ഇര്‍ഷാദിനെ തിരിച്ചറിഞ്ഞു; ദീപക് എവിടെ...?
Kerala News
ഇര്‍ഷാദിനെ തിരിച്ചറിഞ്ഞു; ദീപക് എവിടെ...?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th August 2022, 3:55 pm

കോഴിക്കോട്: തിക്കോടി കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം പന്തിരിക്കര സൂപ്പിക്കടയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേത് തന്നെയെന്ന് ഡി.എന്‍.എ പരിശോധന റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ മേപ്പയ്യൂര്‍ സ്വദേശിയായ ദീപക്ക് എവിടെയെന്നത് ദുരൂഹതയാവുന്നു.

ഇര്‍ഷാദിന്റെ മൃതദേഹം മേപ്പയ്യൂര്‍ സ്വദേശിയായ ദീപക്കിന്റേതാണെന്ന സംശയത്തില്‍ അവരുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങിയിരുന്നു. ഇവര്‍ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ഇക്കാര്യത്തില്‍ സംശയമുണ്ടായതിനെ തുടര്‍ന്ന് ഇര്‍ഷാദിന്റെ മാതാപിതാക്കളുടെ രക്തസാംപിള്‍ ശേഖരിച്ച് വ്യാഴാഴ്ച കണ്ണൂരിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ ഡി.എന്‍.എ. പരിശോധനക്കായി അയക്കുകയായിരുന്നു.

ഇതിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ മൃതദേഹം ഇര്‍ഷാദിന്റെതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇര്‍ഷാദിന്റേത് കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരം പൊലീസിന് കിട്ടിയെന്നാണ് സൂചന.

അതേസമയം ദീപക്കിനെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി വേണമെന്ന് അമ്മ ശ്രീലത പറഞ്ഞു. റൂറല്‍ എസ്.പിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഇന്നലെയും എസ്.പിയെ നേരിട്ട് പോയി കണ്ടിരുന്നെന്നും ശ്രീലത പറഞ്ഞു. മകനെ എത്രയും പെട്ടെന്ന് കണ്ടെത്തി തരണം. മുമ്പും മകന്‍ വീട്ടില്‍ നിന്ന് പോയി തിരികെ വന്നിട്ടുള്ളതിനാല്‍ ഇത്തവണയും തിരിച്ചുവരുമെന്നാണ് കരുതിയത്. അതുകൊണ്ടാണ് പരാതി കൊടുക്കാന്‍ വൈകിയതെന്നും അമ്മ ശ്രീലത പറഞ്ഞു. ജൂണ്‍ ആറിനാണ് മേപ്പയൂര്‍ സ്വദേശി ദീപക്കിനെ കാണാതാവുന്നത്.

മുമ്പും വീട് വിട്ടുപോയ ചരിത്രമുളളതിനാല്‍ ദീപക്കിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കാന്‍ ഒരു മാസം വൈകി. ജൂലൈ ഒമ്പതിനാണ് മേപ്പയൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഈ കേസിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് ഒരു മൃതദേഹം കണ്ടെത്തിയത്. ഇവര്‍ മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കുകയായിരുന്നു.

തട്ടിക്കൊണ്ടുപോകപ്പെട്ട ഇര്‍ഷാദ് പുറക്കാട്ടിരി പാലം പരിസരത്തുവെച്ച് പുഴയിലേക്ക് ചാടിയെന്ന സംശയത്തിന്റെ തുടര്‍ച്ചയായാണ് ഡി.എന്‍.എ. പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. ജൂലായ് 17നാണ് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തുന്നത്. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര ആവടുക്കയിലെ കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിനെ കാണാതായതിന്റെ പിറ്റേന്നാണ് കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.

Content Highlight: Irshad was identified; Where is Deepak; Mystery in death