ന്യൂയോർക്ക്: വെടിനിർത്തലിന് ശേഷവും ഗസയിലേക്കുള്ള നൂറിലധികം സഹായങ്ങൾ ഇസ്രഈൽ തടഞ്ഞെന്ന് ഐക്യരാഷ്ട്രസഭ. ഒക്ടോബർ 10 മുതൽ ഗസയിലേക്കുള്ള നൂറിലധികം സഹായങ്ങൾ ഇസ്രഈൽ അധികൃതർ നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
പുതപ്പുകൾ, ശൈത്യകാല വസ്ത്രങ്ങൾ, കുടിവെള്ളം, ശുചിത്വ സേവനത്തിനായുള്ള ഉപകരണങ്ങൾ എന്നിവയുൾപ്പടെയുള്ള സാമഗ്രികൾ എത്തിക്കുന്നതിനായുള്ള അപേക്ഷകളാണ് ഇസ്രഈൽ തടഞ്ഞതെന്ന് യു.എൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇസ്രഈൽ തടഞ്ഞുവെച്ച അപേക്ഷകളിൽ 90 ശതമാനവും 330-ലധികം പ്രാദേശിക, അന്തർദേശീയ സർക്കാരിതര സംഘടനകളിൽ നിന്നോ എൻ.ജി.ഒകളിൽ നിന്നോ ആണെന്നും അദ്ദേഹം പറഞ്ഞു.
ഗസയിലേക്ക് ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാൻ സംഘടനകൾക്ക് അധികാരമില്ലെന്ന കാരണത്താലാണ് അപേക്ഷകൾ നിരസിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ 60 ദിവസത്തെ പദ്ധതി പ്രകാരം സഹായം എത്തിക്കാൻ ഐക്യരാഷ്ട്ര സഭ പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ ഇസ്രഈൽ നടത്തുന്ന ഇത്തരം നിയന്ത്രണങ്ങൾ മാനുഷിക സഹായങ്ങൾ എത്തിക്കുന്നത് തടസപ്പെടുത്തുന്നത് തുടരുമെന്നും ഫർഹാൻ ഹഖ് പറഞ്ഞു.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും നിരവധി പ്രദേശങ്ങളിൽ തുടർച്ചയായ സ്ഫോടനങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും കിഴക്കൻ ഖാൻ യൂനിസ്, കിഴക്കൻ ഗാസ നഗരം, തെക്കൻ അതിർത്തിയിലെ റഫ എന്നിവിടങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
‘കിഴക്കൻ ഖാൻ യൂനിസ്, കിഴക്കൻ ഗസ സിറ്റി, റഫ എന്നിവിടങ്ങളിൽ ഇസ്രഈൽ സൈന്യം വിന്യസിച്ചിരിക്കുന്ന ഒന്നിലധികം പ്രദേശങ്ങളിലും, പ്രത്യേകിച്ച് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ തുടർച്ചയായ സ്ഫോടനങ്ങൾ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്,’ ഹഖ് പറഞ്ഞു.
ഒക്ടോബർ 10 മുതൽ പ്രാബല്യത്തിൽ വന്ന ഇസ്രഈലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിലെ ആദ്യത്തെ പിൻവലിക്കൽ രേഖയായ യെല്ലോ ലൈനിന് സമീപം ഇസ്രായേലി ആക്രമണങ്ങൾ തുടരുകയാണെന്നും ഇത് സഹായ പ്രവർത്തകർ ഉൾപ്പെടെയുള്ള സാധാരണക്കാരെ അപകടത്തിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഗസയിലേക്ക് 16,500 ലധികം ഫലസ്തീനികൾക്ക് അടിയന്തര ചികിത്സാ സഹായം വേണമെന്ന് ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. ഇവരെ ഉടൻ ചികിത്സയ്ക്കായി കൂടുതൽ രാജ്യങ്ങളിലേക്ക് കൊണ്ടുപോകണമെന്നും അതിനായി സൗകര്യങ്ങൾ ഒരുക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു.
Content Highlight: Israel blocks more than 100 aid shipments to Gaza after ceasefire: UN