എത്ര എഴുതിയാലും പറഞ്ഞാലും തീരാത്ത ബന്ധമാണ് ലാലേട്ടനുമായുള്ളതെന്നും എന്ത് കുസൃതിയും പറയാന്‍ പറ്റിയ മനുഷ്യനാണ് ലാലേട്ടനെന്നും പറയുകയാണ് നടനായ ഇര്‍ഷാദ് അലി. കാലം കഴിയും തോറും വെള്ളം പോലെ ഏത് പാത്രത്തിലേക്കും മാറ്റാന്‍ പറ്റിയ രൂപത്തിലേക്ക് മാറുകയാണ് ലാലേട്ടന്റെ വ്യക്തിത്വമെന്ന് ഇര്‍ഷാദ് പറഞ്ഞു.
എങ്ങനെയാണ് ആളുകള്‍ക്ക് ഇത്തരത്തില്‍ മാറാന്‍ കഴിയുന്നത് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും ഇര്‍ഷാദ് മാഡിസം ഡിജിറ്റലിന് നടത്തിയ അഭിമുഖത്തില്‍ പറയുന്നു.
‘വാനപ്രസ്ഥം ചെയ്തത് എങ്ങനെയാണെന്ന് താന്‍ മറന്നുപോയെന്നാണ് കഴിഞ്ഞ ദിവസം ലാലേട്ടന്‍ തമാശയോടെ പറഞ്ഞത്. കമലദളത്തില്‍ നൃത്തം പഠിക്കാതെയാണ് ഒരു നൃത്താധ്യാപകനായി അഭിനയിച്ചിുള്ളത്. മോനിഷയെയും വിനീതിനെയും പോലെ വലിയ നര്‍ത്തകരായ അഭിനേതാക്കളുടെ മുന്‍പിലാണ് അവരുടെ അധ്യാപകനായി ലാലേട്ടന്‍ ആ വേഷം ചെയ്ത് ഫലിപ്പിച്ചിട്ടുള്ളത്. ഒരു അഭിനേതാവെന്ന നിലയില്‍ എനിക്ക് ആലോചിക്കാന്‍ പറ്റാത്ത കാര്യമാണത്.
ജീവിതത്തില്‍ നമ്മള്‍ ഒരുപാട് ഡൗണ്‍ ടു എര്‍ത്തായ ആളുകളെ കണ്ടിട്ടുണ്ടാവും. പക്ഷേ ലാലേട്ടനെ പോലെ ഇത്രയും ഉയരത്തില്‍ നില്‍ക്കുന്ന, ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അടക്കം നേടി ഇനിയതിനപ്പുറത്തേക്ക് ഒന്നുമില്ല എന്ന ഘട്ടത്തില്‍ നില്‍ക്കുന്ന ആള്‍ ഇത്രയധികം സിംപിളാവുന്നത് അവിശ്വസനീയമായ കാര്യമാണ്’ ഇര്‍ഷാദ് പറയുന്നു.
ഇതൊരിക്കലും കാണിക്കാന്‍ വേണ്ടി ചെയ്യുന്നതല്ലെന്ന് താരം പറയുന്നു. ആരെയെങ്കിലും കാണിക്കാന്‍ വേണ്ടിയാണെങ്കില്‍ നമുക്ക് പെട്ടെന്ന് തന്നെ അത് മനസ്സിലാവുമെന്നും ഇത് അദ്ദേഹത്തിന്റെ പ്രകൃതമാണെന്നും ഇര്‍ഷാദ് കൂട്ടിച്ചേര്‍ത്തു. വളരെ ജനുവിന്‍ ആയിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഹൈറ്റ് കൂടുംതോറും ലാലേട്ടന്റെ ലാളിത്യം കൂടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ കവിതയെഴുതാറുള്ള കാര്യവും വായിക്കാറുള്ള കാര്യവും ലാലേട്ടനറിയാം , അതുകൊണ്ട് തന്നെ എന്നെ എപ്പോള്‍ കണ്ടാലും ‘ഏതാ മോനെ പുതിയ കവിത’ എന്ന് ചോദിക്കും. ഒരിക്കല്‍ ഞാന്‍ മീന്‍വണ്ടി കാത്തിരിക്കുന്ന പൂച്ചയുടെ കവിത പാടികൊടുത്തിരുന്നു. ഷൂട്ടിന് ശേഷം എന്നോട് പറഞ്ഞത് അടുത്ത കവിതക്കായി മീന്‍ വണ്ടി കാത്തിരിക്കുന്ന പൂച്ചയെപ്പോലെ ഞാന്‍ കാത്തിരിക്കും എന്നാണ്. അത്രക്കും സിംപിളാണ് ലാലേട്ടന്‍’ ഇര്‍ഷാദ് അലി പറയുന്നു.
Content Highlight: Irshad Ali shares the relationship with Mohanlal