നായക നടനായും സഹനടനായും മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേതാവാണ് ഇര്‍ഷാദ് അലി.
സിബി മലയില്‍ സംവിധാനം ചെയ്യ്ത് 1998ല്‍ പുറത്തുവന്ന ‘പ്രണയവര്‍ണങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് ഇര്‍ഷാദ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. ടി. വി ചന്ദ്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2003ല്‍ പുറത്തിറങ്ങിയ പാഠം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചത്.
ഇപ്പോള്‍ സിനിമയേക്കുറിച്ചുള്ള ഓര്‍മകളും അനുഭവങ്ങളും പങ്കുവെക്കുകയാണ് ഇര്‍ഷാദ്. നിലനിന്ന് പോകാന്‍ ഏറെ ബുദ്ധിമുട്ടുള്ള മേഖലയാണ് സിനിമയെന്നും മുപ്പത് വര്‍ഷത്തോളം ഇങ്ങനെയോരു മേഖലയില്‍ നിലനില്‍ക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ടെന്നും ഇര്‍ഷാദ് പറയുന്നു. ക്യാന്‍ ചാനല്‍ മീഡിയയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഷാദ് അലി.
‘വളരെധികം തിരിച്ചടികളുണ്ടാകുന്ന മേഖലയാണ് സിനിമ. അവിടെയൊരു പ്രത്യേകസമയത്ത് രക്ഷപ്പെട്ടില്ലെങ്കില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ് എന്റെ കണ്‍മുന്നില്‍ കൊഴിഞ്ഞുപോയ ഒരുപാട് സാങ്കേതിക പ്രവര്‍ത്തകരും നടന്‍മാരുമുണ്ട്.
പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ എന്റെ കൂടെ അഭിനയിച്ചവര്‍ ഇപ്പോഴും ചാന്‍സ് ചോദിച്ച് വരുന്നത് കാണാറുണ്ട്,’ ഇര്‍ഷാദ് അലി പറയുന്നു.
പാഠം ഒന്ന്: ഒരു വിലാപം സിനിമയുടെ സമയത്ത് സംവിധായകനോട് പിണങ്ങിയതിനെ കുറിച്ചും ഇര്‍ഷാദ് അലി സംസാരിച്ചിരുന്നു.
‘ഒരു ദിവസം ചന്ദ്രേട്ടന്‍ (ടി.വി ചന്ദ്രന്‍) എന്നെ വിളിച്ചിട്ട് ‘ഒരു പടം ചെയ്യാന്‍ പോകുന്നുണ്ട്. നീയാണ് നായകന്‍’ എന്ന് പറഞ്ഞു. നായിക മീര ജാസ്മിന്‍ ആണെന്നും പറഞ്ഞു. അതുകേട്ടതും ഞാന്‍ ആകെ എക്സൈറ്റഡായി. അങ്ങനെയാണ് ഞാന്‍ പാഠം ഒന്ന്: ഒരു വിലാപം എന്ന സിനിമയിലേക്ക് എത്തുന്നത്.
ആ സിനിമയുടെ സമയത്ത് ഞാന്‍ അദ്ദേഹത്തോട് ചെറുതായി പിണങ്ങുകയൊക്കെ ചെയ്തിരുന്നു. ഷൂട്ട് നടക്കുമ്പോള്‍ ഒരു തമാശ ഉണ്ടാകുമായിരുന്നു. എന്റെ ടേക്ക് എപ്പോഴും ഒന്നോ രണ്ടോ തവണ മാത്രമാകും. ഒന്നോ രണ്ടോ തവണ എടുത്തിട്ട് അവസാനിപ്പിക്കും. മീര ജാസ്മിനോട് മാത്രം ‘അങ്ങനെയല്ല മോളെ. ഇങ്ങനെ ചെയ്യണം’ എന്നൊക്കെ പറഞ്ഞ് കുറേ ടേക്ക് എടുപ്പിക്കും.
അന്ന് ആ ഷൂട്ടിങ് കാണുമ്പോള്‍ എന്താണ് ഇങ്ങനെയെന്ന് ഞാന്‍ ചിന്തിക്കുമായിരുന്നു. എന്റെ സീന്‍ മാത്രം ഒറ്റ ടേക്കില്‍ അവസാനിപ്പിക്കുന്നു എന്ന ചിന്തയായിരുന്നു എനിക്ക്.
ഞാന്‍ ആ കാര്യ പറഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍ പറഞ്ഞത് ‘നിന്നില്‍ ആ റസാഖ് എന്ന കഥാപാത്രമുണ്ട്. നീ വെറുതെ ഡയലോഗ് പറഞ്ഞ് പോയാല്‍ മതിയാകും. അല്ലാതെ നീ അഭിനയിക്കാന്‍ നില്‍ക്കണ്ട. അഭിനയിച്ചാല്‍ കുളമാകും. അതുകൊണ്ടാണ് നിന്നെ കൊണ്ട് കൂടുതല്‍ ചെയ്യിക്കാത്തത്’ എന്നായിരുന്നു,’ ഇര്‍ഷാദ് അലി പറഞ്ഞു.