യോമാക്രമണങ്ങള്‍ തുടരുന്നുണ്ടെന്നാണ് വിവരം. ഇറാനിലെ മിസൈല്‍ സംഭരണശാലകളെയും വിക്ഷേപണ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ആരംഭിച്ചതായി ഇസ്രഈല്‍ സൈന്യം അറിയിച്ചിരുന്നു.

ഇറാനിലെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഇസ്രഈല്‍ ബോംബിട്ടതായും ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഘടിപ്പിച്ച മിസൈലുകള്‍ പ്രയോഗിച്ചുകൊണ്ട് ഇറാന്‍ തിരിച്ചടിച്ചതായുമൊക്കെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതേസമയം ഇസ്രഈലി വ്യോമാക്രമണത്തില്‍ ഏകദേശം 400 പേര്‍ കൊല്ലപ്പെട്ടതായും 3000ത്തോളം പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രഈലില്‍ 24 പേര്‍ മരണപ്പെട്ടതായാണ് കണക്ക്.

Content Highlight: Israel does not have the ability to destroy Iran’s nuclear facilities, can only destroy a small part: Trump