മോദിയുടെ സന്ദര്‍ശനത്തിനിടെ ഇറാനെതിരായ ആക്രമണത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല: ഇസ്രഈല്‍
India
മോദിയുടെ സന്ദര്‍ശനത്തിനിടെ ഇറാനെതിരായ ആക്രമണത്തെ കുറിച്ച് ആലോചിച്ചിരുന്നില്ല: ഇസ്രഈല്‍
രാഗേന്ദു. പി.ആര്‍
Thursday, 5th March 2026, 9:32 am

ടെല്‍ അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവേളയില്‍ ഇറാനെതിരായ ആക്രമണത്തെ കുറിച്ച് ആലോച്ചിരുന്നില്ലെന്ന് ഇസ്രഈല്‍. മോദി മടങ്ങിയതിന് ശേഷമാണ് ഇറാനെതിരെ ആക്രമണം നടത്തിയതെന്നും ഇസ്രഈല്‍ അംബാസഡര്‍ റൂവന്‍ അസര്‍ പറഞ്ഞു.

ശരിയായ സമയം വന്നപ്പോളാണ് ആക്രമണം ഉണ്ടായതെന്നും റൂവന്‍ അസര്‍ പ്രതികരിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രാദേശിക വികസനത്തെ കുറിച്ചാണ് സംസാരിച്ചത്. ആ സമയം അന്തിമ തീരുമാനത്തില്‍ എത്താത്ത ഒരു വിഷയത്തെ കുറിച്ച് മോദിയോട് പറയാന്‍ കഴിയില്ലായിരുന്നുവെന്നും അസര്‍ ചൂണ്ടിക്കാട്ടി.

പതിറ്റാണ്ടുകളായി ഇറാനില്‍ നിന്നും ഇസ്രഈല്‍ ഭീഷണി നേരിടുന്നുണ്ടെന്നും അസര്‍ പറഞ്ഞു.

ഈ ഭീഷണിയെ പ്രതിരോധിക്കാന്‍ കോടിക്കണക്കിന് ഡോളറാണ് ഇസ്രഈല്‍ നിക്ഷേപിച്ചിരുന്നത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ഇസ്രഈല്‍ സൈന്യത്തെ കെട്ടിപ്പടുക്കുകയും സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുകയും ചെയ്തു.

ഇറാനില്‍ നിന്ന് മാത്രമല്ല, ഇറാന്റെ പ്രോക്‌സികള്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്നും ഇസ്രഈലിന് ഭീഷണി ഉണ്ടായിരുന്നു. ഈ ഭീഷണികളെയെല്ലാം തടയാന്‍ വ്യത്യസ്തമായ സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടി വന്നുവെന്നും റൂവന്‍ അസര്‍ പറഞ്ഞു.

ഫെബ്രുവരി 25, 26 തീയതികളിലായിരുന്നു മോദിയുടെ ഇസ്രഈല്‍ സന്ദര്‍ശനം. ഇസ്രഈല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത മോദി ഫലസ്തീന്‍ പക്ഷത്തായിരുന്ന ഇന്ത്യയുടെ പരമ്പരാഗത നിലപാട് തിരുത്തിയിരുന്നു.

ഇസ്രഈലിനൊപ്പമാണെന്ന് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ 17 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

തുടര്‍ന്ന് ഫെബ്രുവരി 28നാണ് സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരത്തോടെ ഇസ്രഈലും യു.എസും ചേര്‍ന്ന് ഇറാനില്‍ ആക്രമണം ആരംഭിച്ചത്. മേഖലയില്‍ ഇസ്രഈലിനോടൊപ്പം സഹകരിച്ച യു.എസ് സേനയുടെ സെന്‍ട്രല്‍ കമാന്‍ഡായ സെന്റ്കോമിന് അസര്‍ നന്ദി അറിയിക്കുകയും ചെയ്തു.

ഇതുവരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇസ്രഈലിന്റെ ആക്രമണത്തില്‍ ആയിരത്തിലധികം ആളുകളാണ് ഇസ്രഈലില്‍ കൊല്ലപ്പെട്ടത്. വലിയ നാശനഷ്ടവും ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Content Highlight: Israel did not consider attack on Iran during Modi’s visit

 

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.