ടെഹ്‌റാന്‍: ധനമന്ത്രിക്ക് പിന്നാലെ ഇറാനിയന്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് ജവാദ് സരീഫ് രാജി വെച്ചതായി റിപ്പോര്‍ട്ട്. 2015ല്‍ ഇദ്ദേഹം വിദേശകാര്യ മന്ത്രി ആയിരിക്കുമ്പോഴാണ് ഇറാന്‍ സുപ്രധാനമായ ആണവക്കരാറില്‍ പങ്കാളിയായത്.
‘എനിക്കും എന്റെ കുടുംബത്തിനും ഭയാനകമായ അപമാനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു, എന്റെ 40 വര്‍ഷത്തെ സേവനത്തിലെ ഏറ്റവും കയ്‌പേറിയ കാലഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോയത്. സര്‍ക്കാരിനുമേല്‍ കൂടുതല്‍ സമ്മര്‍ദം ഒഴിവാക്കാന്‍, ജുഡീഷ്യറി മേധാവി എന്നോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ ഉടന്‍ തന്നെ അത് അംഗീകരിച്ചു,’ ജവാദ് സരീഫ് പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. സരീഫിന്റെ രാജി സംബന്ധിച്ച വാര്‍ത്ത ഇറാന്‍ സ്റ്റേറ്റ് മീഡിയ ആ ഇര്‍ന (ഇസ്‌ലാമിക് റിപബ്ലിക് ന്യൂസ് ഏജന്‍സി)യാണ് പുറത്തുവിട്ടത്.
ജൂലൈയില്‍ ഇറാന്‍ പ്രസിഡന്റ് ആയി മസൂദ് പെസഷ്‌കിയാന്‍ ചുമതലയേറ്റതോടെയാണ് ജവാദ് സരീഫിനെ വൈസ് പ്രസിഡന്റായി നിയമിച്ചത്. പക്ഷേ രണ്ടാഴ്ചയ്ക്കുള്ളില്‍ സരീഫ് രാജിവച്ചു. എന്നാല്‍ അതേ മാസം അവസാനം വീണ്ടും സ്ഥാനമേറ്റു.
2015ലെ ആണവ കരാറിനായുള്ള നീണ്ട ചര്‍ച്ചകളിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര വേദികളില്‍ പ്രശസ്തനായത്. മൂന്ന് വര്‍ഷത്തിന് ശേഷം, ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായപ്പോള്‍ അമേരിക്ക കരാറില്‍ നിന്ന് പിന്മാറുകയും ഇറാനുമേല്‍ വീണ്ടും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ കരാര്‍ അട്ടിമറിക്കപ്പെട്ടു.
അമേരിക്കയില്‍ ജനിച്ച തന്റെ കുട്ടികള്‍ക്ക് ഇരട്ട പൗരത്വമുണ്ടെന്നാരോപിച്ച് ജവാദ് സരീഫ് നിരന്തരമായ വിമര്‍ശനങ്ങള്‍ നേരിടുന്നു. പാശ്ചാത്യലോകവുമായി ബന്ധമുള്ള വ്യക്തികളെ ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കുന്ന 2022ലെ നിയമത്തിന്റെ ലംഘനമാണ് അദ്ദേഹത്തിന്റെ നിയമനമെന്നായിരുന്നു പ്രധാന വിമര്‍ശനം. വിമര്‍ശിച്ചവരില്‍ പലരും അമേരിക്കയുമായുള്ള ആണവ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകളെ എതിര്‍ത്തിരുന്നവരായിരുന്നു.
മിതവാദിയായ ഹസ്സന്‍ റൂഹാനിയുടെ സര്‍ക്കാരില്‍ 2013നും 2021നും ഇടയില്‍ ഇറാനിലെ വിദേശകാര്യമന്ത്രിയായിരുന്ന സരിഫ്, പെസഷ്‌കിയനൊപ്പം പ്രസിഡന്റ് സ്ഥാനത്തേക്കും നിര്‍ദേശിക്കപ്പെട്ടിരുന്നു.