യുദ്ധാനന്തരം ഫലസ്തീനികളെ പുനരധിവസിപ്പിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സമീപിച്ച് ഇസ്രഈലും യു.എസും
World News
യുദ്ധാനന്തരം ഫലസ്തീനികളെ പുനരധിവസിപ്പിക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളെ സമീപിച്ച് ഇസ്രഈലും യു.എസും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th March 2025, 4:04 pm

വാഷിങ്ടണ്‍: യുദ്ധാനന്തരം ഗസയില്‍ നിന്ന്‌ കുടിയൊഴിപ്പിക്കപ്പെടുന്ന ഫലസ്തീനികളെ ഏറ്റെടുക്കാന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ സഹായം തേടി ഇസ്രഈലും യു.എസും. ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, സുഡാന്‍, സൊമാലിയയില്‍ നിന്ന് വേര്‍പെട്ട സൊമാലിലാന്‍ഡ് എന്നീ പ്രദേശങ്ങളെയാണ് യു.എസും ഇസ്രഈലും സമീപിച്ചത്. ഇതിന്റെ ഭാഗമായി ഈ പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി അമേരിക്കന്‍, ഇസ്രഈലി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളായി കണക്കാക്കപ്പെടുന്ന ഈ പ്രദേശങ്ങളിലേക്ക് ഫലസ്തീനികളെ തള്ളിവിടാനുള്ള തീരുമാനത്തില്‍ നിരവധി ധാര്‍മിക, നിയമ പ്രശ്‌നങ്ങള്‍ ഉയരുന്നുണ്ട്. ഈ മൂന്ന് പ്രദേശങ്ങളും ദരിദ്രമാണെന്നതിലുപരി ആഭ്യന്തര കലാപങ്ങളാല്‍ തകര്‍ക്കപ്പെട്ടതും അക്രമങ്ങള്‍ നിറഞ്ഞതുമാണ്. അതിനാല്‍തന്നെ യുദ്ധത്താല്‍ തകര്‍ന്ന ഫലസ്തീനികളെ ‘മനോഹരമായ ഒരു പ്രദേശത്ത്’ പുനരധിവസിപ്പിക്കും എന്ന ട്രംപിന്റെ പ്രഖ്യാപനം തന്നെ സംശയത്തിന്റെ നിഴലിലാണ്.

എന്നാല്‍ യു.എസില്‍ നിന്നുള്ള അഭ്യര്‍ത്ഥനകള്‍ നിരസിച്ചതായി സുഡാനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം സൊമാലിയ, സൊമാലിലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇതിനെപ്പറ്റി വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് പ്രതികരിച്ചത്.

ട്രംപിന്റെ പദ്ധതി പ്രകാരം, ഗസയിലെ ഇരുപത് ലക്ഷത്തിലധികം വരുന്ന ജനങ്ങളെ സ്ഥിരമായി മറ്റൊരിടത്തേക്ക് മാറ്റി യു.എസ് ഗസയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. അതിന് ശേഷം ഗസയില്‍ ഒരു നീണ്ട ശുചീകരണ പ്രക്രിയ നടത്തുമെന്നും ഒരു റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റായി അവിടം വികസിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ഫലസ്തീനികളെ കൂട്ടത്തോടെ നാടുകടത്തുക എന്നത് ഇസ്രഈലിന്റെ ചിരകാല സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം വൈറ്റ് ഹൗസിലെ യോഗത്തില്‍വെച്ച് ട്രംപ് ഈ ആശയം അവതരിപ്പിച്ചതോടെ ഇത് കൂടുതല്‍ ശക്തമായി.

അതേസമയം ട്രംപിന്റെ ഈ നിര്‍ദേശം ഫലസ്തീനികള്‍ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പുറമെ അറബ് രാജ്യങ്ങളടക്കം കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഫലസ്തീനികളെ അവരുടെ സ്ഥലത്ത് തന്നെ താമസിക്കാന്‍ അനുവദിക്കുന്ന പുനര്‍നിര്‍മാണ പദ്ധതി അവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഫലസ്തീനികളെ അവരുടെ മണ്ണ് വിട്ടുപോകാന്‍ നിര്‍ബന്ധിക്കുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്ന് മനുഷ്യാവകാശ സംഘടനകളടക്കം അഭിപ്രായപ്പെട്ടിരുന്നു. എന്നിരുന്നാലും, ട്രംപ് തന്റെ കാഴ്ചപ്പാടില്‍ ഉറച്ചുനില്‍ക്കുന്നതായാണ് വൈറ്റ് ഹൗസ് അറിയിച്ചത്.

ഫലസ്തീനികളെ കുടിയിറക്കണമെന്ന് നിരന്തരം വാദിക്കുന്ന ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, ഫലസ്തീനികളെ സ്വീകരിക്കാന്‍ തയ്യാറുള്ള രാജ്യങ്ങളെ കണ്ടെത്താന്‍ ഇസ്രഈല്‍ തങ്ങളുടെ പ്രതിരോധ മന്ത്രാലയത്തിനുള്ളില്‍ വലിയൊരു എമിഗ്രേഷന്‍ വകുപ്പ് തയ്യാറാക്കുന്നുണ്ടെന്നും അടുത്തിടെ പറഞ്ഞിരുന്നു.

അതേസമയം ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഫലസ്തീനെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് സൊമാലിയയടക്കമുള്ള മൂന്ന് രാജ്യങ്ങളും ദീര്‍ഘകാലമായി സ്വീകരിച്ചിരുന്നത്.

സുഡാന്‍ സൈനിക മേധാവി ജനറല്‍ അബ്ദുല്‍-ഫത്താഹ് ബുര്‍ഹാന്‍ കഴിഞ്ഞ ആഴ്ച കൈറോയില്‍ നടന്ന അറബ് നേതാക്കളുടെ ഉച്ചകോടിയില്‍ ഫലസ്തീനികളെ അവരുടെ നാട്ടില്‍ നിന്ന് പുറത്താക്കാന്‍ ലക്ഷ്യമിടുന്ന ഏതൊരു പദ്ധതിയെയും തന്റെ രാജ്യം പൂര്‍ണമായും നിരസിക്കുന്നുമെന്ന് പറഞ്ഞിരുന്നു.

Content Highlight: Israel and US reach out to African countries to resettle Palestinians after war