അമേരിക്കയുമായി അനാവശ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഇറാന്‍ തിടുക്കം കാണിക്കില്ല: ഇറാന്‍ വിദേശകാര്യമന്ത്രി
Iran America Nuclear Deal
അമേരിക്കയുമായി അനാവശ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഇറാന്‍ തിടുക്കം കാണിക്കില്ല: ഇറാന്‍ വിദേശകാര്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th July 2025, 2:08 pm

ടെഹ്‌റാന്‍: അമേരിക്കയുമായി അനാവശ്യ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ ഇറാന്‍ തിടുക്കം കാണിക്കുന്നില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി. ഇപ്പോള്‍ ഇറാന്‍ മുന്‍ഗണന കൊടുക്കുന്നത് രാജ്യത്തിന്റെ താത്പര്യത്തിനാണെന്നും അരഗ്ച്ചി പറഞ്ഞു. നയതന്ത്ര പ്രതിനിധികളുമായും അംബാസഡര്‍മായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ നിലവില്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. എല്ലാ വശങ്ങളും തൂക്കിനോക്കിയാണ് ഞങ്ങള്‍ അത് ചെയ്യുന്നത്. ഇറാനിയന്‍ ജനതയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏത് സാഹചര്യത്തിലും ഞങ്ങള്‍ വേണ്ട കാര്യങ്ങള്‍ ചെയ്യും,’ അബ്ബാസ് അരഗ്ച്ചി പറഞ്ഞു.

ഇറാന് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍  രാജ്യത്തിന്‌ നേരെയുള്ളതല്ലെന്നും മറിച്ച് നയതന്ത്രത്തിന് നേരെയുള്ളതാണെന്നും അരഗ്ച്ചി കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷെ അമേരിക്ക ഇനിയും ചര്‍ച്ചകള്‍ക്കായി സമ്മര്‍ദം ചെലുത്തുകയാണെങ്കില്‍ അവരുടെ ചെയ്തികള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന പൂര്‍ണ ബോധ്യം ഉണ്ടെങ്കില്‍ മാത്രമെ അത് നടക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചാ മേശയില്‍ നേടാന്‍ കഴിയാത്തത്, ആക്രമണത്തിലൂടെ നേടാന്‍ ശ്രമിക്കില്ലെന്ന് അമേരിക്ക ഇറാനെ ബോധ്യപ്പെടുത്തണമെന്ന് അരാഗ്ചി പറഞ്ഞു. എന്നാല്‍ മാത്രമെ ചര്‍ച്ചയ്ക്ക് തയ്യാറാവുകയുള്ളൂ. അടുത്തിടെ നടന്ന യുദ്ധം വീരോചിതമായി രാജ്യം പോരാടിയെന്നും ഈ യുദ്ധത്തില്‍ ജയിച്ചത് ഇറാനും ഇറാന്‍ ജനതയുമാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും യുദ്ധം വിജയിച്ചവര്‍ക്ക് ചര്‍ച്ചകളെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനെതിരായ ഉപരോധങ്ങള്‍ തിരികെ കൊണ്ടുവരാന്‍ യു.എന്നില്‍ സമ്മര്‍ദം ചെലുത്തുന്ന യൂറോപ്യന്‍ രാജ്യങ്ങളേയും അരഗ്ച്ചി വിമര്ശിച്ചു. ഇറാനില്‍ യു.എസ് ആക്രമണം നടത്തിയതിന് തുല്യമാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ ഇത്തരം നടപടിയെന്നും അരഗ്ചി പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങള്‍ അവരുടെ സ്‌നാപ്പ്ബാക്ക് സംവിധാനം തുടരുകയാണെങ്കില്‍ അത് ഇറാന്റെ ന്യൂക്ലിയാര്‍ പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ ദുഷ്‌കരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുമായി പരോക്ഷ ആണവ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അതേ സമയത്താണ് ഇറാന്‍ ഫ്രാന്‍സ്, ജര്‍മനി, യു.കെ എന്നീ രാജ്യങ്ങളുമായി ഇറാന്‍ ബന്ധപ്പെട്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഇപ്പോഴും നയതന്ത്രത്തില്‍ പങ്ക് വഹിക്കാന്‍ കഴിയുമെന്നും അരഗ്ച്ചി ആവര്‍ത്തിച്ചു.

Content Highlight: Iran has no rush to talk with US says Abbas Araghchi