ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമയ്ക്ക് പരിചിതയായ നിര്‍മാതാവാണ് സോഫിയ പോള്‍. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് സോഫിയ പോള്‍ നിര്‍മാതാവായി എത്തുന്നത്. പിന്നീട് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മിന്നല്‍ മുരളി, ആര്‍.ഡി.എക്‌സ്, കൊണ്ടല്‍ എന്നീ ചിത്രങ്ങള്‍ അവര്‍ നിര്‍മിച്ചു.
ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഡിക്റ്ററ്റീവ് ഉജ്വലന്‍. സോഫിയ പോളാണ് ചിത്രത്തിന്റെ നിര്‍മാണം. ധ്യാനിന്റെ മുമ്പുള്ള ചിത്രങ്ങളില്‍ ഭൂരിഭാഗവും പരാജയ ചിത്രങ്ങള്‍ ആയതിനാല്‍ ഈ സിനിമ ചെയ്യുമ്പോള്‍ അതിനെ കുറിച്ച് എന്തെങ്കിലും ടെന്‍ഷന്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോള്‍ സോഫിയ പോള്‍.
സിനിമയുടെ ഉള്ളടക്കം അല്ലെങ്കില്‍ അതിന്റെ കഥയാണ് എപ്പോഴും മലയാളത്തില്‍ ഹീറോ എന്ന് സോഫിയ പോള്‍ പറയുന്നു. വലിയ താരത്തെ വെച്ച് മാത്രം സിനിമ ചെയ്യുമ്പോള്‍ അത് വിജയിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും മലയാളത്തില്‍ സിനിമയുടെ കണ്ടന്റാണ് എപ്പോഴും ഹീറോയെന്നും അവര്‍ പറയുന്നു. ഈ കഥയ്ക്ക് ഏറ്റവും അനുയോജ്യം ധ്യാനാണെന്ന് തങ്ങള്‍ക്ക് തോന്നിയെന്നും സിനിമയുടെ കഥയില്‍ താന്‍ ഉറച്ചു വിശ്വസിക്കുന്നുണ്ടെന്നും സോഫിയാ പോള്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘മലയാളത്തില്‍ നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ എപ്പോഴും കണ്ടന്റ് ആണ് ഹീറോ. നമ്മള്‍ വലിയ ആക്ടേഴ്‌സിനെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ഓടുന്നത് അപൂര്‍വ്വമായിരിക്കും. എനിക്ക് തോന്നുന്നില്ല കഥ മോശമാണെങ്കില്‍ സിനിമ ഓടുമെന്ന്. കഥ മോശമാണെങ്കില്‍ ആര് അഭിനയിച്ചാലും ഒന്നും ഓടില്ല. ധ്യാന്‍ നല്ലൊരു ആക്ടര്‍ ആണ്, ഞങ്ങള്‍ക്ക് കഥ ഇഷ്ടമായപ്പോള്‍ ധ്യാനിനെ കണ്ടു. പിന്നെ നമുക്ക് തോന്നി ധ്യാന്‍ ഇതിന് ആപ്റ്റ് ആയിരിക്കുമെന്ന്. കഥ ധ്യാനിനും ഇഷ്ടപ്പെട്ടു. നമ്മള്‍ അവിടെ ആ കഥയിലാണ് വിശ്വസിക്കുന്നത്. നമുക്ക് ആ കഥയില്‍ നല്ല വിശ്വാസമുണ്ട്. അത് ആളുകള്‍ക്ക് ഇഷ്ടപ്പെടുമെന്നുള്ള കോണ്‍ഫിഡന്‍സുണ്ട്,’ സോഫിയ പോള്‍ പറയുന്നു.
Content Highlight: Is there tension in making a film with Dhyan? Sophia Paul responds