ബി1 പാലം തകര്‍ത്തതിന് മറുപടി നല്‍കുമെന്ന് ഇറാന്‍; യു.എ.ഇയിലെ ഷെയ്ഖ് സായിദ് പാലം ഉള്‍പ്പെടെ എട്ട് പാലങ്ങള്‍ ഹിറ്റ് ലിസ്റ്റില്‍
Iran US Conflict
ബി1 പാലം തകര്‍ത്തതിന് മറുപടി നല്‍കുമെന്ന് ഇറാന്‍; യു.എ.ഇയിലെ ഷെയ്ഖ് സായിദ് പാലം ഉള്‍പ്പെടെ എട്ട് പാലങ്ങള്‍ ഹിറ്റ് ലിസ്റ്റില്‍
അനിത സി
Friday, 3rd April 2026, 2:58 pm

ടെഹ്‌റാന്‍: ഇറാനിലെ ഏറ്റവും ഉയരം കൂടിയതും നിര്‍മാണത്തിരിലിക്കുന്നതുമായ പാലം തകര്‍ത്ത യു.എസ്-ഇസ്രായേല്‍ ആക്രമണത്തിന് തക്ക മറുപടി നല്‍കുമെന്ന് ഇറാന്‍ സൂചന നല്‍കി.

ഇറാനിയന്‍ മാധ്യമങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങളുടെ ഒരു പട്ടിക പ്രസിദ്ധീകരിച്ചതായി അനഡോലു റിപ്പോര്‍ട്ട് ചെയ്തു.

മേഖലയിലെ വിവിധ രാജ്യങ്ങളിലെ നിരവധി പ്രമുഖ പാലങ്ങള്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ലക്ഷ്യം വെച്ചേക്കാമെന്ന് ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

വ്യാഴാഴ്ച എട്ട് പാലങ്ങളുടെ പട്ടികയാണ് ഇറാന്‍ പുറത്തുവിട്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുവൈത്തിലെ ഷെയ്ഖ് ജാബര്‍ അല്‍-അഹ്‌മദ് അല്‍-സബാഹ് കടല്‍പ്പാലം, സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്വേ, യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീഫ പാലം, ജോര്‍ദാനിലെ കിങ് ഹുസൈന്‍ പാലം, ഡാമിയ പാലം, അബ്ദുണ്‍ പാലം തുടങ്ങിയവയുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇറാനിലെ സുപ്രധാന ഗതാഗതമാര്‍ഗമായി മാറേണ്ടിയിരുന്ന ബി1 പാലത്തിന് നേരെ ആക്രമണമുണ്ടായത്. 1,000 മീറ്റര്‍ നീളവും 136 മീറ്റര്‍ ഉയരമുള്ള ബി1 പാലം തലസ്ഥാന നഗരിയായ ടെഹ്റാനെ പടിഞ്ഞാറന്‍ നഗരമായ കരാജുമായി ബന്ധിപ്പിക്കുന്ന പാതയായിരുന്നു ഇത്.

രണ്ട് ആക്രമണങ്ങളാണ് പാലത്തിന് നേരെയുണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും പാലത്തിന്റെ പ്രധാനഭാഗങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു.

അല്‍ബോര്‍സ് പ്രവിശ്യയിലെ പാലം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബി1 പാലം സ്ഥിതി ചെയ്യുന്ന അല്‍ബോര്‍സ് പ്രവിശ്യയിലുണ്ടായ മറ്റ് ആക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 95 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഡെപ്യൂട്ടി ഗവര്‍ണര്‍ ഗോഡ്രത്തുല്ല സെയ്ഫ് അറിയിച്ചതായി സ്റ്റേറ്റ് ടിവിയും ഫാര്‍സ് വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Eight bridges, including Sheikh Zayed Bridge, in UAE on hit list; Iran says it will respond to the destruction of B1 Bridge

 

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.