ഞങ്ങള്‍ എടുക്കുന്ന സിനിമ മലപ്പുറത്ത് തന്നെയാവണമെന്ന വാശിയെന്തിനാണ്; അവതാരകനോട് ഇര്‍ഷാദ് പരാരി
Film News
ഞങ്ങള്‍ എടുക്കുന്ന സിനിമ മലപ്പുറത്ത് തന്നെയാവണമെന്ന വാശിയെന്തിനാണ്; അവതാരകനോട് ഇര്‍ഷാദ് പരാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th April 2023, 12:20 pm

തങ്ങള്‍ ചെയ്യുന്ന സിനിമ മലപ്പുറത്ത് തന്നെയാവണമെന്ന് വാശി പിടിക്കുന്നതെന്തിനാണെന്ന് സംവിധായകന്‍ ഇര്‍ഷാദ് പരാരി. ഒരു കഥ തെരഞ്ഞെടുക്കുമ്പോള്‍ അത് എവിടെ പ്ലേസ് ചെയ്യണമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും എക്‌സൈറ്റ്‌മെന്റും ഫ്രെഷ്‌നെസും തരുന്ന പരിസരത്തില്‍ സെറ്റ് ചെയ്യാം എന്നുള്ളത് വളരെ സ്വഭാവികമായ ചിന്തയാണെന്നും ഇര്‍ഷാദ് പറഞ്ഞു.

പുതിയ ചിത്രമായ അയല്‍വാശിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംവിധായകന്റെ പരാമര്‍ശങ്ങള്‍.

‘ഈ സിനിമ ഈസിയായി മലപ്പുറത്ത് സെറ്റ് ചെയ്യാം, ആ ഭാഗം നിങ്ങള്‍ക്ക് അറിയാവുന്നതാണ്, പക്ഷേ കഥ സെറ്റ് ചെയ്തിരിക്കുന്നത് തെക്ക് ഭാഗത്തുള്ള സ്ഥലത്താണ്. ഭാഷക്കും ബോഡി ലാംഗ്വേജിനുമെല്ലാം വ്യത്യാസമുണ്ടാവും. ഇതൊരു ചലഞ്ചായി ഏറ്റെടുത്ത് ചെയ്തതാണോ, അതോ എക്‌സൈറ്റ്‌മെന്റിനാണോ കഥ ഇവിടെ പ്ലേസ് ചെയ്തത്.’ എന്നായിരുന്നു അവതാരകന്റെ ചോദ്യം.

‘ഞങ്ങള്‍ കണ്‍സീവ് ചെയ്യുന്ന സിനിമ മലപ്പുറത്ത് തന്നെയാവണമെന്ന വാശിയെന്തിനാണ് നിങ്ങള്‍ക്ക്? ഞങ്ങള്‍ അങ്ങനെയേ ചിന്തിക്കുകയുള്ളൂവെന്ന് തോന്നിയിട്ടുണ്ടോ? ഒരു കഥ തെരഞ്ഞെടുക്കുമ്പോള്‍ അത് എവിടെ പ്ലേസ് ചെയ്യണമെന്നതില്‍ ഞങ്ങള്‍ക്ക് ഫ്‌ളിക്‌സിബിളിറ്റി ഉണ്ട്.

ഞങ്ങള്‍ക്ക് തന്നെ എക്‌സൈറ്റ്‌മെന്റും ഫ്രെഷുമായി തോന്നുന്ന ഒരു പരിസരത്തില്‍ സെറ്റ് ചെയ്യാം എന്നുള്ളത് വളരെ സ്വഭാവികമായ ചിന്തയാണ്. പിന്നെ എന്തിനാണ് ഞങ്ങള്‍ മലപ്പുറം അല്ലെങ്കില്‍ മലബാര്‍ കഥകള്‍ തന്നെ പറയണം എന്നുള്ള വാശി,’ ഇര്‍ഷാദ് പറഞ്ഞു.

പെരുന്നാള്‍ റിലീസായി ഏപ്രില്‍ 21-നാണ് സിനിമ പ്രദര്‍ശനത്തിന് എത്തുന്നത്. ഇര്‍ഷാദ് തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നസ്‌ലിന്‍, നിഖില വിമല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. സൗഹൃദങ്ങള്‍ക്കും കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്‌നറാണ് സിനിമ.

Content Highlight: irshad parari reply for movies set in malapuram