അന്ന് വീഡിയോ ടേപ്പ് വിവാദത്തെ തുടര്‍ന്ന് ഇറാന്‍ വിട്ടു; ഇന്ന് കാനില്‍ മികച്ച നടിയായി സാര്‍ അമീര്‍ ഇബ്രാഹിമി
Film News
അന്ന് വീഡിയോ ടേപ്പ് വിവാദത്തെ തുടര്‍ന്ന് ഇറാന്‍ വിട്ടു; ഇന്ന് കാനില്‍ മികച്ച നടിയായി സാര്‍ അമീര്‍ ഇബ്രാഹിമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th May 2022, 1:05 pm

ഫ്രാന്‍സിലേക്ക് പലായനം ചെയ്ത ഇറാനിയന്‍ നടി സാര്‍ അമീര്‍ ഇബ്രാഹിമിക്ക് 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം. ഹോളി സ്‌പൈഡറിലെ പ്രകടനത്തിനാണ് സാര്‍ അമീര്‍ ഇബ്രാഹിക്ക് പുരസ്‌കാരം ലഭിച്ചത്.

സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട അപവാദ പ്രചരണങ്ങളെ തുടര്‍ന്നാണ് ഇബ്രാഹിമി ഇറാന്‍ വിട്ടത്. ഇറാനിയന്‍ പുണ്യനഗരമായ മഷാദിലെ വേശ്യകളുടെ കൊലപാതക പരമ്പരയുടെ കാരണം കണ്ടു പിടിക്കാന്‍ ശ്രമിക്കുന്ന പത്രപ്രവര്‍ത്തകയുടെ വേഷമാണ് ഹോളി സ്‌പൈഡറില്‍ സാര്‍ അമീര്‍ അവതരിപ്പിച്ചത്.

‘ഒരുപാട് ദൂരം സഞ്ചരിച്ചതിന് ശേഷമാണ് ഇന്ന് രാത്രി ഈ വേദിയില്‍ ഞാന്‍ വന്നത്. ആ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. അത് അപമാനകരമായിരുന്നു, ഒറ്റപ്പെടലായിരുന്നു, എന്നാല്‍ എനിക്ക് കൂട്ടായി സിനിമ ഉണ്ടായിരുന്നു. ഇന്ന് വളരെ സന്തോഷത്തോടെയാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്‍ക്കുന്നത്,’ അവര്‍ പറഞ്ഞു.

‘ഈ സിനിമ സ്ത്രീകളെക്കുറിച്ചാണ്, ഇത് അവരുടെ ശരീരത്തെക്കുറിച്ചാണ്, മുഖം, മുടി, കൈകള്‍, കാലുകള്‍, സ്തനങ്ങള്‍, ലൈംഗികത, ഇറാനില്‍ കാണിക്കാന്‍ കഴിയാത്തതെല്ലാം നിറഞ്ഞ സിനിമ,” ഇബ്രാഹിമി പറഞ്ഞു.

സംവിധായകന്‍ അലി അബ്ബാസിന് നന്ദി പറഞ്ഞ ഇബ്രാഹിമി പ്രാക്ടിക്കലി സിനിമയാണ് തന്റെ ജീവിതം രക്ഷിച്ചതെന്നും കൂട്ടിച്ചേര്‍ത്തു. ഇറാനിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സോപ്പ് ഓപ്പറകളിലൊന്നായ നര്‍ഗെസിലെ സഹതാരമായുള്ള പ്രകടനത്തിലൂടെ തന്റെ ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ ഇബ്രാഹിമി ഒരു താരമായി മാറിയിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ ഇബ്രാഹിമിയുടേതെന്ന പേരില്‍ പുറത്ത് വന്ന വീഡിയോ അവരുടെ ജീവിതവും കരിയറും തകര്‍ത്തു. ഇതിനെ തുടര്‍ന്നാണ് ഇബ്രഹാമി ഫ്രാന്‍സിലേക്ക് പലായനം ചെയ്തത്.

അലി അബ്ബാസി സംവിധാനം ചെയ്ത ഹോളി സ്‌പൈഡര്‍, 2000 കളുടെ തുടക്കത്തില്‍ വേശ്യകളെ കൊല്ലുകയും ‘സ്‌പൈഡര്‍ കില്ലര്‍’ എന്ന് അറിയപ്പെടുകയും ചെയ്ത ഒരു തൊഴിലാളിവര്‍ഗത്തിന്റെ യഥാര്‍ത്ഥ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മിച്ചത്. ഇറാനില്‍ ജനിച്ച അലി അബ്ബാസി ഡെന്മാര്‍ക്കിലാണ് ഇപ്പോള്‍ താമസിക്കുന്നത്.

ഇറാനില്‍ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ജോര്‍ദാനിലാണ് ഹോളി സ്‌പൈഡറിന്റെ ചിത്രീകരണം നടന്നത്. ഇറാനില്‍ ചിത്രം നിരോധിക്കാന്‍ സാധ്യതയുണ്ട്.

ചിത്രം കടപ്പാട്: മിഡില്‍ ഈസ്റ്റ് ഐ

Content Highlight: Iranian actress Zar Amir Ebrahimi who exiled to France won the Best Actress award at the 75th Cannes Film Festival