പ്രണയിക്കുന്നത് കുറ്റകരമാണോ? പ്രണയവും ബലാത്സംഗവും തിരിച്ചറിയണമെന്ന് സുപ്രീം കോടതി
India
പ്രണയിക്കുന്നത് കുറ്റകരമാണോ? പ്രണയവും ബലാത്സംഗവും തിരിച്ചറിയണമെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th August 2025, 9:38 pm

ന്യൂദല്‍ഹി: കൗമാരക്കാര്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസും യഥാര്‍ത്ഥ പ്രണയവുമായി ബന്ധപ്പെട്ട കേസും തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീം കോടതി.

ലൈഗിംക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തില്‍ നിലവിലെ പ്രായം 18ല്‍ നിന്നും 16 ആക്കി കുറയ്ക്കണോ എന്ന് ചോദിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആര്‍. മഹാദേവന്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്.

രണ്ടുപേര്‍ക്ക് പരസ്പരം വികാരം തോന്നുകയും പ്രണയിക്കുകയും ചെയ്യുന്നത് തെറ്റാണോ എന്ന് ചോദിച്ച സുപ്രീം കോടതി, ബലാത്സംഗം പോലുള്ള ക്രിമിനല്‍ പ്രവര്‍ത്തിയും പ്രണയവും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നും പറഞ്ഞു.

‘രണ്ടുപേര്‍ പരസ്പരം ഇഷ്ടപ്പെടുമ്പോഴാണ് യഥാര്‍ത്ഥ പ്രണയങ്ങള്‍ ഉണ്ടാകുന്നത്. അവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇത്തരം കേസുകളെ ക്രിമിനല്‍ കുറ്റമായി കണക്കാക്കരുത്,’ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു.

പോക്‌സോ നിയമപ്രകാരം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കേസ് ഫയല്‍ ചെയ്യുന്നത് മൂലം ആണ്‍ സുഹൃത്ത് ജയിലില്‍ പോകുന്നതാണ് കണ്ടുവരുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

പ്രസ്തുത കേസ് തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത് എന്നിവയാണോ അല്ലെങ്കില്‍ അത് യഥാര്‍ത്ഥ പ്രണയമാണോ എന്നും കോടതി ചോദിച്ചു.

ഹരജിക്കാരായ സംഘടനയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എച്ച്. എസ്. ഫൂല്‍ക്കയോട് സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധത്തിന് സമാനമായ വിഷയം സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് പരിഗണിക്കുന്നുണ്ടെന്ന് ഫൂല്‍ക്ക ചൂണ്ടിക്കാട്ടി. കേസ് ഓഗസ്റ്റ് 26ലേക്ക് മാറ്റി.

പോക്‌സോ ആക്ടിലെ പ്രായപരിധി ഉയര്‍ത്തുന്ന കേസില്‍, നിയമപ്രകാരം പ്രായപൂര്‍ത്തിയാകുന്നത് 18 വയസോടെ ആണെന്ന് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ബന്ധത്തില്‍ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനത്തില്‍ എത്തിയതെന്നും കേന്ദ്രം കോടതിയോട് പറഞ്ഞു.

Content Highlight: Is it a crime to fall in love asking Supreme Court