ഇതാണോ യു.ഡി.എഫിലെ ലിംഗനീതി? 'ആണ്‍കുട്ടികള്‍ ഭരിക്കും' പ്രസ്താവനയിലെ യു.ഡി.എഫ് വനിതാ നേതാക്കളുടെ മൗനത്തില്‍ കെ.കെ. ഷൈലജ
Kerala
ഇതാണോ യു.ഡി.എഫിലെ ലിംഗനീതി? 'ആണ്‍കുട്ടികള്‍ ഭരിക്കും' പ്രസ്താവനയിലെ യു.ഡി.എഫ് വനിതാ നേതാക്കളുടെ മൗനത്തില്‍ കെ.കെ. ഷൈലജ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd November 2025, 6:29 pm

കണ്ണൂര്‍: അടുത്ത സര്‍ക്കാര്‍ ‘ആണ്‍കുട്ടികള്‍ ഭരിക്കും’ എന്ന പ്രസ്താവന നടത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും ഇതിനെതിരെ പ്രതികരണം നടത്താത്ത യു.ഡി.എഫിലെ വനിതാനേതാക്കളെയും വിമര്‍ശിച്ച് സി.പി.ഐ.എം നേതാവ് കെ.കെ ഷൈലജ.

വേണുഗോപാലിന്റെ പ്രസ്താവനയിലൂടെ പുരോഗമന സമൂഹത്തില്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ അയോഗ്യരായവരാണ് യു.ഡി.എഫിന്റെ നേതൃസ്ഥാനത്തിരിക്കുന്നതെന്ന് വീണ്ടും തെളിഞ്ഞെന്ന് കെ.കെ ഷൈലജ പറഞ്ഞു.

മുസ്‌ലിം ലീഗ് എം.എല്‍.എ പി.എം.എ സലാം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ നടത്തിയത് ഇതിനെക്കാള്‍ പ്രാകൃതമായ പ്രതികരണമാണെന്നും ഷൈലജ വിമര്‍ശിച്ചു.

ഈ രണ്ട് പ്രതികരണങ്ങളോടും കോണ്‍ഗ്രസിലെയോ യു.ഡി.എഫിലെയോ വനിതാ നേതാക്കളാരും ഒരു എതിരഭിപ്രായം പോലും രേഖപ്പെടുത്തിയില്ലെന്നും ഇത് ലിംഗനീതിക്ക് കോണ്‍ഗ്രസും യു.ഡി.എഫും നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നുണ്ടെന്നും കെ.കെ. ഷൈലജ അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് കുറപ്പിലൂടെയായിരുന്നു വിമര്‍ശനം.

കെ.കെ. ഷൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഒരു പുരോഗമന സമൂഹത്തില്‍ സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തീര്‍ത്തും അയോഗ്യരാണ് യു.ഡി.എഫിന്റെ നേതൃസ്ഥാനത്തിരിക്കുന്നതെന്ന് വീണ്ടും വീണ്ടും വ്യക്തമാക്കുന്നതാണ് പൊതുസമൂഹത്തില്‍ അവര്‍ നടത്തുന്ന പ്രതികരണങ്ങള്‍.

അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേരളത്തില്‍ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്നാണ് കഴിഞ്ഞ ദിവസം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്. ഷാനിമോള്‍ ഉസ്മാനെ സമീപത്ത് നിര്‍ത്തിയാണ് കെസി വേണുഗോപാല്‍ ഈ പ്രതികരണം നടത്തിയത്.

ലീഗ് എം.എല്‍.എ. പി.എം.എ. സലാം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ നടത്തിയത് ഇതിനെക്കാള്‍ പ്രാകൃതമായ പ്രതികരണമാണ്. കോണ്‍ഗ്രസിലെയോ യു.ഡി.എഫിലെയോ വനിതാ നേതാക്കളില്‍ നിന്നും ഇതുവരെയായും ഒരു എതിരഭിപ്രായം പോലും ഈ പ്രതികരണങ്ങള്‍ക്കെതിരായി ഉയര്‍ന്നില്ലെന്നത് ലിംഗനീതിക്ക് കോണ്‍ഗ്രസും യു.ഡി.എഫും നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്.

കഴിഞ്ഞദിവസം ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേരളത്തില്‍ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞത്.

കേരളത്തെ അതിദരിദ്രമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതിനെതിരെ സംസാരിക്കുകയായിരുന്നു വേണുഗോപാല്‍.

ഈ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ വേണ്ടിയാണ്. യു.ഡി.എഫ് വന്നാല്‍ എല്ലാം നടപ്പിലാക്കുമെന്ന് ഇടതുപക്ഷത്തിനറിയാം അതുകൊണ്ടാണ് പ്രഖ്യാപനങ്ങള്‍.

അടുത്ത തവണ ആണ്‍കുട്ടികളുടെ സര്‍ക്കാര്‍ വരുമെന്ന് അവര്‍ക്കറിയാമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്.

അതേസമയം, മുസ്‌ലിം ലീഗ് എം.എല്‍.എ പി.എം.എ. സലാം മുഖ്യമന്ത്രിയെ ‘ആണും പെണ്ണുംകെട്ടവന്‍’ എന്ന് വിളിച്ചാണ് വിവാദത്തിലായത്.

ആണും പെണ്ണും കെട്ടവനനായതുകൊണ്ടാണ് കേന്ദ്രത്തിന്റെ പി.എം. ശ്രീയില്‍ ഒപ്പുവെയ്ക്കാന്‍ മുഖ്യമന്ത്രി തയ്യാറായതെന്നായിരുന്നു പി.എം.എ സലാം പറഞ്ഞത്.

മലപ്പുറം വാഴക്കാട് പഞ്ചായത്തില്‍ നടന്ന മുസ്‌ലിം ലീഗ് സമ്മേളനത്തിലായിരുന്നു സലാമിന്റെ പ്രസ്താവന.

Content Highlight: Is this gender justice in the UDF? K.K. Shailaja on the silence of UDF women leaders on the ‘boys will rule’ statement