ഇസ്രഈൽ-യു.എസ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച ബ്രിക്‌സിനെ പ്രശംസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി
World News
ഇസ്രഈൽ-യു.എസ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച ബ്രിക്‌സിനെ പ്രശംസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th July 2025, 10:46 am

ടെഹ്‌റാൻ: ഇറാനെതിരെ ഇസ്രാഈലും അമേരിക്കയും നടത്തിയ ആക്രമങ്ങളെ അപലപിച്ച ബ്രിക്സ് നേതാക്കളെ പ്രശംസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെത്തിയ അരാഗ്ചി ഇന്നലെ (തിങ്കളാഴ്ച) തന്റെ എക്‌സ് പോസ്റ്റിലൂടെയായിരുന്നു പ്രശംസിച്ചത്.

‘അടുത്തിടെ ഇറാനെതിരെയുണ്ടായ ഇസ്രഈലി, യു.എസ് സൈനിക ആക്രമണത്തെ ബ്രിക്‌സ് ശക്തമായ രീതിയിൽ അപലപിച്ചതിന് ഇറാൻ നന്ദിയുള്ളവരാണ്,’ അരാഗ്ചി പറഞ്ഞു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്ക് കീഴിലുള്ള ഇറാനിയൻ സിവിലിയൻ ഇൻഫ്രാസ്ട്രക്ചറിനും ആണവ സൈറ്റുകൾക്കും നേരെയുള്ള മനപൂർവമായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബ്രിക്സ് സംഘം സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഇറാന് ബ്രിക്സ് രാജ്യങ്ങൾ പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ മാസം ഇസ്രഈലും യു.എസും ഇറാന് നേരെ നടത്തിയ യുദ്ധത്തെ ബ്രിക്സ് അപലപിച്ചു. 12 ദിവസത്തെ യുദ്ധത്തിലുടനീളം ഇസ്രഈലും യു.എസും ഇറാന്റെ ആണവ പദ്ധതിക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണങ്ങൾ നടത്തിയിരുന്നു.

‘2025 ജൂൺ 13 മുതൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനെതിരെ നടന്ന സൈനിക ആക്രമണങ്ങളെ ഞങ്ങൾ അപലപിക്കുന്നു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും സമാധാനപരമായ ആണവ സൗകര്യങ്ങൾക്കും നേരെയുള്ള ബോധപൂർവമായ ആക്രമണങ്ങളിൽ ഞങ്ങൾ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുന്നു,’ ബ്രിക്സ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.

ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജി.ഡി.പി) 40 ശതമാനം വരുന്നതും ലോക ജനസംഖ്യയുടെ പകുതിയോളം വരുന്നതുമായ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഒത്തുകൂടിയതായി അരാഗ്ചി തന്റെ പോസ്റ്റിൽ പറഞ്ഞു.

അതേസമയം ഇന്നലെ ബ്രിക്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇറാനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചാല്‍ ഇസ്രഈലും അതിന്റെ മുഴുവന്‍ മേഖലയും കഷ്ടപ്പെടുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. ഇറാനിലെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര തലത്തില്‍ പ്രാബല്യത്തില്‍ വന്ന പ്രമേയങ്ങളുടെയും ഉടമ്പടികളുടെയും ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയുമായി ആറാംഘട്ട ആണവ ചര്‍ച്ച നടക്കാനിരിക്കെയാണ് ഇസ്രഈല്‍ ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ജൂണ്‍ 13ന് ഇറാനിലെ സൈനിക, ആണവ, സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രഈല്‍ ആക്രമണം നടത്തുകയായിരുന്നു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇറാനും ശക്തമായി തിരിച്ചടിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ 935 ആളുകളാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. 5332 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം ഇറാന്റെ ആക്രമണങ്ങളില്‍ ഇസ്രഈലില്‍ 29 മരണങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. 3400 ലധികം ആളുകള്‍ക്ക് പരിക്കുമേറ്റിരുന്നു.

 

Content Highlight: Iran FM hails BRICS for ‘strong, unequivocal’ condemnation of Israeli-US strikes