ഹാട്രിക് സഞ്ജു സാംസണ് ശേഷം ഇഷാന്‍ കിഷന്‍; പാകിസ്ഥാനെതിരെ പിറന്നത് റെക്കോഡുകളുടെ പെരുമഴ
T20 world cup
ഹാട്രിക് സഞ്ജു സാംസണ് ശേഷം ഇഷാന്‍ കിഷന്‍; പാകിസ്ഥാനെതിരെ പിറന്നത് റെക്കോഡുകളുടെ പെരുമഴ
ആദര്‍ശ് എം.കെ.
Monday, 16th February 2026, 7:39 am

ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ 8ന് യോഗ്യത നേടിയിരിക്കുകയാണ്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരവും വിജയിച്ച് ഇന്ത്യ അടുത്ത റൗണ്ടിന് ടിക്കറ്റെടുത്തത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 18 ഓവറില്‍ വെറും 114 റണ്‍സിന് ഓള്‍ ഔട്ടായി.

40 പന്തില്‍ 77 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. പത്ത് ഫോറും മൂന്ന് സിക്‌സറും അടക്കം 192.50 സ്‌ട്രൈക് റേറ്റിലായിരുന്നു ഇഷാന്റെ പ്രകടനം. ഈ വെടിക്കെട്ടിന് പിന്നാലെ കളിയിലെ താരമായും ഇഷാന്‍ കിഷന്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഇതോടെ എണ്ണം പറഞ്ഞ പല റെക്കോഡുകളും ഇഷാന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുകയാണ്.

ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നേട്ടമാണ് ഇഷാന്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ രണ്ടാമത് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം കൂടിയാണിത്.

ഇതോടെ സഞ്ജു സാംസണ് ശേഷം അന്താരാഷ്ട്ര ടി-20യില്‍ ഒന്നിലധികം തവണ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും ഇഷാന്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തു.

2024ലും 2025ലുമായി മൂന്ന് തവണയാണ് സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ടി-20യില്‍ കളിയിലെ താരമാകുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറായത്.

സഞ്ജു സാംസണ്‍. Photo: BCCI

ടി-20ഐയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍

(താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ദിനേഷ് കാര്‍ത്തിക് – ബംഗ്ലാദേശ് – 2018

കെ.എല്‍. രാഹുല്‍ – ന്യൂസിസലാന്‍ഡ് – 2020

റിഷബ് പന്ത് – വെസ്റ്റ് ഇന്‍ഡീസ് – 2022

ഇഷാന്‍ കിഷന്‍ – ശ്രീലങ്ക – 2022

സഞ്ജു സാംസണ്‍ – ബംഗ്ലാദേശ് – 2024

സഞ്ജു സാംസണ്‍ – സൗത്ത് ആഫ്രിക്ക – 2024

സഞ്ജു സാംസണ്‍ – ഒമാന്‍ – 2025

ഇഷാന്‍ കിഷന്‍ – പാകിസ്ഥാന്‍ – 2026*

ഇതിനൊപ്പം ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന നാലാം ഇന്ത്യന്‍ വിക്കറ്റ് കീപ്പറായും ഇഷാന്‍ കിഷന്‍ മാറി.

ഐ.സി.സി ടൂര്‍ണമെന്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍

(താരം – എതിരാളികള്‍ – ടൂര്‍ണമെന്റ് എന്നീ ക്രമത്തില്‍)

ഫാറൂഖ് എന്‍ജിനീയര്‍ – ഈസ്റ്റ് ആഫ്രിക്ക – 1975 ലോകകപ്പ്

എം.എസ്. ധോണി – ശ്രീലങ്ക – 2011 ഏകദിന ലോകകപ്പ്

കെ.എല്‍. രാഹുല്‍ – ഓസ്‌ട്രേലിയ – 2023 ഏകദിന ലോകകപ്പ്

ഇഷാന്‍ കിഷന്‍ – പാകിസ്ഥാന്‍ – 2026 ടി-20 ലോകകപ്പ്

മത്സരത്തില്‍ ഇഷാന്‍ കിഷന് പുറമെ സൂര്യകുമാര്‍ യാദവ് (29 പന്തില്‍ 32), ശിവം ദുബെ (17 പന്തില്‍ 27), തിലക് വര്‍മ (24 പന്തില്‍ 25) എന്നിവരാണ് ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 175ലെത്തി.

പാകിസ്ഥാനായി സയീം അയ്യൂബ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെ റണ്‍ ഔട്ടായി മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ, ഉസ്മാന്‍ താരിഖ്, ഷഹീന്‍ ഷാ അഫ്രിദി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തൊട്ടതെല്ലാം പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ സാഹിബ്‌സാദ ഫര്‍ഹാനെ പൂജ്യത്തിന് നഷ്ടപ്പെട്ട പാകിസ്ഥാന് സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് കയറും മുമ്പേ മറ്റ് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടപ്പെട്ടു.

വിക്കറ്റ് കീപ്പര്‍ ഉസ്മാന്‍ ഖാന്‍ മാത്രമാണ് പാക് നിരയില്‍ ചെറുത്തുനില്‍പ്പിനെങ്കിലും ശ്രമിച്ചത്. 34 പന്ത് നേരിട്ട താരം 44 റണ്‍സ് നേടി മടങ്ങി. 19 പന്തില്‍ പുറത്താകാതെ 23 റണ്‍സ് നേടിയ ഷഹീന്‍ അഫ്രിദിയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ 18 ഓവറില്‍ വിജയത്തിന് 62 റണ്‍സകലെ പാകിസ്ഥാന്‍ തോറ്റുമടങ്ങുകയായിരുന്നു.

ഇന്ത്യയ്ക്കായി ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ തിലക് വര്‍മയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

 

Content Highlight: Ishan Kishan becomes 1st Indian to win a POTM in ICC T20 World Cup

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.