ഇസ്രഈലിനെതിരായ യുദ്ധത്തിന് പൂർണസജ്ജം: പെസസ്‌കിയാന്‍
Trending
ഇസ്രഈലിനെതിരായ യുദ്ധത്തിന് പൂർണസജ്ജം: പെസസ്‌കിയാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd July 2025, 4:43 pm

ടെഹ്റാന്‍: ഇസ്രഈലിനെതിരെ യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവ പദ്ധതി തുടരാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധരാണെന്നും പെസസ്‌കിയാന്‍ പറഞ്ഞു. അല്‍ ജസീറയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇറാന്‍ പ്രസിഡന്റിന്റെ പരാമര്‍ശം.

ഇസ്രഈലിനും ഇറാനും ഇടയിലുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ശുഭാപ്തി വിശ്വാസമില്ലെന്നും പെസസ്‌കിയാന്‍ പറഞ്ഞു. ഇസ്രഈലിന്റെ ഏതൊരു സൈനിക നീക്കത്തെയും നേരിടാന്‍ ഇറാന്‍ പൂര്‍ണമായും തയ്യാറാണ്. ഇസ്രഈല്‍ മേഖലകളില്‍ ആക്രമണം നടത്താന്‍ ഇറാന്‍ സേന തയ്യാറാണെന്നും പെസസ്‌കിയാന്‍ പറഞ്ഞു.

ദ്രോഹം ചെയ്ത ഇസ്രഈലിന് ശക്തമായ പ്രഹരമാണ് ഇറാന്‍ ഏല്‍പ്പിച്ചത്. എന്നാല്‍ ഇറാന്റെ ആക്രമണങ്ങളെ തുടര്‍ന്ന് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്ക് ഇസ്രഈല്‍ പുറത്തുവിടുന്നില്ലെന്നും പെസസ്‌കിയാന്‍ പറഞ്ഞു.

ഇറാനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാനാണ് ഇസ്രഈല്‍ പദ്ധതിയിട്ടത്. രാജ്യത്തെ സൈനിക നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും ഇസ്രഈല്‍ കൊലപ്പെടുത്തി. ആണവ കേന്ദ്രങ്ങളില്‍ കേടുപാടുകള്‍ വരുത്തി. എന്നാല്‍ ഇസ്രഈലിന്റെ പദ്ധതി പൂര്‍ണമായും പരാജയപ്പെടുകയാണ് ചെയ്തതെന്നും പെസസ്‌കിയാന്‍ പറഞ്ഞു.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെയും പെസസ്‌കിയാന്‍ പ്രതികരിച്ചു. ഇറാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കരുതെന്ന് യു.എസ് പറയുന്നു. ആണവായുധങ്ങളെ നിരസിക്കുക എന്നത് ഇറാന്റെ രാഷ്ട്രീയ-മത-മാനുഷികമായതുമായ തന്ത്ര നിലപാടായതിനാല്‍ യു.എസിന്റെ ആവശ്യം തങ്ങള്‍ അംഗീകരിക്കുന്നു.

എന്നാല്‍ ഇറാന്റെ ആണവ പദ്ധതികള്‍ അവസാനിച്ചുവെന്ന ട്രംപിന്റെ അവകാശവാദം വെറും മിഥ്യയാണെന്നും പെസസ്‌കിയാന്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ആണവ ശേഷി രാജ്യത്തെ ശാസ്ത്രജ്ഞരുടെ മനസിലാണെന്നും കെട്ടിടങ്ങള്‍ക്കുള്ളിലല്ലെന്നും പ്രസിഡന്റ് പറഞ്ഞു.

ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രഈല്‍ ഇറാനില്‍ ആക്രണം നടത്തിയത്. 12 ദിവസം നീണ്ടുനിന്ന സംഘര്‍ഷത്തില്‍ ഇറാനില്‍ 1000ത്തോളം പേരും ഇസ്രഈലില്‍ 28 പേരും കൊല്ലപ്പെട്ടു. സംഘര്‍ഷം രൂക്ഷമായതോടെ ലോകരാജ്യങ്ങള്‍ ഇരുരാജ്യങ്ങളോടും സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇറാനും ഇസ്രഈലും വെടിനിര്‍ത്തല്‍ കരാറിലെത്തുകയും ചെയ്തു.

ഇതിനിടെ ഇസ്രഈലിനെതിരെ ശക്തമായി തിരിച്ചടിച്ച ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ ഇറാന് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടയത്. തുടര്‍ന്ന് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പ്രസ്തുത വാദം നിഷേധിച്ച് പെന്റഗണ്‍ രംഗത്തെത്തിയതോടെ ട്രംപ് മൗനത്തിലാകുകയും ചെയ്തു.

രാജ്യത്തെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള യു.എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച്, ഖത്തറിലെ അല്‍ ഉദൈദ് താവളത്തില്‍ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഇത് ഖത്തറിനും അവിടുത്തെ ജനങ്ങള്‍ക്കുമെതിരായ ആക്രമണമല്ലെന്നും പെസസ്‌കിയാന്‍ അല്‍ ജസീറയോട് പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷത്തിന് ശേഷം പെസസ്‌കിയാന്‍ നല്‍കിയ ആദ്യ അഭിമുഖം കൂടിയാണിത്.

Content Highlight: Fully prepared for war against Israel: Iran Prasident Pezeshkian