തമ്മിലടിപ്പിക്കാനാണ് ശ്രമം, ഒന്നിച്ച് നില്‍ക്കണമെന്ന് ഇറാഖിനോട് ഇറാന്‍
World News
തമ്മിലടിപ്പിക്കാനാണ് ശ്രമം, ഒന്നിച്ച് നില്‍ക്കണമെന്ന് ഇറാഖിനോട് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th February 2021, 2:45 pm

 

ടെഹ്‌റാന്‍: ഇറാന്‍-ഇറാഖ് നയതന്ത്ര ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരിഫ്. ഇറാഖ് മന്ത്രി ഫുവാദ് ഹുസൈനുമായുള്ള കൂടിക്കാഴ്ചയിലാണ് പേരെടുത്ത് പറയാതെ അമേരിക്കന്‍ ഇടപെടലുകളെ ശക്തമായ ഭാഷയില്‍ സരിഫ് അപലപിച്ചത്.

അതിര്‍ത്തികളില്‍ ഇറാഖി, സിറിയ സേനകളെ പരിശോധിക്കുന്ന യു.എസ് നടപടി ഒരു രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് സരിഫ് കുറ്റപ്പെടുത്തി.

ഇറാഖില്‍ നടന്ന സംശയാസ്പദമായ ആക്രമണം ഇറാന്‍- ഇറാഖ് ബന്ധത്തില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും സരിഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം അമേരിക്ക സിറിയയിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ക്കെതിരെ വ്യോമാക്രമണം നടത്തിയിരുന്നു. ഇതില്‍ ശക്തമായ വിമര്‍ശനം ഉയരുന്നതിന് പിന്നാലെയാണ് ഇറാന്‍-ഇറാഖ് ബന്ധത്തിലും വിള്ളലുകള്‍ വീഴ്ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സരിഫ് കുറ്റപ്പെടുത്തിയത്. ഒന്നിച്ച് നിന്ന് മുന്നോട്ടുപോകുമെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ ഇറാഖും ഇറാനും വ്യക്തമാക്കി.

അതേസമയം സിറിയയിലെ വ്യോമാക്രമണത്തില്‍ പ്രസിഡന്റ് ബൈഡനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. 2011 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം പ്രസിഡന്റിന് യുദ്ധവുമായി ബന്ധപ്പെട്ട് അനുവദിച്ചു നല്‍കിയ പ്രത്യേകാധികാരത്തിന്റെ ദുരുപയോഗമാണ് ഈ ആക്രമണമെന്നാണ് വിമര്‍ശനമുയരുന്നത്. കോണ്‍ഗ്രസ് പ്രതിനിധികളടക്കമുള്ളവരാണ് ആക്രമണത്തിന്റെ നിയമസാധുത ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

അന്താരാഷ്ട്ര സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 22 പേരാണ് സിറിയയിലെ അമേരിക്കന്‍ ആക്രമണത്തില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടത്. ഇറാഖിലെ യു.എസ് ട്രൂപ്പുകള്‍ക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിനുള്ള തിരിച്ചടിയായിട്ടായിരുന്നു അമേരിക്ക ഈ ആക്രമണം നടത്തിയത്.

‘പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശ പ്രകാരം കിഴക്കന്‍ സിറിയയിലെ ഇറാന്‍ പിന്തുണക്കുന്ന മിലിറ്റന്റ് ഗ്രൂപ്പുകള്‍ അധിവസിക്കുന്ന മേഖലയില്‍ ആക്രമണം നടത്തി. അവരുടെ ക്യാമ്പുകള്‍ക്കും മറ്റു സൗകര്യങ്ങള്‍ക്കും നേരെയാണ് ആക്രമണം നടത്തിയത്,’ പെന്റഗണ്‍ പ്രതിനിധി ജോണ്‍ കിര്‍ബി പറഞ്ഞു.ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം ഇറാഖ് നേരിട്ട് പിന്തുണക്കുന്ന ഹാഷേദ് അല്‍-ഷാബി പാരാ മിലിട്ടറി ഫോഴ്സിലുള്ളവരാണെന്നാണ് സിറിയയിലെ മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചത്.

ഇറാനെതിരെ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുന്നതുമായും ജി.പി.സി.സി.ഒ.എ ആണവ കരാറിലേക്ക് തിരിച്ചുവരുന്നതുമായും ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കാനിരിക്കേയാണ് ആക്രമണം നടത്തിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight:Zarif calls attacks and events in Iraq suspicious: Iran Iraq Relation