നരസിംഹത്തിലൂടെ കിട്ടാത്ത പോപ്പുലാരിറ്റി എങ്ങനെ രാവണപ്രഭുവിലൂടെ കിട്ടി? ഉത്തരം ഞാന്‍ തന്നെ കണ്ടെത്തി: ഇര്‍ഷാദ് അലി
Entertainment
നരസിംഹത്തിലൂടെ കിട്ടാത്ത പോപ്പുലാരിറ്റി എങ്ങനെ രാവണപ്രഭുവിലൂടെ കിട്ടി? ഉത്തരം ഞാന്‍ തന്നെ കണ്ടെത്തി: ഇര്‍ഷാദ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 11:43 pm

ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് ഇര്‍ഷാദ് അലി. 1995ല്‍ പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന സിനിമയിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ പ്രേക്ഷകര്‍ ഓര്‍ത്തുവെക്കുന്ന ചെറിയ വേഷങ്ങള്‍ ചെയ്യാന്‍ ഇര്‍ഷാദിന് സാധിച്ചിരുന്നു.

അതില്‍ ഒന്നാണ് മോഹന്‍ലാല്‍ ചിത്രമായ രാവണപ്രഭു. സിനിമയില്‍ ഇര്‍ഷാദ് ഒരു സീനില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ മോഹന്‍ലാലിന്റെ മംഗലശ്ശേരി നീലകണ്ഠന്‍ എന്ന കഥാപാത്രത്തെ കൊല്ലാന്‍ കൊണ്ടുപോകുന്ന ഡ്രൈവറായിട്ടാണ് ഇര്‍ഷാദ് അഭിനയിച്ചത്.

ആ ഒരൊറ്റ സീനിലൂടെ തന്നെ ഇര്‍ഷാദിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം മോഹന്‍ലാലിന്റെ നരസിംഹം എന്ന സിനിമയിലും നടന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ നരസിംഹം സിനിമയിലേതിനേക്കാള്‍ തനിക്ക് പോപ്പുലാരിറ്റി കിട്ടിയത് രാവണപ്രഭുവിലൂടെയാണെന്ന് പറയുകയാണ് ഇര്‍ഷാദ് അലി.

‘ഞാന്‍ മുണ്ടക്കല്‍ ശേഖരന്റെ ഡ്രൈവറായി വന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്നു. ഞാന്‍ നരസിംഹത്തില്‍ അഭിനയിച്ചിട്ട് എനിക്ക് അത്ര വലിയ പോപ്പുലാരിറ്റിയൊന്നും കിട്ടിയിരുന്നില്ല. അതില്‍ ഒരുപാട് ആളുകളുടെ കൂട്ടത്തില്‍ ഒരാള്‍ മാത്രമായിരുന്നു ഞാന്‍. മാത്രമല്ല, അതൊരു മാസ് പടമായിരുന്നല്ലോ.

നരസിംഹത്തിലൂടെ പോപ്പുലാരിറ്റി കിട്ടിയില്ല എന്നല്ല ഞാന്‍ പറയുന്നത്. എനിക്ക് അതിനേക്കാള്‍ പോപ്പുലാരിറ്റി കിട്ടിയത് മുണ്ടക്കല്‍ ശേഖരന്റെ ഡ്രൈവറായി വന്നപ്പോഴാണ്. അതും ഒരൊറ്റ സീനിലാണ് വന്നത്. ഞാന്‍ പലപ്പോഴും ആലോചിച്ചിരുന്ന ഒരു കാര്യമായിരുന്നു അത്.

അവസാനം അതിന്റെ കാരണം ഞാന്‍ കണ്ടെത്തി. അന്ന് ഞാന്‍ കൊല്ലാന്‍ കൊണ്ടുപോയത് ആരെയാണെന്ന് ഓര്‍ക്കണം. മംഗലശ്ശേരി നീലകണ്ഠനെ ആയിരുന്നു. അതായിരുന്നു കാര്യം. അതിന്റെ ദേഷ്യം ലാലേട്ടന്‍ ഫാന്‍സിന് ഉണ്ടായിരുന്നു,’ ഇര്‍ഷാദ് അലി പറയുന്നു.


Content Highlight: Irshad Ali Talks About His Role In Ravanaprabhu Movie And Narasimham