സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജി: മുഴുവന്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും കക്ഷിചേര്‍ക്കണം: കേന്ദ്ര സര്‍ക്കാര്‍
national news
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജി: മുഴുവന്‍ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളെയും കക്ഷിചേര്‍ക്കണം: കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2023, 12:00 pm

ന്യൂദല്‍ഹി: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട വാദം സുപ്രീം കോടതിയില്‍ നടക്കവേ പുതിയ സത്യവാങ്മൂലം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജിയില്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കക്ഷിയാക്കണമെന്ന സത്യവാങ്മൂലമാണ് കേന്ദ്രം സമര്‍പ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളില്‍ വിവാഹത്തെക്കുറിച്ച് പറയുന്നുണ്ടെന്നും അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം അറിയേണ്ടത് ആവശ്യമാണെന്നും കേന്ദ്രം പറഞ്ഞു.

‘കണ്‍കറന്റ് ലിസ്റ്റിന്റെ അഞ്ചാം ലിസ്റ്റില്‍ കല്യാണം, വിവാഹ മോചനം, ദത്തെടുക്കല്‍, കൂട്ടുകുടുംബവും വിഭജനവും, പിന്തുടര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നതാണ്. അതില്‍ ഏതെങ്കിലും ഒന്നില്‍ വ്യത്യാസം വരികയാണെങ്കില്‍ മറ്റുള്ളവയെ തീര്‍ച്ചയായും ബാധിക്കുന്നതായിരിക്കും.

അതുകൊണ്ട് തന്നെ സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് അവകാശമുണ്ട്. പ്രത്യേകിച്ചും ഈ വിഷയത്തിലെ നിയനിര്‍മാണത്തില്‍ അവകാശമുണ്ട്. നിലവില്‍ വിവിധ സംസ്ഥാനങ്ങള്‍ സ്വവര്‍ഗവിവാഹത്തില്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്. അതിനാല്‍ സംസ്ഥാനങ്ങളെ ഇതില്‍ കക്ഷിചേര്‍ക്കണം,’ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നോട്ടീസ് നല്‍കിയിട്ടില്ലെങ്കിലും സംസ്ഥാനങ്ങളുമായി കൂടിയാലോചന ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. എങ്കിലും ഈ വിഷയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉള്ളതിനാല്‍ നിലവിലെ നടപടികളില്‍ സംസ്ഥാനങ്ങളെ കക്ഷി ചേര്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

‘സംസ്ഥാനങ്ങളെ കക്ഷിച്ചേര്‍ക്കാതെ എടുക്കുന്ന ഏതൊരു വിധിയും അപൂര്‍ണമായിരിക്കും. പകരം സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുവാനും അവരുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ആരായാനും അനുവദിക്കണം,’ കേന്ദ്രം പറഞ്ഞു.

സ്വവര്‍ഗവിവാഹം നിയമവിധേയമാക്കണമെന്ന ഹരജിയിലെ വാദം ചൊവ്വാഴ്ച മുതല്‍ ആയിരുന്നു ആരംഭിച്ചത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ഹിമ കോഹ്‌ലി ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

അതേസമയം നിലവിലുള്ള വ്യക്തിനിയമങ്ങളില്‍ കടക്കാതെയാകും സ്വവര്‍ഗവിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് കഴിഞ്ഞ ദിവസം കോടതി പറഞ്ഞിരുന്നു. പുരുഷനും സ്ത്രീയുമെന്ന ആശയം പൂര്‍ണമായും ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ളതല്ലെന്നും കോടതി പറഞ്ഞു.

എന്നാല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനുള്ള ആവശ്യത്തിന് പിന്നില്‍ സാമൂഹ്യ സ്വീകാര്യത നേടിയെടുക്കാനുള്ള കേവലമായ നഗര കേന്ദ്രീകൃത വരേണ്യ ബോധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

വിവാഹമെന്നത് വ്യത്യസ്ത ലിംഗങ്ങളില്‍ പെട്ടവര്‍ക്കിടയില്‍ മാത്രമുള്ള ജീവിത സംവിധാനമായി ക്രമീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും (Exclusively heterogenous institution), വിവാഹത്തിന് അംഗീകാരം നല്‍കുന്നത് നിയമപരമായ ചുമതലയാണെന്നും ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കുന്നതില്‍ നിന്ന് കോടതി വിട്ട് നില്‍ക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന് മുമ്പും സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെതിരെ വിവിധ മത നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജം ഇയ്യത്ത് ഉലമ എ ഹിന്ദ്, കമ്യൂണിയന്‍ ഓഫ് ചര്‍ച്ചസ്, അകാല്‍ തക്ത്, അജ്മീര്‍ ദര്‍ഗയില്‍ നിന്നുള്ള പ്രതിനിധികള്‍, ജൈന സമൂഹത്തില്‍ നിന്നുള്ള ഗുരുക്കന്മാര്‍ എന്നിവരാണ് വിഷയത്തില്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയത്. സ്വവര്‍ഗ വിവാഹം സ്വാഭാവികമായ കുടുംബക്രമത്തിന് വിരുദ്ധമാണെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. ആര്‍.എസ്.എസും സ്വവര്‍ഗ വിവാഹത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഇവരെല്ലാം സമര്‍പ്പിച്ച ഹരജിയിലാണ് ഇപ്പോള്‍ സുപ്രീം കോടതി വാദം കേട്ടുകൊണ്ടിരിക്കുന്നത്.

content highlight: Plea to legalize same-sex marriage: All states and Union Territories should join: Union Govt.